Sorry, you need to enable JavaScript to visit this website.

റിലയന്‍സ് ഗ്രൂപ്പ് ചില്ലറ മരുന്നു വില്പനരംഗത്തേക്ക്

കോഴിക്കോട് - കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് ചില്ലറ മരുന്നു വില്പനരംഗത്തേക്ക് കൂടി കാലൂന്നുന്നു. പുതുതായി തുടക്കംകുറിച്ച റിലയന്‍സ് സ്മാര്‍ട്ട് പോയിന്റ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഭാഗമായാണ് സ്മാര്‍ട്ട് പോയിന്റ് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുക. ഈയിടെ ഓണ്‍ലൈന്‍ ഫാര്‍മസി വില്പന രംഗത്തെ പ്രമുഖരായ നെറ്റ് മെഡിന്റെ ഓഹരികള്‍ റിലയന്‍സ് റിട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡ് വാങ്ങിയിരുന്നു. ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തെ മറ്റൊരു പ്രമുഖരായ ആമസോണ്‍ ഫാര്‍മസി ഗ്രൂപ്പിനോട് മത്സരിക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിനോടൊപ്പമാണ് ചില്ലറ മരുന്നുവ്യാപാര രംഗത്തേക്ക് കൂടി അഖിലേന്ത്യാതലത്തിലുള്ള നെറ്റ്‌വര്‍ക്കുമായി റിലയന്‍സ് പ്രവര്‍ത്തിക്കുന്നത്.
അലോപ്പതി മരുന്നുകള്‍, ന്യൂട്രീഷ്യണല്‍ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി ആയൂര്‍വേദ മരുന്നുകള്‍ വരെ ഇവിടെ ഒരുക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ മേഖലകളിലും റിലയന്‍സ് കടന്നുവന്നെങ്കിലും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഇതുവരെ ഇറങ്ങിയിട്ടില്ലായിരുന്നു. ഇതോടെ ഇവരുടെ കടന്നുവരവ് ചില്ലറ മരുന്നുവ്യാപാരമേഖലയെയും സാരമായി ബാധിച്ചേക്കും. കാരണം പത്തുശതമാനം വിലക്കുറവിലായിരിക്കും റിലയന്‍സ് മരുന്നുകള്‍ വില്ക്കുക. എന്നാല്‍ കേരളത്തില്‍ ഇത് മറ്റു സംസ്ഥാനങ്ങളുടെ അത്ര ബാധിക്കുകയില്ല. കാരണം സംസ്ഥാനത്ത് ഏതാനും വര്‍ഷങ്ങളായി മാര്‍ജിന്‍ ഫ്രീ മരുന്നുഷോപ്പുകളായ നീതി, സേവന എന്നിവ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. പലയിടത്തും പത്തുമുതല്‍ ഇരുപതും മുപ്പതും ശതമാനം വിലക്കുറവിലാണ് ഇപ്പോള്‍ തന്നെ മരുന്നുകള്‍ വില്പന നടത്തുന്നത്.

 

Latest News