Sorry, you need to enable JavaScript to visit this website.

വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കുന്നു

പാലക്കാട്- കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും. േകരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്ക് ആ സംസ്ഥാനം ഇ-പാസ് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ടെങ്കിലും തീരുമാനം കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്ക് നിലവില്‍ നിയന്ത്രണങ്ങളില്ല. കാര്യങ്ങളുടെ പോക്ക് ഇപ്പോഴത്തെ രീതിയിലാണെങ്കില്‍ അതിര്‍ത്തിക്കിരുവശവും വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവും. കഴിഞ്ഞ കൊല്ലം ലോക്ഡൗണ്‍ പ്രഖ്യാപിച്ച കാലത്തെപ്പോലെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റമുണ്ടാവുമെന്ന് ഉറപ്പാണ്. വിഷുവിന്റെ അവധി ദിവസങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാനവും നടപടികളിലേക്ക് നീങ്ങും.
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഒരിടവേളക്കു ശേഷം കഴിഞ്ഞ മാസം രണ്ടാം വാരം മുതല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് നിബന്ധനകള്‍ വെച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ റവന്യൂ, പോലീസ്, ആരോഗ്യവകുപ്പുകള്‍ പരിശോധിച്ചതിനു ശേഷമേ സംസ്ഥാനത്ത് നിന്ന് അങ്ങോട്ട് ആളുകളെ പ്രവേശിപ്പിക്കുന്നുള്ളൂ. തമിഴ്‌നാട് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് യാത്രക്ക് അനുമതി വാങ്ങണമെന്നാണ് ചട്ടം. ആദ്യഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ക്കേ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് അത് കാല്‍നടയായി അതിര്‍ത്തി കടന്ന് ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്കും ബാധകമാക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും പിന്നീട് അയവുണ്ടായി. തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇ-പാസ് പരിശോധിക്കുന്നതിന് ആരംഭിച്ച കേന്ദ്രത്തില്‍ പലപ്പോഴും ഡ്യൂട്ടിക്ക് ആളുണ്ടാവാറില്ല. അവിടേയും രോഗികളുടെ എണ്ണത്തി ല്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മെല്ലെപ്പോക്കുനയം. നിയന്ത്രണങ്ങള്‍ കൂടുതലായാല്‍ കൂടുതല്‍ ബാധിക്കുക മലയാളികളെ ആണെന്നതിനാ ല്‍ കേരളത്തിനും അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ വിമുഖതയുണ്ട്. കോയമ്പത്തൂര്‍ നഗരത്തെ ഏറെ ആശ്രയിക്കുന്ന പാലക്കാട്ടെ ആളുകള്‍ക്ക് നടപടി ആശ്വാസകരമാണെങ്കിലും കാര്യങ്ങളുടെ പോക്ക് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News