പുല്‍പള്ളി-വേനല്‍ ശക്തമായതോടെ കബനി നദിയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു. കേരള അതിര്‍ത്തിയിലെ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളി വരെ ഭാഗങ്ങളില്‍ പലേടത്തും അടിത്തട്ടിലെ പാറക്കെട്ടുകള്‍ പുറത്തുകാണാവുന്ന സ്ഥിതിയിലാണ് നദി. നടന്നാണ് ആളുകള്‍ നദി മുറിച്ചുകടക്കുന്നത്. ചില ഭാഗങ്ങളില്‍ മാത്രമാണ് കടത്തുതോണിയിറക്കാന്‍ മാത്രം വെള്ളമുള്ളത്. നദിയില്‍ കബനി ശുദ്ധജല പദ്ധതിയുടെ പമ്പ്ഹൗസ് സ്ഥിതിചെയ്യുന്ന ഭാഗത്തു ജലനിരപ്പ് ഇനിയും താണാല്‍ പമ്പിംഗ് മുടങ്ങും. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ മിക്ക ഭാഗങ്ങളിലും കുടിവെള്ളമെത്തുന്നതു കബനി പദ്ധതിയില്‍നിന്നാണ്. വേനല്‍മഴ തുടര്‍ച്ചയായി പെയ്ത് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ പമ്പിംഗ് മുടങ്ങുമെന്ന ആശങ്കയിലാണ് കുടിവെള്ളത്തിനു കബനി പദ്ധതിയെ ആശ്രയിക്കുന്നവര്‍. കബനിയുടെ കൈവഴികളായ കടമാന്‍തോട്, കന്നാരംപുഴ എന്നിവയിലും പേരിനു മാത്രമാണ് നീരൊഴുക്ക്.
കബനിയുടെ തീരപ്രദേശങ്ങളെ വരള്‍ച്ച ഗ്രസിക്കുകയാണ്. വിണ്ടുകീറുകയാണ് തീരദേശത്തെ ഭൂമി. കൊടുംചൂടേറ്റ് വാടുകയാണ് തോട്ടങ്ങളിലെ കൃഷികള്‍. കൊളവള്ളി, ചാമപ്പാറ, മരക്കടവ്, സീതാമൗണ്ട് പ്രദേശങ്ങളില്‍ ചൂടേറ്റുവാടിയ കാപ്പി, കുരുമുളക് ചെടികള്‍ നാശത്തിന്റെ വക്കിലാണ്. വീട്ടുവളപ്പുകളിലെ കിണറുകളിലും ജലനിരപ്പു കുറയുകയാണ്. വയനാടിന്റെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ചു കബനി തീരത്തെ പ്രദേശങ്ങളില്‍ ഭേദപ്പെട്ട വേനല്‍മഴ ലഭിച്ചില്ല.






