- സാധാരണ അക്കൗണ്ടുകളെ പിന്തുടരുന്നതു പോലെ ഹാഷ് ടാഗും പിന്തുടരാം
സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെ ക്ലിക്ക് ചെയ്താൽ പിന്തുടരാൻ സഹായിക്കുന്ന ഹാഷ് ടാഗ് സംവിധാനം ഇനി ഇൻസ്റ്റാഗ്രാമിലും.
ട്വിറ്ററിലൂടെ ജനപ്രിയമായി മാറി പിന്നീട് ഫേസ് ബുക്കും കൈയടക്കിയ ഹാഷ് ടാഗ് പരീക്ഷണാടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാമിൽ ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ ഔദ്യോഗികമായി അവതരിപ്പിച്ചു.
ഒരു വാക്കിനൊപ്പം ചിഹ്നം ഉപയോഗിക്കുന്നതോടെ ആ വാക്ക് ക്ലിക്ക് ചെയ്യാവുന്ന ലിങ്കായി രൂപപ്പെടുന്നതാണ് ഹാഷ് ടാഗ്.
ഒരേ വിഷയം സോഷ്യൽ മീഡിയാ നെറ്റ് വർക്കിൽ പലർ ചർച്ച ചെയ്യുന്നത് ബന്ധിപ്പിക്കപ്പെടുകയാണ് ഹാഷ് ടാഗിലൂടെ ചെയ്യുന്നത്. പരസ്പരം അറിയാതെ ഒറ്റപ്പെട്ട ചർച്ചകളായി മാറാതിരിക്കാൻ ഇതു സഹായിക്കുന്നു. പ്രത്യേക വിഷയത്തെ കുറിച്ച് മറ്റുള്ളവർ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് ഹാഷ് ടാഗ് വഴി കഴിയും.
ഇൻസ്റ്റാഗ്രാമിൽ ഒരു സുഹൃത്തിനെ ഫോളോ ചെയ്യുന്നതു പോലെ തന്നെ ഹാഷ് ടാഗും ഫോളോ ചെയ്യാം. ഇഷ്ടമുളള വിഷയം സെർച്ച് ചെയ്യുകയോ ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഹാഷ് ടാഗിൽ ക്ലിക്ക് ചെയ്യുകയോ ആകാം. ഇതോടെ ഹഷ് ടാഗ് ഫോളോ ചെയ്യുന്നതിനുള്ള പുതിയ പേജ് തുറന്നുവരും. നിങ്ങളുടെ ഫീഡിൽ ഹാഷ് ടാഗിൽനിന്നുള്ള ടോപ്പ് പോസ്റ്റുകളും കാണാൻ കഴിയും. സുഹൃത്തിനെ അൺ ഫോളോ ചെയ്യുന്നതു പോലെ ഹാഷ് ടാഗും ഏതു സമയത്തും ഫോളോ ചെയ്യുന്നത് അവസാനിപ്പിക്കാം.
ശ്രോതാക്കൾക്ക് ഓരോ ആഴ്ചയും അവരുടെ അഭിരുചി മനസ്സിലാക്കി പാട്ടുകൾ തെരഞ്ഞെടുത്തു നൽകുന്ന സ്‌പോട്ടിഫൈക്കു പിന്നിലുള്ള മാത്യു ഓഗ്ലെയാണ് ഇൻസ്റ്റാഗ്രാമിന്റെ പുതിയ ഫീച്ചറിനു പിന്നിലും. മെഷീനുകളിലെ നിർമിത ബുദ്ധി കൂടി ഉപയോഗപ്പെടുത്തിയാണ് ഏതാനും ആഴ്ചകളിലെ പരിചയത്തിനു പിന്നാലെ സ്‌പോട്ടിഫൈ പ്ലേ ലിസ്റ്റുകൾ ഉണ്ടാക്കി നൽകുന്നത്. ഇതേ സംവിധാനം ഇൻസ്റ്റാഗ്രാമിൽ എത്തിച്ചിരിക്കയാണ്.
നിങ്ങൾ ഫോളോ ചെയ്യുന്ന ഹാഷ് ടാഗുകൾ നിങ്ങളുടെ പ്രൊഫൈൽ നോക്കുന്ന ആർക്കും കാണാനാവുമെന്ന പരിമിതിയുണ്ട്. ഇത് മറ്റുള്ളവരിൽനിന്ന് അദൃശ്യമാക്കാൻ നിലവിൽ മാർഗമില്ല.
നിങ്ങളുടെ പ്രൊഫൈൽ പ്രൈവറ്റാണെങ്കിൽ നിങ്ങളുടെ ഫോളോവേഴ്‌സിനു മാത്രമേ നിങ്ങൾ പിന്തുടരുന്ന ഹാഷ് ടാഗ് കാണാനാവൂ.