Sorry, you need to enable JavaScript to visit this website.

വൈകിവന്ന രാജി വിവേകം

ഇ.പി.ജയരാജൻ, എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി,മാത്യു ടി.തോമസ് എന്നിവരാണ് വിവിധ ഘട്ടങ്ങളിൽ പിണറായി മന്ത്രി സഭയിൽനിന്ന് രാജിവെച്ചത്. ഒടുവിലിപ്പോൾ തെരഞ്ഞെടുപ്പ് വിധി കാത്തിരിക്കെ കെ.ടി ജലീലും. 

കേരളത്തിൽ നിലവിലുള്ളത് കാവൽ മന്ത്രി സഭയാണെന്ന് എല്ലാവർക്കും അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതുവരെ മാത്രം അധികാരമുള്ള ഭരണ സംവിധാനം. അങ്ങനെയൊരു മന്ത്രിസഭയിലെ അംഗത്തെ ഉടൻ പുറത്താക്കണമെന്ന് ലോകായുക്ത പോലൊരു ജുഡീഷ്യൽ സമിതി ആവശ്യപ്പെടണമെങ്കിൽ കാര്യങ്ങൾ എത്രമാത്രം ഗൗരവമുള്ളതായിരിക്കുമെന്ന് ആലോചിക്കാവുന്നതെയുള്ളു. ഭരണരംഗത്തെ അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതിന് നിലവിൽ വന്ന സംവിധാനമാണ് ലോകായുക്ത.  
വോട്ടെടുപ്പുകഴിഞ്ഞ് ഫലം കാക്കുന്നതിനിടയിൽ, മന്ത്രിസഭയിലെ ഒരംഗത്തെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ആധികാരികമായ ഒരു ജുഡീഷ്യൽസമിതി നിർദേശിക്കുകയെന്നത് അപൂർവങ്ങളിൽ അപൂർവമാണ്. മന്ത്രിക്ക് രാജിവെക്കാനും മുഖ്യമന്ത്രിക്ക് നടപടി സ്വീകരിക്കാനും ഏതാനും ദിവസംമാത്രമാണ് ബാക്കിയുള്ളത്. പൊതുപ്രവർത്തകരുടെപേരിലെ അഴിമതിയാരോപണങ്ങൾ അന്വേഷിക്കുന്നതിനും കേസ് പരിഗണിക്കുന്നതിനുമായി പ്രവർത്തിക്കുന്ന നീതിന്യായ സംവിധാനമാണ് ലോകായുക്ത. അങ്ങനെയൊരു സംവിധാനത്തിൽ നിന്ന് വിധി വന്നശേഷവും മന്ത്രി ജലീൽ പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമം സി.പി.എം പോലൊരു പാർട്ടിക്കുണ്ടാക്കിയ ക്ഷീണം തെല്ലൊന്നുമായിരിക്കില്ല. വർഷങ്ങൾ അതവരെ വേട്ടയാടും.  ജലീൽ പ്രശ്‌നം തുടരുന്ന ഓരോ നിമിഷവും ആ പാർട്ടിയുടെ അണികൾ വല്ലാത്ത അങ്കലാപ്പിലായിരുന്നുവെന്ന് ചാനൽ ചർച്ചകളിലും അല്ലാതെയും  മുതിർന്ന നേതാക്കളിൽനിന്ന് പുറത്ത് വന്ന അഭിപ്രായങ്ങൾ തെളിവായിരുന്നു.  മന്ത്രിമാരും  പൊതുപ്രവർത്തകരും  എന്തുതീരുമാനമെടുക്കുമ്പോഴും   തീരുമാനത്തിനെതിരെയുള്ള  പരാതികേൾക്കാൻ ജുഡീഷ്യൽ അധികാരത്തോടെയുള്ള  ലോകായുക്ത എന്നൊരു സംവിധാനം മുകളിലുണ്ട് എന്ന കാര്യം ഓർത്തിരിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുമാണ് ഈ വിധിയും മന്ത്രി ജലീലിന്റെ രാജിയും.   ലോകായുക്തക്ക് മുമ്പാകെ ഏതൊരു പൗരനും പരാതി നൽകാനാകും. അങ്ങനെ ലഭിച്ച പരാതിയിലാണ് ലോകായുക്തയിലെ ഉന്നത നീതി ന്യായ സംവിധാനം  
ഉന്നതവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്നും വിധിന്യായത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.  വിധിക്ക് കാരണമായ കാര്യം കേരളം രണ്ടര വർഷമായി ചർച്ചചെയ്യുന്നതായതിനാൽ ആർക്കും അറിയാതെയുണ്ടാകില്ല. തന്റെ വകുപ്പിനുകീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ജനറൽ മാനേജരായി അടുത്ത ബന്ധുവിനെ നിയമിച്ചു എന്നതായിരുന്നില്ല കേസിലെ വിഷയം. നിയമനത്തിനായി സ്വീകരിച്ച ക്രമ വിരുദ്ധതയായിരുന്നു കടുത്ത വിമർശം നേരിട്ടത്.   ഇതിന്റെ പേരിൽ ഒരു പാട് കാര്യങ്ങൾ മന്ത്രിക്ക് മാറ്റിയും മറിച്ചു പറയേണ്ടി വന്നിട്ടുണ്ട്.
 പ്രീതിയോ , ഭീതിയോ, വിവേചനമോ കൂടാതെ ചുമതലകൾ നിർവഹിക്കുമെന്ന് ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുന്ന മന്ത്രി മാരിൽ നിന്നുണ്ടാകുന്ന ഇത്തരം തെറ്റുകൾ കണ്ടെത്തിയാൽ ഉടൻ രാജിവെച്ച പാരമ്പര്യമാണ് കേരള ചരിത്രത്തിലുമുള്ളത്. കോടതി വിധിയുടെയും പരാമർശത്തിന്റെയും പേരിൽ എത്രയെത്ര വലിയ നേതാക്കളാണ് കേരളത്തിൽ അധികാരം വിട്ടൊഴിഞ്ഞത്. കോടതിയിൽനിന്ന് പരാമർശമുണ്ടായപ്പോഴോ, വിധി വന്നപ്പോഴോ അവരെല്ലാം  ആദ്യം ചെയ്തത് രാജിവെക്കലാണ്. തുടർന്നായിരുന്നു നിരപരാധിത്വം തെളിയിക്കുന്നതിനുള്ള കാര്യങ്ങൾ നടത്തിയത്. ജലീലും അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇങ്ങനെയൊരു സ്ഥിതി വിശേഷം സംജാതമാകില്ലായിരുന്നു. നിൽക്കക്കള്ളിയില്ലാതെ രാജി എന്ന് എതിരാളികൾ പറയാൻ ഇടവരുത്തിയത് മന്ത്രിയുടെ നിലപാടാണ്.  അടുത്ത ദിവസങ്ങളിൽ എത്രയോ തവണ ജലീലിനെതിരെ രാജി മുറവിളി ഉയർന്നതാണ്. അന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ സംരക്ഷിച്ചു നിർത്തി. ബന്ധു നിയമന വിവാദത്തിൽ ഇ.പി. ജയരാജന് കിട്ടാത്ത സംരക്ഷണം ജലീലിന് ലഭിക്കുന്നു എന്ന മുറുമുറുപ്പ് സി.പി.എമ്മിൽ കത്തിപ്പടരുന്നത് തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞുള്ള ശാന്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മനസ്സിലാക്കിക്കാണും. എന്തു കൊണ്ട് ഇ.പി ജയരാജനും ജലീലിനും രണ്ട് നീതി എന്ന ചോദ്യത്തിന് ധാർമ്മികത വ്യക്തിപരമാണ് എന്നായിരുന്നു മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ ചാനൽ ചർച്ചകളിൽ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ആ നിലപാടിൽ എല്ലാം അടങ്ങിയിരുന്നു. 
ലോകായുക്ത വിധിയെ തള്ളിപ്പറയുന്നതിനെതിരെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ഒടുവിൽ നിലപാട് കടുപ്പിച്ചു.  ഒടുവിലാണ് മന്ത്രി ജലീലിനെ എ.കെ.ജി സെന്ററിൽ വിളിച്ചുവരുത്തി രാജി ചോദിച്ചു വാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കോടിയേരി ബാലകൃഷ്ണനാണ് ജലീലിനെ അറിയിച്ചത്. ഇ.പി.ജയരാജൻ, എ.കെ.ശശീന്ദ്രൻ, തോമസ് ചാണ്ടി,മാത്യു ടി.തോമസ് (ദളിലെ കലഹം കാരണം) എന്നിവരാണ് വിവിധ ഘട്ടങ്ങളിൽ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ഒടുവിലിപ്പോൾ തെരഞ്ഞെടുപ്പ് വിധികാത്തിരിക്കെ കെ.ടി ജലീലും. 


 

Latest News