ചെറുതും ചെലവു കുറഞ്ഞതുമായ ഉപഗ്രഹ വിക്ഷേപിണി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐ.എസ്.ആർ.ഒ) അടുത്ത ലക്ഷ്യം. ഇതിന്റെ രൂപകൽപന ലക്ഷ്യമിട്ടുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി ഇസ്രോയുടെ റോക്കറ്റ് വികസന വിഭാഗം ഡയരക്ടർ കെ. ശിവൻ വെളിപ്പെടുത്തി.
ആവശ്യമാണെങ്കിൽ എൻജിനീയർമാർക്ക് ഒരാഴ്ച കൊണ്ട് അസംബിൾ ചെയ്യാനാകും വിധമാണ് കൊച്ചു ഉപഗ്രഹ വിക്ഷേപിണിയുടെ രൂപകൽപന. ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തിൽ 500-600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ എത്തിക്കാൻ കഴിയുന്നതാകും ഈ വിക്ഷേപിണി.
വിക്രംസാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) രൂപം നൽകിയ റോക്കറ്റ് ടെക്നോളജി വാഹനം ഇസ്രോയുടെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കയാണ്. പുതിയ ലോഞ്ചറിന് അത്യാധുനിക ഇലക്ട്രോണിക് സാങ്കേതിക വിദ്യകൾ പരിമിതമായി മതിയെന്നതിനാലാണ് നിർമാണ ചെലവ് ഏതാനും കോടികളിൽ ഒതുക്കൻ കഴിയുന്നത്.
ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനെത്തുന്ന ഉപയോക്താക്കൾ നൽകേണ്ട ഫീ കുറയ്ക്കാനും ഇതുവഴി സാധിക്കും. ലോകത്തെ ഒട്ടുമിക്ക സ്പേസ് ഏജൻസികളും ബഹിരാകാശ ദൗത്യങ്ങൾക്ക് എങ്ങനെ ചെലവ് കുറക്കാമെന്നാണ് ആലോചിക്കുന്നത്.
1999 മുതൽ ഇസ്രോയുടെ പിഎസ്എൽവി റോക്കറ്റുകൾ 28 രാജ്യങ്ങളുടെ 209 ചെറു ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ 104 സാറ്റലൈറ്റുകൾ പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത് ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായി.
ഒരു കിലോ മുതൽ 100 കിലോ വരെ ഭാരമുള്ള 30 ചെറു ഉപഗ്രഹങ്ങൾ അടുത്ത മാസം ബഹിരാകാശത്ത് എത്തിക്കാൻ പദ്ധതിയുണ്ട്. നിലവിൽ ഒരു പിഎസ്എൽവി സജ്ജമാക്കാൻ 300 ലേറെ എൻജിനീയർമാർ 40 ദിവസമെടുക്കുന്നുണ്ട്. ചെറു വിക്ഷേപിണി തയാറാക്കാൻ വിരലിലെണ്ണാവുന്ന എൻജിനീയർമാർക്ക് മൂന്ന് ദിവസം മതിയാകുമെന്ന് ഡോ.ശിവൻ പറയുന്നു. ഇത് വിപണിയിൽ വൻ ചലനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പേടകം ബഹിരാകാശത്തെത്തിക്കാൻ ഉപഗ്രഹ ആവശ്യക്കാർക്ക് വിക്ഷേപിണിക്കായി ഒന്നോ രണ്ടോ വർഷം കാത്തിരിക്കേണ്ടി വരില്ല എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.
ചെറിയ ഒരു ദൗത്യത്തിനു വേണ്ടി വലിയ വാഹനം എന്തിന് പാഴാക്കണമെന്ന് ഡോ.ശിവൻ ചോദിക്കുന്നു. ചെറുവിക്ഷേപണിയാകുമ്പോൾ നിലവിലെ ചെലവിന്റെ പത്തിലൊന്ന് മതി. സ്മാൾ ലോഞ്ചർ എന്ന ആശയം ഇസ്രോക്ക് സ്വന്തമല്ല. ആഗോള തലത്തിൽ തന്നെ ചെറു വിക്ഷിപിണികളുടെ വിപണി കരുത്താർജിക്കുകയാണ്. വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സ്വകാര്യ നിർമാതാക്കളും രംഗത്തു വന്നതോടെ ഈ മേഖലയിൽ മത്സരവും ശക്തമായിട്ടുണ്ട്.
2017 നു 2026 നുമിടയിൽ 6200 സ്മോൾ സാറ്റലൈറ്റുകൾ വിക്ഷിപിക്കുമെന്നും ഇതായി 3000 കോടി ഡോളർ ചെലവഴിക്കുമെന്നുമാണ് ആഗോള ബഹിരാകാശ വ്യവസായ കൺസൾട്ടൻസി സ്ഥാപനമായ യൂറോകൺസൾട്ട് കണക്കാക്കുന്നത്.