ഭോപാല്‍- കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനു പിന്നാലെ കോവിഡ് മരണങ്ങളും വര്‍ധിച്ചതോടെ മധ്യപ്രദേശിലും ശ്മശാനങ്ങള്‍ നിറഞ്ഞു കവിയുന്നു. ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌ക്കരിക്കാന്‍ ഇടമില്ലാത്ത വിധം ശ്മശാനങ്ങള്‍ നിറഞ്ഞു കവിഞ്ഞതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുകളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. മദ്യപ്രദേശിലും സമാന സ്ഥിതിയാണുള്ളത്. ഭോപാലിലെ ഭദ്ഭദ ശ്മശാനത്തില്‍ 1984ലെ വാതക ദുരന്ത കാലത്തേതിനു സമാനമായ കാഴ്ചകളാണെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. വാതക ദുരന്തത്തിനു ശേഷം ഇത്രയധികം മൃതദേഹങ്ങള്‍ സംസ്‌ക്കാരത്തിനായി എത്തുന്നത് ആദ്യമായാണ് കാണുന്നതെന്ന് അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന 54കാരന്‍ ബി.എന്‍ പാണ്ഡെ പറയുന്നു. നാലു മണിക്കൂറിനുള്ളില്‍ മാത്രം 40ഓളം മൃതദേഹങ്ങളാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഇവിടെ 37 മൃതദേഹങ്ങളാണ് സംസ്‌ക്കാരത്തിനായി എത്തിച്ചിരുന്നത്. അതേദിവസം സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും 37 ആണെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങളുടെ കണക്കിലും സര്‍ക്കാര്‍ ദിവസവും പുറത്തുവിടുന്ന മരണ കണക്കുകളിലും വൈരുധ്യമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ എട്ടിന് ഭോപാല്‍ ശ്മശാനത്തില്‍ 41 മൃതദേഹങ്ങളാണ് സംസ്‌ക്കരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട അന്നത്തെ സംസ്ഥാനത്തെ ആകെ കോവിഡ് മരണ നിരക്ക് 27 ആയിരുന്നു. ഏപ്രില്‍ ഒമ്പതിന് 35 മൃതദേഹങ്ങള്‍ ഇവിടെ സംസ്‌ക്കരിച്ചപ്പോള്‍ അന്നത്തെ കോവിഡ് മരണ നിരക്ക് 23 ആണെന്നായിരുന്നു സര്‍ക്കാര്‍ ബുള്ളറ്റിന്‍. ഏപ്രില്‍ പത്തിന് 56 മൃതദേഹങ്ങള്‍ ശ്മാനശത്തിലെത്തിയപ്പോള്‍ സര്‍ക്കാരിന്റെ മരണ നിരക്ക് വെറും 24 ആയിരുന്നു. അതേസമയം മരണ നിരക്കുകള്‍ കുറച്ചു കാണിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ശ്മശാനങ്ങളിലെ തിരക്കു കാരണം ജീവനക്കാരും സമ്മര്‍ദ്ദത്തിലാണ്. ദിവസവും 150 ക്വിന്റലോണം വിറക് ചിതയൊരുക്കാന്‍ മാത്രമായി ആവശ്യമായി വരുന്നുണ്ടെന്ന് ശ്മശാന ജോലിക്കാരനായ റയിസ് ഖാന്‍ പറയുന്നു. ഓരോ ദിവസവും 40ലേറെ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരുന്ന കഴിഞ്ഞയാഴ്ച വിറക് തികയാതെ വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണം കഴിക്കാന്‍ പോലും സമയം ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ശ്മശാനത്തിലെ ജോലിയെന്നും ജോലിക്കാര്‍ പറയുന്നു.