എക്‌സിറ്റ് പോളുകളിൽ ബി.ജെ.പി തന്നെ മുന്നിൽ

ന്യുദൽഹി- ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. ഗുജറാത്തിൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് മുന്നേറ്റം നടത്തിയ കോൺഗ്രസിന് വലിയ സാധ്യതകൾ വിവിധ സർവേകൾ പ്രവചിച്ചിരുന്നെങ്കിലും ഇപ്പോൾ പുറത്തു വരുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണ്. അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിനു തൊട്ടുപിറകെ പുറത്തു വന്ന ആദ്യ മൂന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. കോൺഗ്രസ് ശക്തമായ വെല്ലുവിളിയുർത്തുമെന്ന് നേരത്തെ സർവേ പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരം നിലനിർത്തുമെന്നാണ് വിവിധ ടി.വി ചാനലുകൾ നടത്തിയ എക്‌സിറ്റ് പോൾ ഫലം. 

ടൈംസ് നൗ,വി.എം.ആർ പ്രവചനം ബി.ജെ.പിക്ക് 109 സീറ്റുകളും കോൺഗ്രസിന് 70 സീറ്റുകളുമാണ്. എ.ബി.പി-സി.എസ്.ഡി.എസ് ബി.ജെ.പിക്ക് 91-99 സീറ്റുകളും കോൺഗ്രസിന് 78-86 സീറ്റുകളുമാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക്-ജൻ കി ബാത്ത് പ്രവചനം ബി.ജെ.പി-108, കോൺഗ്രസ് 74 എന്നിങ്ങനെയാണ്. സി.എൻ.എൻ-ന്യൂസ് 18 മെഗാ പോൾ പ്രചവനത്തിൽ പ്രമുഖ സാമ്പത്തിക വിദഗ്ധനായ സുർജിത് ഭല്ല ബി.ജെ.പിക്ക് 125 സീറ്റുകളും കോൺഗ്രസിന് 57 സീറ്റുകളും പ്രവചിക്കുന്നു.

ഗുജറാത്തിൽ വീറുറ്റ തെരഞ്ഞെടുപ്പു പ്രചാരണമാണ് ബി.ജെ.പിയും കോൺഗ്രസും കാഴ്ചവച്ചത്. വികസനം, നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങി വിവിധ വിഷയങ്ങളിൽ ഇരുപാർട്ടികളും ശക്തമായ വാദങ്ങളുമായി പ്രചാരണ രംഗം കൊഴുപ്പിച്ചിരുന്നു. അവസാന ഘട്ടമായപ്പോഴേക്കും വ്യക്തിപരമായ പോരിലേക്കും എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവനയും അയ്യരുടെ വീട്ടിൽ മുൻ പ്രധാനമന്ത്രിയടക്കം ഉന്നതർ ചേർന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക്കിസ്ഥാനുമായി കൈകോർത്തെന്ന മോഡിയുടെ ആരോപണവും ഏറെ ചർച്ചയായിരുന്നു.

ഹിമാചല്‍ പ്രദേശില്‍ ബിജെപി തൂത്തുവാരുമെന്നാണ് ഇന്ത്യാ ടുഡെ പ്രവചനം. ബിജെപി 47-55 സീറ്റും കോണ്‍ഗ്രസ് 13-20 സീറ്റും നേടുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു.

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
 

Latest News