ന്യൂദൽഹി- കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രണ്ടാം തരംഗത്തിൽ മരണനിരക്ക് വലിയ തോതിൽ ഉയർന്നതും ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഒറ്റദിവസം 1,027 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായാണ് ഒരു ദിവസം മരണസംഖ്യ 1,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,72,085 ആയി.
പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുറവാണെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
രോഗികളുടെ എണ്ണം കൂടുന്നതിനിടെ രോഗമുക്തരുടെ എണ്ണം കുറയുന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. 82,339 പേർക്കാണ് 24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചത്. വരുംദിവസങ്ങളില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തിയേക്കാമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.