Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദേശ വാക്‌സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര അനുമതി നൽകാൻ നീക്കം

ന്യൂദൽഹി-  വിദേശ രാജ്യങ്ങളിൽ ഇതിനോടകം വിതരണാനുമതി നൽകിയ കോവിഡ് വാക്‌സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര അനുമതി നൽകുന്നതിനു കേന്ദ്ര സർക്കാർ നീക്കം. റഷ്യൻ നിർമിത കോവിഡ് വാക്‌സിൻ സ്പുട്‌നിക്കിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അടിയന്തര വിതരാണാനുമതി നൽകിയതിനു പിന്നാലെയാണ് ഈ നീക്കം. 
ആദ്യഘട്ടത്തിൽ അമേരിക്ക, ബ്രിട്ടൺ, ജപ്പാൻ ഡ്രഗ്‌സ് കൺട്രോളർമാർ വിതരണാനുമതി നൽകിയ വാക്‌സിനുകളും ലോകാരോഗ്യ സംഘടന അടിയന്തര അനുമതി നൽകിയിട്ടുള്ളതുമായ വാക്‌സിനുകളാണ് പരിഗണിക്കുക. എന്നാൽ, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം മറ്റ് രാജ്യങ്ങളിൽ അനുമതി നൽകിയവയ്ക്ക് ഇന്ത്യയിൽ വിതരണാനുമതി ലഭ്യമാകില്ല. അതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനെ കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. വിദേശ വാക്‌സിനുകൾക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണെന്നും അപേക്ഷ നൽകുന്നതിനായി കമ്പനികളെ ക്ഷണിക്കുന്നതായും നീതി ആയോഗ് അംഗവും നാഷണൽ എക്‌സ്‌പേർട്ട് കമ്മിറ്റി ഓൺ വാക്‌സിൻ അഡ്മിനിസ്‌ട്രേഷൻ ചെയർമാനുമായ ഡോ. വി.കെ. പോൾ പറഞ്ഞു. 
ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, സൈഡസ് കാഡില, സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ നോവാക്‌സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിൻ തുടങ്ങിയ 20ഓളം വാക്‌സിനുകൾ രാജ്യത്ത് വിതരണത്തിനായി അനുമതി തേടിയിട്ടുണ്ട്. ഇവയിൽ മിക്കവയും രാജ്യത്ത് വിവിധ രീതിയിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങിയിട്ടുള്ളതാണ്. ഇതു കൂടാതെയാണ് വിദേശ രാജ്യങ്ങളിൽ ഇതിനോടകം അനുമതി ലഭ്യമായിട്ടുള്ള വാക്‌സിനുകൾക്ക് അടിയന്തര വിതരണാനുമതി നൽകാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് രൂക്ഷമായ കോവിഡ് വ്യാപനവും നിലവിലുള്ള വാക്‌സിൻ ക്ഷാമവും പരിഹരിക്കാനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 
ഇന്ത്യയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കു ശേഷമാണ് റഷ്യൻ നിർമിത സ്പുട്‌നിക് വാക്‌സിനു സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതി സിസിജിഐയുടെ അനുമതിക്കായി ശിപാർശ ചെയ്തത്. കൊറോണ വൈറസിനെ നേരിടാൻ ലോകത്ത് ആദ്യമായി വികസിപ്പിച്ചതെന്നു വെളിപ്പെടുത്തിയ വാക്‌സിനാണ് സ്പുട്‌നിക്-5. അറുപതോളം രാജ്യങ്ങൾ ഇതിനോടകം സ്പുട്‌നിക്കിനു വിതരണാനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനു വിതരണാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നിവയാണ് അനുമതി ലഭ്യമായിട്ടുള്ള മറ്റ് വാക്‌സിനുകൾ.
 

Latest News