ന്യുദൽഹി- ക്രിമിനൽ കേസുകളിൽ പ്രതികളായ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടുന്ന ജനപ്രതിനിധികളെ വിചാരണ ചെയ്യാൻ മാർച്ച് 31നകം 12 പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. 1581 എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കോടതികൾ സ്ഥാപിക്കാൻ അനുമതി തേടിയുള്ള സർക്കാർ നിർദേശം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഇവർക്കെതിരെ കേസ് വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് രണ്ടു മാസത്തെ സമയം കോടതി അനുവദിച്ചു. 2018 മാർച്ച് ഒന്നിനകം ഈ കോടതികൾ പ്രവർത്തിച്ചു തുടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു.
കുറ്റവാളികളെന്ന് കണ്ടെത്തിയ രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പ് മത്സര രംഗത്ത് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദൽഹിയിലെ ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതു താൽപര്യ ഹർജിയെ തുടർന്നാണ് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എംപിമാർക്കും എം.എൽ.എമാർക്കുമെതിരായ എത്ര കേസുകൾ തീർപ്പാക്കപ്പെട്ടിട്ടുണ്ടെന്ന വിവരം സർക്കാരിന്റെ പക്കലില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2014നും 2017നുമിടയിലെ പുതിയ കേസുകളുടെ വിശദാംശങ്ങൾ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയുടെ മുൻ നിർദേശങ്ങൾ അനുസരിച്ച് ഏതാണ്ട് 7.80 കോടി രൂപ മുടക്കി ഒരു വർഷത്തിനകം 12 പ്രത്യേക കോടതികൾ ഈ കേസുകൾ വിചാരണ നടത്തുന്നതിനു മാത്രമായി തുറക്കാനുള്ള പദ്ധതിയാണ് നിയമ മന്ത്രാലയം കോടതി മുമ്പാകെ സമർപ്പിച്ചിരുന്നത്. ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ച് വേണം അതിവേഗ കോടതികൾ സ്ഥാപിക്കേണ്ടതെന്നും സുപ്രിം കോടതി നിർദേശിച്ചിട്ടുണ്ട്.
എം.പിമാർ പ്രതികളായ കേസുകളുടെ വിചാരണക്ക് രണ്ടു കോടതികളും കേരളം, കർണാടക, ആന്ധ്ര, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തർ പ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോന്ന് വീതവും സ്ഥാപിക്കാനാണു കേന്ദ്ര സർക്കാർ പദ്ധതി.