ഗുജറാത്ത് കലാപം; മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ  നടപടിക്കെതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി

ന്യൂദല്‍ഹി- ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണസംഘത്തിന്റെ നടപടി ചോദ്യം ചെയ്ത ഹരജി രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. കേസ് മാറ്റി വെയ്ക്കണമെന്ന സാകിയ ജാഫ്രിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 2002 ഫെബ്രുവരിയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ കലാപത്തില്‍ സാകിയ ജാഫ്രിയുടെ ഭര്‍ത്താവും മുന്‍ എം.പിയുമായ എഹ്‌സാന്‍ ജാഫ്രി അടക്കം അറുപത്തിയെട്ട് പേരാണ് കൊല്ലപ്പെട്ടത്.
2019 ഡിസംബറിലാണ് ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും മന്ത്രിസഭക്കും ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയില്ലെന്നും മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ മാത്രമായിരുന്നു പോലീസ് നടപടി ഉണ്ടായതെന്നും ആരോപണം ഉണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ ടി നാനാവതി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ്  ഗുജറാത്ത് നിയമസഭയില്‍ നല്‍കിയത്. 2008ല്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലും മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കിയിരുന്നു. 22 കോടി രൂപയായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം.

Latest News