Sorry, you need to enable JavaScript to visit this website.

അഴിമതി കേസിൽ പ്രതിരോധ, ആഭ്യന്തര  മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റിൽ 

റിയാദ്- അഴിമതി കേസിൽ പ്രതിരോധ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 176 സ്വദേശികളെയും വിദേശികളെയും കഴിഞ്ഞ മാസം (ശഅ്ബാൻ) അറസ്റ്റ് ചെയ്തതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും വ്യാജ രേഖാനിർമാണവും അടക്കമുള്ള കേസുകളിൽ സൗദി പൗരന്മാരും വിദേശികളും അടക്കം 700 പേരെ ഇതുവരെ കമ്മീഷൻ ചോദ്യം ചെയ്തു. പ്രതിരോധ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർക്കു പുറമെ, നാഷണൽ ഗാർഡ് മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത മന്ത്രാലയം, മീഡിയ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സൗദി കസ്റ്റംസ്, റെഡ് ക്രസന്റ് അതോറിറ്റി, ദേശീയ ജല കമ്പനി എന്നിവക്കു കീഴിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. 
കേസ് കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി പ്രതികൾക്കെതിരായ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. അഴിമതിയും കൈക്കൂലിയും അധികാര ദുർവിനിയോഗവും അടക്കമുള്ള കേസുകളെ കുറിച്ച് 980 എന്ന നമ്പറിൽ ബന്ധപ്പെട്ടോ 01144200057 എന്ന നമ്പറിൽ ഫാക്‌സ് വഴിയോ ഇ-മെയിൽ വഴിയോ എല്ലാവരും അറിയിക്കണമെന്ന് കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടു. 


 

Tags

Latest News