Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്  അടിയന്തര കോവിഡ് ടെസ്റ്റ് 

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അടിയന്തര കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യവകുപ്പ് പാലക്കാട് കോട്ടമൈതാനത്ത് ആരംഭിച്ച പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം. 

പാലക്കാട്- തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും അടിയന്തരമായി കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പാലക്കാട് ജില്ലാ കലക്ടറുടെ നിർദേശം, ആശയക്കുഴപ്പം തുടരുന്നു. വിവിധ വകുപ്പുകളിൽ നിന്ന് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട എല്ലാവരും ഈ മാസം 17 നകം ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാകണമെന്ന ഉത്തരവ് തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് പാലക്കാട് ജില്ലാ കലക്ടർ ഇറക്കിയത്. 


സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റേയും നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് പരിശോധനക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാൽ മിക്ക സർക്കാർ വകുപ്പുകളിലും ഇന്നലെ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഉണ്ടായിട്ടില്ല. വിഷുവുമായി ബന്ധപ്പെട്ട് നിരവധി പേർ അവധിയിലായത് പ്രശ്‌നം സങ്കീർണമാക്കുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് പത്തു ദിവസത്തിനു ശേഷം പരിശോധന നടത്തുന്നതിലെ യുക്തിയെക്കുറിച്ചും വിമർശനമുയരുന്നുണ്ട്. 
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ സഹായത്തിനെത്തിയ പോലീസുദ്യോഗസ്ഥർ, വെബ് കാസ്റ്റിംഗിൽ ഏർപ്പെട്ടവർ, പോളിംഗ് ബൂത്തുകളിലെ മാലിന്യം ശേഖരിച്ചിരുന്ന ഹരിതകർമ്മ സേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി കളുടെ പോളിംഗ് ഏജന്റുമാർ എന്നിവരെല്ലാം പരിശോധനക്ക് വിധേയരാവണം എന്നാണ് കലക്ടറുടെ ഉത്തരവിൽ പറയുന്നത്. സർക്കാർ ജീവനക്കാരെല്ലാം പരിശോധനക്ക് വിധേയരായിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് അതാത് ഓഫീസ് മേധാവികളാണ്. വെബ് കാസ്റ്റിംഗിലുണ്ടായിരുന്നവരുടെ ചുമതല അക്ഷയ കേന്ദ്രം ജില്ലാ കോ-ഓഡിനേറ്റർക്കും ഹരിതകർമ സേനാംഗങ്ങളുടെ ചുമതല അതാത് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്കുമാണ്. 


തിങ്കളാഴ്ച രാത്രി തന്നെ ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഇറങ്ങിയെങ്കിലും പല വകുപ്പുകളിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ജീവനക്കാരുടെ സംഘടനകൾക്കും വിഷയത്തിൽ കടുത്ത എതിർപ്പാണ് ഉള്ളത്. ആറിന് വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പഴയ പടിയിലായിരുന്നു. എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷകൾ നടക്കുന്നതിനാൽ അധ്യാപകരും ജോലിക്ക് ഹാജരായിട്ടുണ്ട്. പത്തു ദിവസത്തിനു ശേഷം പരിശോധനകൾ വിപുലമാക്കുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ലെന്നാണ് പ്രധാന വിമർശനം. 
വിഷു അവധി കഴിഞ്ഞ് ഓഫീസുകൾ വെള്ളിയാഴ്ചയേ സജീവമാവുകയുള്ളൂ. രണ്ടു ദിവസം കൊണ്ട് പരിശോധന പൂർത്തീകരിക്കുക എളുപ്പമാവില്ല. റമദാൻ വ്രതം ആരംഭിച്ചതും ജീവനക്കാർക്കിടയിൽ താൽപര്യക്കുറവിന് കാരണമായിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കോവി ഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് എടുത്തവർ പരിശോധനക്ക് വിധേയരാവണോ എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നു.

 

 

Latest News