Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ പട്രോളിംഗിന് പെഡൽ പോലീസ്

കണ്ണൂരിൽ പട്രോളിംഗ് നടത്തുന്ന പെഡൽ പോലീസിന്റെ സൈക്കിൾ.

കണ്ണൂർ - സംസ്ഥാനത്ത് ഇതാദ്യമായി കണ്ണൂർ ജില്ലാ പോലീസ് ബൈസിക്കിൾ പട്രോളിംഗ് എന്ന പെഡൽ പോലീസ് ആരംഭിക്കുന്നു. കണ്ണൂർ ബൈ സൈക്കിൾ മേയർ  ഷാഹിൻ പള്ളിക്കണ്ടിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.  പോലീസ് വിവിധ കേന്ദ്രങ്ങളിൽ ബൈസിക്കിളിൽ  പട്രോളിംഗ് നടത്തും.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോയുടെ നേതൃത്വത്തിൽ ആണ് ഈ പദ്ധതി നടപ്പിൽ ആക്കാൻ ഉദ്ദേശിക്കുന്നത്. സൈക്കിളിംഗ് സമൂഹത്തിന് വലി പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത്. നിരവധി സൈക്ലിസ്റ്റുകൾ അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന  കണ്ണൂരിനെ സംബന്ധിച്ചിടത്തോളം ഇത് എല്ലാവർക്കും പ്രചോദനമാകും. കൂടുതൽ ആളുകൾ സൈക്ലിങിലേക്ക് കടന്നു വരാൻ പദ്ധതി സഹായകമാവും. വിദേശ രാജ്യങ്ങളിൽ  ബൈസിക്കിൾ പോലീസ് സംവിധാനം കുറച്ചു കാലമായി  നടക്കുന്നുണ്ട്.നമ്മുടെ നാട്ടിൽ തന്നെ ബംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ ഈ സംവിധാനം പ്രവർത്തനക്ഷമമാണ്.
വാഹന പട്രോളിംഗിനേക്കാൾ ഇരട്ടിയിലധികം ആളുകളുമായി  കോൺടാക്റ്റുകൾക്ക് സൈക്കിൾ പട്രോളിംഗ് കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പരമ്പരാഗത പട്രോളിംഗ് വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത സ്ഥലത്ത് ബൈസിക്കിൾ പട്രോളിംഗിന് എത്താൻ സാധിക്കും. പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒരു പാട്  ആനുകൂല്യങ്ങളും  നൽകുന്നുണ്ട് ബൈസിക്കിൾ പട്രോളിംഗ്. 
ആധുനിക സംവിധാനങ്ങളോടു കൂടിയ ബൈസിക്കിളുകൾ ജില്ലാ പോലീസിന്, അടുത്തു തന്നെ കണ്ണൂരിന്റെ ബൈ സൈക്കിൾ മേയർ ആയ ഷാഹിൻ പള്ളിക്കണ്ടി കൈമാറും. അടുത്ത 15 ദിവസത്തിനുള്ളിൽ ഈ സംവിധാനം കണ്ണൂരിൽ  ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്മീഷണർ ആർ.ഇളങ്കോ, മേയർ ഷാഹിൻ പളളിക്കണ്ടി എന്നിവർ അറിയിച്ചു.
 

Latest News