Sorry, you need to enable JavaScript to visit this website.

കോവിഡ്: കേരള ടൂറിസം മേഖലയുടെ നഷ്ടം കാൽലക്ഷം കോടി

കൊച്ചി - കേരള ടൂറിസം മേഖലയിൽ കോവിഡ് മഹാമാരി മൂലമുണ്ടായ നഷ്ടം 25,000 കോടി. എന്നാൽ യഥാർഥ നഷ്ടം ഇതിലും അധികമാണെന്ന് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡണ്ട് ഇ എം നജീബ് പറയുന്നു.  2019 സാമ്പത്തിക വർഷം കേരളത്തിന് 45,010.69 കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നു. 
സംസ്ഥാനത്തിന് ഇത്രയധികം റവന്യു നേടിത്തരുന്ന ടൂറിസം മേഖല കോവിഡ് മഹാമാരിയെത്തുടർന്ന് തകർച്ചയെ നേരിട്ടപ്പോൾ തുണയ്ക്കാൻ സർക്കാരുകൾ മുന്നോട്ടുവന്നില്ല. വായ്പ നൽകാൻ ഇപ്പോൾ ബാങ്കുകൾ പോലും തയ്യാറല്ല. ടൂറിസം സ്ഥാപനങ്ങൾക്ക് വായ്പ നൽകിയാൽ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് ബാങ്കുകൾ നിസ്സഹകരിക്കുകയാണ്. ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവർക്ക് തിരിച്ചടവ് തുടർച്ചയായി മുടങ്ങിയതോടെ ജപ്തി നോട്ടീസ് ലഭിച്ചു തുടങ്ങിയിരിക്കുന്നു. വൈദ്യുതി ബോർഡ് ഒരു പരിഗണനയും നൽകാതെ വൈദ്യുതി ചാർജ് അടക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരിക്കൊണ്ടു പോയി. 


ടൂറിസ്റ്റുകൾ ഇല്ലാതായതോടെ വരുമാനം നിലച്ച ടൂറിസം സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനാളുകൾ പിരിച്ചുവിടപ്പെട്ടു. പിടിച്ചു നിൽക്കാൻ കഴിയാതെ 25 ശതമാനത്തിലധികം സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടി. ടൂറിസം മേഖലയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും ഒരു വർഷത്തിലധികമായി അടഞ്ഞു കിടക്കുന്നു. ഡിസംബർ-ജനുവരി മാസത്തിൽ ആഭ്യന്തര ടൂറിസ്റ്റുകൾ ചെറിയ തോതിൽ എത്തിത്തുടങ്ങിയത് പ്രതീക്ഷ പകർന്നെങ്കിലും വിദേശ ടൂറിസ്റ്റുകൾക്ക് മുന്നിൽ ഇന്ത്യയുടെ വാതിലുകൾ അടഞ്ഞു തന്നെ കിടക്കുകയാണ്. മറ്റെല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും ടൂറിസം മേഖലയെ സർക്കാർ പരിഗണിച്ചു പോലുമില്ല. 
കോവിഡിന്റെ രണ്ടാമൂഴമെത്തിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് പൂർണമായും നിലച്ചു. ടൂറിസം മേഖലയിൽ വീണ്ടും ശ്മശാന മൂകതയാണ്. എത്രകാലം വരുമാന നഷ്ടം സഹിച്ച് പിടിച്ചു നിൽക്കാൻ കഴിയുമെന്ന ചോദ്യം ടൂറിസം സംരംഭകരുടെ തലക്ക് മുകളിൽ എപ്പോൾ വേണമെങ്കിലും താഴേക്ക് വീഴാവുന്ന വാൾ പോലെ തൂങ്ങി നിൽക്കുന്നു. കൂടുതൽ സ്ഥാപനങ്ങൾ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാൻ ഒരുങ്ങുകയാണ്. 


ഇന്ത്യയിലെമ്പാടും 30 ശതമാനം സ്ഥാപനങ്ങൾ പൂട്ടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക് എങ്കിലും ഇത് 50 ശതമാനത്തിന് മുകളിലാണെന്ന് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡണ്ട് ഇ എം നജീബ് പറയുന്നു. കോവിഡ് സൃഷ്ടിച്ച ആഘാതം ഏറ്റവും കനത്ത തോതിൽ ബാധിച്ച സംസ്ഥാനം കേരളമാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട വർഷം കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ ഒഴുക്കാണ് ഉണ്ടായത്. ടൂറിസം മേഖലയിൽ കഴിഞ്ഞ 25 വർഷത്തെ ഏറ്റവും ഉയർന്ന റവന്യു വരുമാനം 2019ൽ കേരളത്തിന് ലഭിച്ചു. 1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളത്തിലേക്ക് ഒഴുകിയെത്തിയത്. മുൻ വർഷത്തേക്കാൾ 17.2 ശതമാനം അധികം. വിദേശ ടൂറിസ്റ്റുകളുടെ വരവിൽ 8.52 ശതമാനത്തിന്റെ വർധനവുണ്ടായി. 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് എത്തിയത്. ടൂറിസം മേഖലക്ക് ലഭിച്ച ആകെ വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 24.14 ശതമാനം അധികമായിരുന്നു. ടൂറിസം മേഖല നേടിയ വിദേശനാണ്യം ചരിത്രത്തിലാദ്യമായി പതിനായിരം കടന്നു. രാജ്യത്തിനാകെ ലഭിച്ച വിദേശ നാണ്യം 2,10,000 ആണ്.

 

Latest News