വോട്ട് രേഖപ്പെടുത്തിയ ശേഷം മോഡിയുടെ റോഡ് ഷോ, പരാതിയുമായി കോൺഗ്രസ്

അഹമ്മദാബാദ്- ഗുജറാത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റോഡ് ഷോ. സബർമതിയിലെ റാണിപിലിലെ 115-ാം നമ്പർ ബൂത്തിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. ഉച്ചക്ക് 12.15നാണ് മോഡി വോട്ട് ചെയ്തത്. മറ്റുവോട്ടർമാർക്കൊപ്പം വരി നിന്ന് വോട്ട് ചെയത് ശേഷം പുറത്തിറങ്ങിയ മോഡി, കാറിൽ റോഡ് ഷോയും നടത്തിയാണ് തിരിച്ചുപോയത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എ അരവിന്ദ് പട്ടേലിനെതിരെ കോൺഗ്രസിന്റെ ജിത്തുഭായ് പട്ടേലാണ് ഇവിടെ മത്സരിക്കുന്നത്. മുബൈയിൽ നാവികസേനയുടെ പ്രഥമ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവരി രാജ്യത്തിന് സമർപ്പിച്ച ശേഷമാണ് മോഡി വോട്ട് ചെയ്യാനെത്തിയത്.

മോഡി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മോഡിയുടെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും കോൺഗ്രസ് ആരോപിച്ചു.
2014-ൽ ലോക്‌സഭ തെരഞ്ഞെടുപ്പു വേളയിലും മോഡി സമാനമായ പ്രവർത്തനം നടത്തിയിരുന്നു. വോട്ട് ചെയ്ത ശേഷം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയർത്തിക്കാട്ടിയ ശേഷം ബൂത്തിന് സമീപത്ത്‌നിന്ന് മോഡി പ്രസംഗിച്ചുവെന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്തിരുന്നു. ബൂത്തിന് നൂറു മീറ്റർ ചുറ്റളവിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് വിലക്കുണ്ട്. ഇത് ലംഘിച്ചായിരുന്നു മോഡിയുടെ പ്രസംഗം. 
 

Latest News