Sorry, you need to enable JavaScript to visit this website.

സ്വപ്നയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്; പാടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ്

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരു  പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണ സംഘം സമ്മർദം ചെലുത്തിയെന്ന ആരോപണത്തില്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. അതേസമയം, സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിനെ അനുവദിക്കരുതെന്ന് എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ ആവശ്യപ്പെട്ടു.

പുറത്തുവന്ന ശബ്ദ രേഖ സ്വപ്‌നയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി  ജില്ലാ സെഷന്‍സ് കോടതിയെയാണ് ക്രൈംബ്രാഞ്ച് സമീപിച്ചത്.  ക്രൈംബ്രാഞ്ചിന്റെ ഹരജി ഈ മാസം 16ക്ക് മാറ്റി.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

 പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സ്വപ്‌ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടുവെന്ന് ഒരു വനിതാ പോലീസുകാരിയുടെ മൊഴി കൂടി പുറത്തുവന്നിരുന്നു.

Latest News