രാജി വെച്ചോ എന്നു കോടതി ചോദിച്ചു; ഒന്നര മണിക്കൂർ വാദത്തിനുശേഷം ജലീലിന്‍റെ ഹരജി മാറ്റി

കൊച്ചി- ലോകായുക്തയുടെ ഉത്തരവ്  അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന്  ആവശ്യപ്പെട്ട് കെ.ടി. ജലീല്‍ നല്‍കിയ ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹരജി മാറ്റിവെച്ചത്. കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നുണ്ടോ എന്ന് വാദത്തിനിടയില്‍ ഹൈക്കോടതി ആരാഞ്ഞിരുന്നു.

ലോകായുക്ത ഉത്തരവ് നിയമപരമല്ലെന്നാണ് കെ.ടി.ജലീലിന്റെ മുഖ്യ ആരോപണം. പ്രാഥമിക അന്വേഷണവും അതിന് ശേഷം നടത്തേണ്ട വിശദമായ അന്വേഷണവും നിയമപ്രകാരം നടത്താതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നും അദ്ദേഹം വാദിക്കുന്നു.

ഇരുവിഭാഗത്തിന്റെയും സത്യവാങ്മൂലം പരിഗണിച്ചുള്ള വിധിന്യായമാണ് ലോകായുക്തയുടെ ഭാഗത്തുനിന്നുണ്ടായത്. അത് നിയമപരമായി ശരിയല്ല. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്നും സ്വാഭാവിക നീതിയുടെ നിഷേധമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. . 

എന്നാല്‍ ഇക്കാര്യങ്ങളില്‍ പിന്നീട് വിധിപറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നുണ്ടോ എന്ന് വാദത്തിനിടയില്‍ ഹൈക്കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ആരാഞ്ഞു. തുടരുന്നില്ല, രാജിവെച്ചു എന്ന് അഭിഭാഷകന്‍ മറുപടി പറഞ്ഞു.

അതുകൊണ്ട് കൂടിയാണ് സ്റ്റേ ആവശ്യത്തില്‍ അടിയന്തിര തീരുമാനത്തിലേക്ക് ഹൈക്കോടതി പോകാതിരുന്നത്. 

Latest News