Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര പാഠം

മനുഷ്യൻ എന്ന വിശേഷണത്തിൽ അഭിമാനിക്കുകയും ആ അഭിമാനത്തെ മുഴുവൻ മനുഷ്യരിലേക്കും പടർത്തുകയും ചെയ്ത മത സഹിഷ്ണുതയുടെ പ്രതീകമായിരുന്നു അംബേദ്കർ. നല്ലവരായ ജനങ്ങൾ അവർ ഏത് വിശ്വാസത്തിൽ പെട്ടവരാണെങ്കിലും മറ്റൊരു മതത്തെ പരിഹസിക്കുകയോ അവളേഹിക്കുകയോ ചെയ്യില്ല  എന്ന് അദ്ദേഹം കരുതി. അംബേദ്കർ നിർവഹിച്ച ഉജ്വലമായ മാനവികവും ദർശനികവുമായ ദൗത്യങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും ആർക്കും അവഗണിക്കാനാവില്ല.

നാളെ അംബേദ്കറുടെ ജന്മവാർഷികം

ഏപ്രിൽ 14 ഒരു സന്ദേശാത്മക ദൗത്യം നിർവഹിക്കുന്നുണ്ട്.ഭാരതത്തിന്റെ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ഓർമ ദിനമാണ് അന്ന്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര പാഠങ്ങളിൽ അംബേദ്കർ എന്ന അത്ഭുത പ്രതിഭാശാലി  കൂടുതൽ ഓർമിക്കപ്പെടേണ്ട കാലമാണിത്. ഭരണഘടനാ മൂല്യങ്ങൾ തിരസ്‌കരിക്കാനും ഭരണഘടനാ ശിൽപികളെയും രാഷ്ട്ര നേതാക്കളെയും തിരസ്‌കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്ന ഇക്കാലത്ത് അംബേദ്കറുടെ  ഓർമകൾക്ക് പോലും പ്രസക്തിയുണ്ട്.
ഇന്ത്യൻ സമൂഹത്തിന്റെ തനതു സവിശേഷതയും അടിച്ചമർത്തലിന്റെ രൂപവുമായിരുന്നു  ജാതിവ്യവസ്ഥ. നൂറ്റാണ്ടുകളായി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ വരിഞ്ഞു മുറുക്കുകയായിരുന്നു ഇതിന്റെ പേരിലുള്ള കൊടിയ  പീഡനങ്ങൾ. എന്നാൽ ഇത്തരം അനീതികൾക്കെതിരായ ചെറുത്തുനിൽപ് പല രൂപത്തിൽ ഇന്ത്യൻ സമൂഹത്തിൽ ഉയർന്നുവന്നിട്ടുണ്ട്. ആധുനിക കാലത്ത് ഇതിനെതിരെ ശക്തമായ പോരാട്ടം വളർത്തിയെടുത്ത മഹാനായ വ്യക്തിയെന്ന നിലയിലാണ് അംബേദ്കർ കൂടുതൽ  പ്രസക്തനാകുന്നത്. 1891 ഏപ്രിൽ 14 നാണ്   അദ്ദേഹം ജനിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്ന നിലയിലും    ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ മുൻനിരയിൽനിന്ന് പട നയിച്ച വ്യക്തി എന്ന നിലയിലുമാണ് അദ്ദേഹം കൂടുതൽ സ്മരിക്കപ്പെട്ടിട്ടുണ്ടാവുക.
 ഇന്ത്യയിൽ ദളിതുകൾ ഉൾപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ  നേരിടുന്ന ദുരവസ്ഥയും ആൾക്കൂട്ട ആക്രമണവും പ്രത്യേകം പറയേണ്ടതില്ലല്ലോ. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുകയും ക്ഷേത്ര വളപ്പിൽ നിന്നും വെള്ളം കുടിച്ചതിന് മുസ്ലിം ബാലനെ തല്ലിച്ചതയ്ക്കുകയും ദളിതരുടെ കുടിലുകൾ തീവെച്ച് കുട്ടികളെ ചുട്ടുകൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ വരെ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. 
പട്ടികജാതിവർഗ വിഭാഗങ്ങൾക്ക് ലഭിച്ചുവരുന്ന സംവരണം പോലും എടുത്തുകളയുമെന്ന ഭീഷണിയുമുണ്ട്. പിന്നോക്ക ന്യൂനപക്ഷ ദളിത് ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പോരാടേണ്ടുന്ന ഒരു സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്.  സഹിഷ്ണുതയുടെ കാര്യത്തിൽ 
നാം നമ്മുടെ പൈതൃകം വിസ്മരിക്കുന്നു. ഈ സാഹചര്യത്തിൽ, അംബേദ്കർ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളുടെ പ്രസക്തി വളരെയേറെ വർധിച്ചിരിക്കുകയാണ്. രാഷ്ട്രത്തിന്റെ നിലനിൽപിനും  സ്വാതന്ത്ര്യത്തിനുമായി പോരാടിയവരെ അറിയേണ്ടവരാണ് നാം. അതിശയകരമായ രീതിയിൽ സമര ജീവിതം നയിച്ച ഒട്ടേറെ മഹാന്മാരുടെയും മഹതികളുടെയും ശ്രമഫലമാണല്ലോ നാം  ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയനാണ് ബി.ആർ. അംബേദ്കർ.
മനുഷ്യൻ എന്ന വിശേഷണത്തിൽ അഭിമാനിക്കുകയും ആ അഭിമാനത്തെ മുഴുവൻ മനുഷ്യരിലേക്കും പടർത്തുകയും ചെയ്ത മത സഹിഷ്ണുതയുടെ പ്രതീകമായിരുന്നു അംബേദ്കർ. നല്ലവരായ ജനങ്ങൾ അവർ ഏത് വിശ്വാസത്തിൽ പെട്ടവരാണെങ്കിലും മറ്റൊരു മതത്തെ പരിഹസിക്കുകയോ അവളേഹിക്കുകയോ ചെയ്യില്ല  എന്ന് അദ്ദേഹം കരുതി. 
അംബേദ്കർ  നിർവഹിച്ച ഉജ്വലമായ മാനവികവും ദർശനികവുമായ ദൗത്യങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും ആർക്കും അവഗണിക്കാനാവില്ല .തന്റെ കർമശേഷി മുഴുവൻ രാഷ്ട്ര സേവനത്തിനായി അർപ്പിച്ച അദ്ദേഹം ഭാരതത്തിലെ അധഃസ്ഥിതരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് സമൂഹത്തിനാകെ തെളിവുകൾ നൽകി. ചാതുർവർണ്യ വ്യവസ്ഥയ്ക്കും ജാതിവ്യവസ്ഥയ്ക്കുമെതിരെ അതിശക്തമായി പോരാടി. 
ജാതിവ്യവസ്ഥയുടെ ആശയ അടിത്തറ തകർക്കാൻ സഹായിക്കുന്ന നിരവധി പുസ്തകങ്ങൾ അംബേദ്കർ എഴുതിയിട്ടുണ്ട്.
1956 ഡിസംബർ ആറിനാണ് ആ സുവർണ താരകം പൊലിഞ്ഞു പോയത്. നിദ്രയിലെപ്പോഴോ മരണം അദ്ദേഹത്തെ ഒപ്പം കൂട്ടുകയായിരുന്നു.
 

Latest News