Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ

സംസ്ഥാന നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പോലും പരിസ്ഥിതി സംരക്ഷണം എന്നത് കാര്യമായി ചർച്ച ചെയ്യപ്പെടാതെ പോയ വിഷയമാണ്. വികസനത്തെ കുറിച്ചുള്ള അവകാശവാദങ്ങൾക്കിടയിൽ പ്രതിപക്ഷം പോലും ഈ വിഷയം ഉന്നയിക്കാൻ മടിക്കുകയായിരുന്നു. 
2016 ലെ പ്രകടന പത്രികയിലെ മിക്ക വാഗ്ദാനങ്ങളും പാലിച്ചു എന്നായിരുന്നല്ലോ ഇടതുപക്ഷത്തിന്റെ അവകാശവാദം. എന്നാൽ യാഥാർത്ഥ്യമതല്ല എന്ന് എത്രയോ പേർ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പാരിസ്ഥിതിക രംഗത്ത് പ്രത്യകിച്ചും. അതിനാൽ തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലും അതിലെ പല വാഗ്ദാനങ്ങളും ആവർത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യു.ഡി.എഫ് നിലപാടുകളും കാര്യമായി വ്യത്യസ്തമല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതേസമയം കഴിഞ്ഞ ഭരണകാലത്തു തന്നെ 2019 ൽ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ ഈ മേഖലയിലെ വീഴ്ചകളെ കുറിച്ച് സർക്കാർ സൂചിപ്പിച്ചിരുന്നു. ഖര, ജല, വിസർജ്യ മാലിന്യ പ്രശ്നം രൂക്ഷമാണെന്നും  65 ലക്ഷം കിണറുകളിൽ മിക്കതും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൊണ്ട് അപകടാവസ്ഥയിലാണെന്നും അതിൽ സമ്മതിക്കുന്നുണ്ട്.  പ്ലാസ്റ്റിക് കുപ്പികൾ കടലിനെ വരെ അശുദ്ധമാക്കി. രാജ്യത്ത് ഏറ്റവും അധികം ആശുപത്രി മാലിന്യങ്ങൾ ഉണ്ടാകുന്ന കേരളത്തിൽ അവയെ പൂർണമായി ശുദ്ധീകരിക്കുവാൻ കഴിയുന്നില്ല. സ്വീവേജ് വെള്ളം ശുദ്ധീകരിക്കുന്ന കാര്യത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ എത്രയോ താഴെയാണ് എന്നെല്ലാം സമ്മതിക്കുന്ന റിപ്പോർട്ട് ഒന്നേകാൽ കോടി വാഹനങ്ങളുടെ സാന്നിധ്യം ഒട്ടേറെ പാരിസ്ഥിതികമായ ദുരിതങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്നതായും സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികള കുറിച്ചും റിപ്പോർട്ട് പരാമർശിച്ചിരുന്നു. 
കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഇപ്പോഴും രക്ഷമായി തുടരുകയാണ്. നെൽവയൽ സംരക്ഷണത്തിന്റെ കാര്യം തന്നെ നോക്കാം.  79/80 കാലത്ത് 8.8 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽപാടത്തിന്റെ വിസ്തൃതി 2010 കഴിഞ്ഞപ്പോൾ 2 ലക്ഷത്തിനും താഴെയായി. തുടർന്നു നടന്ന സമരങ്ങളുടേയും മറ്റും ഫലമായാണ്  നെൽവയൽ തണ്ണീർതട നിയമം നടപ്പായത്. എന്നാൽ  നിയമം നടപ്പിലാക്കിയ ശേഷവും കാൽ ലക്ഷം ഹെക്ടർ നെൽപാടങ്ങൾ നികത്തി എന്നതാണ് വസ്തുത. അതിനായി കാലാകാലങ്ങളിൽ ഈ നിയമത്തിൽ വെള്ളം ചേർത്തുകൊണ്ടേയിരുന്നു. ഇരുമുന്നണി സർക്കാരുകളും അക്കാര്യത്തിൽ മോശമായിരുന്നില്ല. നെല്ലിന്റെ ലഭ്യത മാത്രമല്ല, പാടശേഖരങ്ങൾ മികച്ച ജലസംഭരണികളാണെന്ന വസ്തുതയും എല്ലാവരും മറന്നു. അതിന്റെ ദുരിതങ്ങൾ രൂക്ഷമാകാൻ േപാകുന്നതേയുള്ളൂ.
പശ്ചിമഘട്ടത്തിലേക്കു വന്നാൽ സ്ഥിതി അതിലേറെ ദയനീയമാണ്. 2016 ലെ തെരഞ്ഞെടുപ്പിൽ ഗാഡ്ഗിൽ പ്രധാന ചർച്ചയായിരുന്നു. എന്നാൽ 2021 ലെത്തിയപ്പോഴേക്കും കേരളം അത് മറന്നു. ഇടക്കുണ്ടായ അതിരൂക്ഷ പ്രളയകാലത്ത് പശ്ചിമഘട്ട സംരക്ഷണ വിഷയം ഉയർന്നു വന്നെങ്കിലും പെട്ടന്നു തന്നെ അതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചു. 
പശ്ചിമഘട്ടത്തിനു മാത്രമല്ല, കേരളത്തിനു മൊത്തം ഭീഷണിയായി മാറിയിട്ടുള്ള ക്വാറികളെ നിയന്ത്രിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഖനനം പൊതുമേഖലയിലാക്കുമെന്ന വാഗ്ദാനത്തിന് അതച്ചടിച്ച കടലാസിന്റെ വില പോലുമില്ല. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിനു ക്വാറികളിൽ മിക്കവയും അനധികൃതമാണെന്ന് കെ. എഫ്. ആർ. ഐ പഠനം തന്നെ പുറത്തു കൊണ്ടുവന്നിട്ടും ഒന്നും സംഭവിച്ചില്ല. മറിച്ച്  ഖനന നിയന്ത്രണത്തിലുള്ള പഞ്ചായത്ത് അധികാരം എടുത്തു കളഞ്ഞു. ദൂരപരിധി 50 മീറ്ററാക്കി ചുരുക്കി. സർക്കാർ പാട്ട ഭൂമിയിൽ നിന്നും ഖനനം സാധ്യമാക്കി. ഭരണ സംവിധാനത്തിൽ ക്വാറി മാഫിയയുടെ സ്വാധീനത്തെയാണ് ഇതെല്ലാം വെളിവാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്ക് പ്രകൃതി സൗഹൃദ രീതികൾ വികസിപ്പിക്കുമെന്ന പ്രഖ്യാപനം കാര്യമായി മുന്നോട്ടു പോകുന്നില്ല. 
ശക്തമായ നടപടികളെ തുടർന്ന് വനനശീകരണം കുറഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണ്. അക്കാര്യത്തിൽ കാര്യമായി മുന്നോട്ടു പോകാനാകുന്നില്ല. മാത്രമല്ല, ഇക്കാര്യത്തിൽ പൊതുവിലുള്ള ജനവികാരം പരിസ്ഥിതി സംരക്ഷണത്തിനെതിരെയാണ് ഉയരുന്നത്. പശ്ചിമഘട്ട മേഖലയിൽ വൻകിട കുത്തകകൾ അനധികൃതമായി കൈയടക്കിയിട്ടുള്ള ലക്ഷക്കണക്കിനു ഏക്കർ തോട്ടം ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്ന കാര്യത്തിലും ഒരടി പോലും സർക്കാർ മുന്നോട്ടു പോയിട്ടില്ല. ആദിവാസികളുടെ വനാവകാശം അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. തോട്ടം തൊഴിലാളികളുടെ ജീവിതമാകട്ടെ മഹാദുരിതമായി തുടരുന്നു.
മണൽ വാരലിനു കുറവുണ്ടെന്നു പറയുമ്പോഴും സംസ്ഥാനത്തെ പല നദികളിലും വ്യാവസായിക മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഏറ്റവും വലിയ ഉദാഹരണം പെരിയാർ തന്നെ. ഇപ്പോഴും അതിനൊരു അറുതു വരുത്താൻ നമുക്കായിട്ടില്ല. അതിന്റെ തുടർച്ചയായി കായലുകളും മലിനമാണ്. ഒപ്പം കടലോരങ്ങളും. പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളിക്കു സമാനമാണ് കടലുകളും നേരിടുന്ന വെല്ലുവിളി. ഒരു വശത്ത് കടൽവെള്ളവും മലിനമാകുന്നു. മീനുകളുടെ ലഭ്യത കുറയുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാകുന്നു. തീരദേക വികസന പ്രവർത്തനങ്ങളും ആഗോള താപനവും മൂലം കടൽ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമാകാൻ പോകുന്നതേയുള്ളൂ.
വൻകിട പദ്ധതികളാണ് വികസനത്തിന്റെ മുഖം എന്ന നിലപാടാണ് പൊതുവിൽ മാറിമാറി ഭരിക്കുന്ന സർക്കാരുകൾക്കും ജനങ്ങൾക്കുമുള്ളത്. അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ താൽപര്യമില്ലെന്നു മാത്രമല്ല, അവക്കായി കുടിയൊഴിപ്പിക്കുന്നവരുടെ അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെടുന്നുമില്ല. ദേശീയ പാതാ വികസനമൊക്കെ ഉദാഹരണം. നമ്മുടെ തലതിരിഞ്ഞ വികസന നയത്തിന്റെ മികച്ച ഉദാഹരണമായിരുന്നു കീഴാറ്റൂരിൽ കണ്ടത്. 
മറ്റനവധി നിർദേശങ്ങളുണ്ടായിട്ടും പാടം നികത്തിയേ റോഡ് നിർമിക്കൂ എന്ന വാശിക്കു പിറകിലെ താൽപര്യങ്ങളെല്ലാം വ്യക്തമാണ്. ഇപ്പോഴിതാ നിലവിലെ റെയിൽ പാതക്കു സമാന്തരമായി പുതിയ പാതയുണ്ടാക്കാമെന്നിരിക്കേ ജനവാസ-വയൽ മേഖലകളിലൂടെ നിർമിക്കാനാണ് നീക്കം. 
മറുവശത്ത്, സ്വകാര്യ വാഹനങ്ങളെ നിയന്ത്രിച്ച് പൊതുവാഹനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്ന പ്രഖ്യാപനമൊക്കെ അറബിക്കടലിലെറിഞ്ഞിരിക്കുന്നു.  അതിനാൽ തന്നെ കാർബൺ ശോഷണവും കാലാവസ്ഥാ വ്യതിയാനവും രൂക്ഷമാകുന്നു. അതേറ്റവും രൂക്ഷമാകാൻ പോകുന്ന ലോകത്തെ പ്രധാന കേന്ദ്രമായി കേരളം മാറാൻ പോകുന്നു.
ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങളിലേക്കാണ് കേരളം നടന്നു നീങ്ങുന്നത് എന്നുറപ്പ്. ഈ വിഷയത്തോട് യാഥാർത്ഥ്യ ബോധത്തോടെയുള്ള നിലപാടെടുക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയാറാകണം. അക്കാര്യത്തിൽ അവരെ നിർബന്ധിതരാക്കാൻ ജനങ്ങൾക്ക് കഴിയണം. അല്ലാത്ത പക്ഷം പരശുരാമൻ മഴുവെറിഞ്ഞു നേടിയെന്നു പറയപ്പെടുന്ന കേരളം മറ്റാരെങ്കിലും മഴു ഉപയോഗിച്ച് വെട്ടിനിരത്തുന്നത് കാണേണ്ടിവരുമെന്നുറപ്പ്. 
 

Latest News