Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

ഉണങ്ങാത്ത ചോരപ്പാടുകൾ

കേരള രാഷ്ട്രീയത്തിന് മികച്ച നിലപാടുകളും നേതാക്കളെയും സമ്മാനിച്ച കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ അപഖ്യാതി നേടുന്നത് ഭൂഷണമായ കാര്യമല്ല. അക്രമങ്ങൾക്ക് പിന്നിൽ ഏത് രാഷ്ട്രീയ പാർട്ടികളാണെന്ന ചോദ്യത്തേക്കാൾ പ്രധാനം കണ്ണൂരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വളർത്തിക്കൊണ്ടു വരുന്ന രാഷ്ട്രീയ സംസ്‌കാരം എന്താണെന്നതാണ്. അവിടെ ഭാവിയിൽ സമാധാനം പുലരണമെങ്കിൽ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ ബാലപാഠങ്ങൾ മാറ്റിയെഴുതേണ്ടതുണ്ട്.

കണ്ണൂർ രാഷ്ട്രീയത്തിൽ വീണ്ടും ചോരയൊഴുകുകയാണ്. സമാധാനത്തിന്റെ അർധവിരാമങ്ങൾക്ക് ശേഷം രാഷ്ട്രീയ കൊലപാതകം മലബാറിനെ വീണ്ടും അശാന്തമാക്കുന്നു. ആ അശാന്തി കേരളമാകെ പടരുകയും സംഘടനാ രാഷ്ട്രീയത്തിന്റെ അന്തഃസത്തയെ തന്നെ സംശയത്തിന്റെയും വെറുപ്പിന്റെയും നിഴലിലാക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി തുടരുന്ന കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞ കാലങ്ങളിൽ പുരട്ടിയ മരുന്നുകളൊന്നും ഫലിച്ചിട്ടില്ലെന്നാണ് ഏറ്റവുമൊടുവിൽ നടന്ന മൻസൂർ വധം ലോകത്തോട് പറയുന്നത്.
മുസ്്‌ലിം ലീഗ് പ്രവർത്തകനായ പാനൂരിലെ മൻസൂറിന്റെ കൊലപാതകവും അതിന് പിന്നാലെ ആ കേസിലെ പ്രതികളിലൊരാളായ രതീഷ് തൂങ്ങിമരിച്ചെന്ന വാർത്തയും ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം കേട്ടത്. ഉറപ്പാണ് എൽ.ഡി.എഫ് എന്ന് പറഞ്ഞ് ഇടതുമുന്നണിയും നാട് നന്നാകാൻ യു.ഡി.എഫ് എന്ന് പറഞ്ഞ് ഐക്യമുന്നണിയും രംഗത്തിറങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിലായതിന് ശേഷമാണ് കിരാതമായ കൊലപാതകം നടന്നതെന്നത് നമ്മുടെ രാഷ്ട്രീയ ബോധത്തിലെ കാപട്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മൻസൂറിന്റേതടക്കം കണ്ണൂരിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളൊന്നും യാദൃഛികമായി സംഭവിച്ചതല്ല. രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ നടന്ന വാക്കേറ്റത്തിനോ കൈയേറ്റത്തിനോ ഇടയിൽ അബദ്ധത്തിൽ കൊല്ലപ്പെട്ടവരല്ല അവരൊന്നും. മറിച്ച്, വ്യക്തമായി മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകങ്ങളാണവ. കൊലപാതകം നടത്താനായി മാത്രം പാർട്ടികൾ രഹസ്യ യോഗങ്ങൾ കൂടുന്നു. ബോംബും വടിവാളും ഉൾെപ്പടെയുള്ള ആയുധങ്ങൾ ശേഖരിക്കുന്നു. കൊല നടത്തേണ്ട സ്ഥലം തെരഞ്ഞെടുക്കുന്നു. റൂട്ട്മാപ്പ് തയാറാക്കുന്നു. അധോലോക അക്രമി സംഘങ്ങളെ പോലും തോൽപിക്കുന്ന രീതിയിൽ മനുഷ്യ ജീവൻ അരിഞ്ഞു വീഴ്്ത്താനായി നടക്കുന്ന ആസൂത്രണം മനുഷ്യാവകാശവും ജനാധിപത്യവും ഉറക്കെ വിളിച്ചു പറയുന്ന രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നാണുണ്ടാകുന്നതെന്നത് അത്യന്തം അപകടകരവും ലജ്ജാകരവുമാണ്.
ജീവൻ നഷ്ടപ്പെടുന്നതിലേറെയും യുവാക്കൾക്കാണ്. പലരും കുടുംബങ്ങളുടെ അത്താണിയായി നിന്നവർ. അച്ഛനമ്മമാരെയും ഭാര്യ-മക്കളെയും അനാഥരാക്കി അവർ കൊലവാളിന് ഇരകളാകുമ്പോൾ നഷ്ടം സംഭവിക്കുന്നത് ആ കുടുംബങ്ങൾക്ക് മാത്രം. രാഷ്ട്രീയ തിമിരം ബാധിച്ച് സ്വന്തം നാട്ടുകാരെ തന്നെ വെട്ടിനുറുക്കുമ്പോൾ മനുഷ്യത്വം മരവിച്ചു നിൽക്കുന്നു. പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള നിർദേശം നടപ്പാക്കുന്ന കൊലയാളികൾ വാടകക്കെടുത്തവരല്ല. പ്രത്യയശാസ്ത്രത്തിന്റെ പേര് പറഞ്ഞ് അക്രമികളായി മാറുന്നവർ അവരുടെ ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടി വരുന്നത് തടവിലാണ്. തടവിൽ നിന്ന് മോചിക്കപ്പെടുമ്പോഴും അവരെ കാത്തിരിക്കുന്നത് പ്രതികാരത്തിന്റെ വാൾതലകളുമാണ്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതാക്കൾക്ക് ഒഴിഞ്ഞു മാറാനാകില്ല. അവരുടെ അറിവില്ലാതെയാണ് കൊലപാതകങ്ങൾ നടക്കുന്നതെന്ന് കരുതാൻ കണ്ണൂരിലെ മുൻകാല അനുഭവങ്ങൾ അനുവദിക്കില്ല. അക്രമികളെ തള്ളിപ്പറയാൻ പലപ്പോഴും നേതൃത്വം തയാറാകാറില്ല. എതിർപാർട്ടികളിൽ കുറ്റമാരോപിച്ച് സ്വന്തം അണികളെ സംരക്ഷിക്കുകയും അതുവഴി വരുകാലങ്ങളിലും അക്രമങ്ങൾ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് നേതാക്കൾക്കുള്ളത്. രക്തസാക്ഷിത്വമെന്നത് മഹത്തായ ആശയങ്ങൾക്ക് വേണ്ടിയുള്ള മരണമാണെന്ന് നേതൃത്വം തിരിച്ചറിയണം. കൊല്ലപ്പെടുന്നത് എന്തിന് വേണ്ടിയാണെന്ന് പോലും അറിയാത്തവരുടെ മരണങ്ങൾക്ക് മേൽ രക്തസാക്ഷിത്വത്തിന്റെ ലേബലൊട്ടിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. ഇനിയും ചാവേറുകളെ കൊലക്കത്തികൾക്ക് മുന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ്.
കണ്ണൂരിൽ കഴിഞ്ഞ അമ്പത് വർഷത്തെ കണക്കെടുക്കാൽ വർഷം തോറും ശരാശരി അമ്പതോളം പേർ രാഷ്ട്രീയ കൊലപാതകങ്ങളിൽ മാത്രം മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. വാഹനാപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും രോഗങ്ങളിലും ആത്്മഹത്യകളിലും നിരവധി പേർക്ക് ആകസ്്മികമായി ജീവൻ നഷ്ടപ്പെടുന്നതിനിടെയാണ് മനുഷ്യ നിർമിതമായ ഈ കൊലപാതകങ്ങളും അരങ്ങേറുന്നത്. ആദ്യകാലങ്ങളിൽ സി.പി.എം-ആർ.എസ്.എസ് അക്രമങ്ങളാണ് വ്യാപകമായിരുന്നതെങ്കിൽ അടുത്ത കാലത്ത് കോൺഗ്രസും മുസ്്‌ലിം ലീഗുമെല്ലാം അക്രമങ്ങളിൽ സ്ഥാനം പിടിക്കുന്നു. ഇരകളായോ വേട്ടക്കാരായോ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ അക്രമത്തിന്റെ ഭാഗമാകുന്നുണ്ട്. 
കേരള രാഷ്ട്രീയത്തിന് മികച്ച നിലപാടുകളും നേതാക്കളെയും സമ്മാനിച്ച കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ അപഖ്യാതി നേടുന്നത് ഭൂഷണമായ കാര്യമല്ല. അക്രമങ്ങൾക്ക് പിന്നിൽ ഏത് രാഷ്ട്രീയ പാർട്ടികളാണെന്ന ചോദ്യത്തേക്കാൾ പ്രധാനം കണ്ണൂരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വളർത്തിക്കൊണ്ടു വരുന്ന രാഷ്ട്രീയ സംസ്‌കാരം എന്താണെന്നതാണ്. അവിടെ ഭാവിയിൽ സമാധാനം പുലരണമെങ്കിൽ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ ബാലപാഠങ്ങൾ മാറ്റയെഴുതേണ്ടതുണ്ട്. അക്രമത്തിലൂടെയാണ് പാർട്ടി വളരുന്നതെന്ന തെറ്റായ പാഠം ഇനിയും അണികളെ പഠിപ്പിച്ചുകൂടാ. സമാധാനത്തിന്റെ പ്രാധാന്യം സ്വന്തം ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ചേർക്കാൻ നേതാക്കൾ ആദ്യം തയാറാകേണ്ടതുണ്ട്. കൊലപാതകങ്ങൾക്ക് ശേഷം സമാധാന യോഗങ്ങളിൽ ശാന്തിമന്ത്രങ്ങളോതുകയും ശേഷം വീണ്ടും അക്രമത്തിന് രഹസ്യ പിന്തുണ നൽകുകയും ചെയ്യുന്നത് രാഷ്ട്രീയ കാപട്യമാണ്. ജനാധിപത്യത്തെ രക്തപങ്കിലമാക്കുകയും മനുഷ്യ വിരുദ്ധമാക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും അവയുടെ പ്രയോഗ രീതികൾക്കും ചേർന്നതല്ല. വരുംതലമുറയുടെ ജീവിത രേഖ രക്തക്കറ കൊണ്ട് വരക്കാൻ നേതാക്കൾ ശ്രമിക്കരുത്. സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രകാക നാളങ്ങൾ നാട്ടിലും യുവമനസ്സുകളിലും പരത്താനാണ് നേതാക്കൾ മുന്നോട്ടു വരേണ്ടത്.
 

Latest News