Sorry, you need to enable JavaScript to visit this website.

പെട്ടെന്നുള്ള രാജിയിലേക്ക് ജലീലിനെ നയിച്ചത് ഇങ്ങിനെ

മലപ്പുറം- ഹൈക്കോടതി തീരുമാനമെത്തും മുമ്പേ മന്ത്രി ജലീൽ രാജിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം. മന്ത്രിയെ എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ച ശേഷം സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രാജിവെക്കണമെന്ന് ജലീലിനോട് നിർദ്ദേശിച്ചത്. ലോകായുക്തയുടെ വിധി വന്ന ശേഷം ജലീലിന്റെ രാജിയിൽ ഇടതുമുന്നണിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെട്ടിരുന്നു. പാർട്ടിയിലും പ്രശ്‌നങ്ങൾ രൂപപ്പെടുമെന്ന തോന്നലുണ്ടായതോടെ സി.പി.എം ഇക്കാര്യത്തിൽ കടുത്ത തീരുമാനം എടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ജലീലിന്റെ രാജിയിൽ സി.പി.എമ്മും സർക്കാറും തീരുമാനം എടുത്തത്. ബന്ധു നിയമന വിവാദത്തിൽ മന്ത്രി ഇ.പി ജയരാജനെ രാജിവെപ്പിച്ച പാർട്ടി നേതൃത്വം ജലീലിനെ സംരക്ഷിക്കുകയാണ് എന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെയുണ്ടായി. ഇതോടെ ജലീലിനെ സംരക്ഷിക്കാനുള്ള എല്ലാ വഴിയും അടയുകയും ചെയ്തു. 
കേസ് നടത്തിപ്പിൽ കെ.ടി ജലീലിന് വീഴ്ച സംഭവിച്ചതായും സി.പി.എം വിലയിരുത്തി. കേസിനെ ജലീൽ സമീപിച്ച രീതിയിലാണ് പാർട്ടിക്ക് അതൃപ്തി. 
ജലീലിന്റെ രാജിയെ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ സ്വാഗതം ചെയ്തു. ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണ് ജലീൽ സ്വീകരിച്ചതെന്നും വിജയരാഘവൻ വ്യക്തമാക്കി. ഒരു ഭാഗത്തുനിന്നും പിന്തുണ ലഭിക്കാത്തത് കൊണ്ടാണ് ജലീലിന് രാജിവെക്കേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജലീലിനെ സംരക്ഷിക്കാനുള്ള തീരുമാനമാണ് പാർട്ടിക്കുണ്ടായിരുന്നത്. ഒരു ധാർമ്മികതയുമില്ലാത്ത രാജിയാണ് ജലീലിന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി.
 

Latest News