കൊച്ചി-ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ച വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി. നീതി പീഠം ദൈവത്തെ പോലെയാണ്. അമീറിന് ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെ ശിക്ഷ കിട്ടി. ഈ ലോകത്ത് ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവാന്‍ പാടില്ല. എന്റെ മകള്‍ക്ക് വേണ്ടി നില കൊണ്ട എല്ലാവര്‍ക്കും നന്ദിയെന്നും രാജേശ്വരി പറഞ്ഞു.
ജിഷ വധക്കേസിലെ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി.സന്ധ്യ പ്രതികരിച്ചു. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് വിധി. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നുവെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
കേസിലെ ഏകപ്രതി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും ശിക്ഷിച്ചു. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു.