വയോധികനെ കൊന്ന മനോരോഗിയെ നാട്ടുകാർ ജീവനോടെ കത്തിച്ചു

പട്ന- ബിഹാറില്‍ വൃദ്ധനെ കൊലപ്പെടുത്തിയ മനോരോഗിയെ ആള്‍ക്കൂട്ടം ജീവനോടെ കത്തിച്ചു. ഭോജ്പൂർ ജില്ലയിലെ ഉദ്വന്ത് നഗർ പോലീസ് സ്റ്റേഷന് കീഴിലുള്ള ബക്രി ഗ്രാമത്തിലാണ് സംഭവം. 

35 കാരനായ മുണ്ടുൻ യാദവിനെയാണ് ക്ഷുഭിതരായ ജനക്കൂട്ടം ജീവനോടെ കത്തിച്ചതെന്ന് ഉദ്വന്ത് നഗറിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസർ ജ്യോതി സാഹ പറഞ്ഞു.   ഗ്രാമത്തിലെ ഡിഗ്രി യാദവ് (70) എന്ന വൃദ്ധനെ കൊലപ്പെടുത്തി ഇലകള്‍ കൂട്ടി കത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് മുണ്ടുന്‍ യാദവ് ജനക്കൂട്ടത്തിന്‍റെ പിടിയിലായതെന്ന് അവർ പറഞ്ഞു.

വിവരം പ്രചരിച്ചതിനെ തുടർന്ന് ധാരാളം ഗ്രാമവാസികൾ തടിച്ചുകൂടിയാണ് മുണ്ടുന്‍ യാദവിനെ കീഴടക്കി ജീവനോടെ തീകൊളുത്തിയത്.

 50 മീറ്റർ വ്യത്യാസത്തിലാണ് കത്തിച്ച രണ്ട് മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയത്.

മൃതദേഹങ്ങൾ  പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അജ്ഞാതർക്കെതിരെ  എഫ്‌ഐആർ ഫയല്‍ ചെയ്ത പോലീസ്  പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Latest News