പകരം ചോദിക്കാന്‍ ബലാത്സംഗം; വെള്ളക്കാരിയെന്ന് കരുതി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഏഷ്യന്‍ യുവതിയെ

ഇർവിന്‍- അമേരിക്കയില്‍ ഏഷ്യക്കാർക്കെതിരെ തുടരുന്ന അതിക്രമങ്ങളോട് പകരം ചോദിക്കാന്‍ വെള്ളക്കാരിയെന്ന് കരുതി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഏഷ്യന്‍ വനിതയ തന്നെ. കാലിഫോർണിയയിലെ ഇർവിനിലാണ് സംഭവം.
ഏഷ്യൻ സ്ത്രീയെ കാറില്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസില്‍ ഏഷ്യന്‍ വംശജന്‍ ലേക് ഫോറസ്റ്റിലെ മൈക്കൽ സാങ്‌ബോംഗ് റീ (37) യെ പോലീസ് അറസ്റ്റ് ചെയ്തു.  ഏപ്രിൽ എട്ടിനാണ് ഹാർവാർഡ് അവന്യൂവില്‍  കാറില്‍ ഇരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ജീവന്‍ വേണമെങ്കില്‍ കാറിന്‍റെ പിന്‍സീറ്റിലേക്ക് മാറാന്‍ യുവതിയോട് കൈത്തോക്ക് ചൂണ്ടി ആവശ്യപ്പെടുകയായിരുന്നു. യുവതി തന്‍റെ പഴ്സും പണവും നല്‍കാമെന്ന് പറഞ്ഞെങ്കിലും അതൊക്കെ പിന്നെ മതിയെന്നാണ് പ്രതി മറുപടി നല്‍കിയതെന്ന് ഇർവിൻ പോലീസ് പറഞ്ഞു.
വാതിൽ തുറന്ന് യുവതിയെ പിൻസീറ്റിലേക്ക് തള്ളി ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളം വെക്കുകയായിരുന്നു.  
തുടർന്ന് പ്രതി വാഹനവുമായി രക്ഷപ്പെട്ടു.
നിരീക്ഷണ ക്യാമറകൾ റീയുടെ ലൈസൻസ് പ്ലേറ്റ് കണ്ടെത്തിയാണ് പോലീസ് ലേക് ഫോറസ്റ്റിലെ വീട്ടിലെത്തിയത്. അവിടെ നിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചു.
ലൈംഗികാതിക്രമത്തിനാണ് പോലീസ് കേസെടുത്ത്  ഓറഞ്ച് കൗണ്ടി ജയിലിലടച്ചത്.  ജാമ്യംലഭിക്കണമെങ്കില്‍ പത്ത് ലക്ഷം ഡോളർ കെട്ടിവെക്കണം.
വെള്ളക്കാരിയാണെന്ന് കരുതിയാണ് സ്ത്രീയെ ലക്ഷ്യമിട്ടതെന്നാണ്
 റീ നല്‍കിയ മൊഴിയുടേയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തില്‍ ഡിറ്റക്ടീവുകളുടെ നിഗമനം.

Latest News