ലോസ് ആഞ്ചലസ്- ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ നിക്ഷേപിക്കപ്പെട്ട പണം പെട്ടെന്നുതന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി വീടും കാറും വാങ്ങിയ യുവതി കുടുങ്ങി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം.
ലൂസിയാനയിലെ ഹാർവിയിലെ കെലിൻ സ്പഡോണി (33)യെ പോലീസ് അറസ്റ്റ് ചെയ്തു. ചാൾസ് ഷ്വാബ് ആൻഡ് കമ്പനിയിൽ നിന്നാണ് ഇവരുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 12 ലക്ഷം ഡോളറിലധികം മാറ്റിയത്. പണം തിരികെ നൽകാതെ ഉടന്‍തന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
സ്പഡോണി ജനുവരിയിലാണ് ചാൾസ് ഷ്വാബ് ആൻഡ് കമ്പനിയില്‍ അക്കൗണ്ട് തുടങ്ങിയത്. അടുത്തിടെ, കമ്പനി ആസ്തികൾ കൈമാറാൻ ഉപയോഗിക്കുന്ന പ്രോഗ്രാം പരിഷ്കരിച്ച് ഇന്‍സ്റ്റാള്‍ ചെയ്തു. ഫെബ്രുവരി 23 ന്, കമ്പനി സ്‌പോഡോണിയുടെ അക്കൗണ്ടിലേക്ക് 82.56 ഡോളർ ട്രാന്‍ഫർ ചെയ്യുന്നതിനു പകരം 1,205,619 ഡോളർ അബദ്ധത്തില്‍ മാറ്റുകയായിരുന്നു.
അബദ്ധം മനസ്സിലാക്കി കമ്പനി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴേക്കും സ്പഡോണി ഫണ്ട് മാറ്റിയിരുന്നു. യുവതി പുതിയ വീടും പുതിയ 2021 ഹ്യുണ്ടായ് ജെനസിസും വാങ്ങി.
മോഷണം, ബാങ്ക് തട്ടിപ്പ്, അനധികൃത ഫണ്ട് കൈമാറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ജെഫേഴ്സൺ പാരിഷ് ഷെരീഫിന്റെ ഓഫീസിലെ ജോലിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
അബദ്ധത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട ഫണ്ട് തിരികെ നൽകാൻ ഉദ്ദേശിച്ചിട്ടേയില്ലെന്നാണ് അവരുടെ നടപടികള്‍ തെളിയിച്ചതെന്ന് കോടതി രേഖകള്‍ പറയുന്നു.