ഹൂസ്റ്റണ്‍- കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ നഗരമായ ബ്രൂക്‌ലിന്‍ സെന്റര്‍ പ്രതിഷേധത്തില്‍ മുങ്ങി. ജോര്‍ജ് ഫ്‌ളോയ്ഡ് സംഭവത്തെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങളാണ് രണ്ടു ദിവസമായി ഇവിടെ അരങ്ങേറുന്നത്.
ഞായറാഴ്ച മിനിയാപൊലീസ് നഗരത്തില്‍ ട്രാഫിക് പരിശോധനക്കിടെയാണ് 20 കാരനായ ഡാന്‍ട് റൈറ്റ് വെടിയേറ്റ് മരിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. തിങ്കളാഴ്ച രാവിലെ തെരുവില്‍ അക്രമാസാക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പോലീസ് ആകാശത്തേക്കു വെടിവച്ചു. പോലീസുമായി ഏറ്റുമുട്ടിയ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ മുന്‍ മിനാപൊലിസ് പോലീസ് ഉദ്യോഗസ്ഥനായ ഡെറക് ചൗവിന്റെ വിചാരണയുടെ 11-ാം ദിവസത്തിന് മണിക്കൂറുകള്‍ക്കു മുന്‍പാണു ബ്രൂക്‌ലിന്‍ സെന്ററില്‍ പ്രതിഷേധം ആരംഭിച്ചത്.
ഞായറാഴ്ച രാത്രി ബ്രൂക്‌ലിന്‍ സെന്റര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് പുറത്തു പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് ഉദ്യോഗസ്ഥര്‍ റബര്‍ ബുള്ളറ്റുകളും കെമിക്കല്‍ ഏജന്റും ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ ചിലര്‍ പാറകള്‍, മാലിന്യ സഞ്ചികള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ പൊലീസിനു നേരെ എറിഞ്ഞു. ബ്രൂക്‌ലിന്‍ സെന്റര്‍ മേയര്‍ രാവിലെ 6 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു, തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കി. നഗരത്തിലെങ്ങും വന്‍ സുരക്ഷയാണു വിന്യസിച്ചിരിക്കുന്നത്.