Sorry, you need to enable JavaScript to visit this website.

കോവിഡ് മാരക ആഘാതം തുടരുന്നതിനിടെ ഇന്ത്യയില്‍ മൂന്നാമത്തെ വാക്സിന്‍, കൂടുതല്‍ വിവരങ്ങള്‍

ന്യൂദൽഹി- രാജ്യത്ത് കോവിഡ് രണ്ടാം തരംഗം മാരക ആഘാതം ഏല്‍പിച്ചു കൊണ്ടിരിക്കെ, മൂന്നാമതൊരു വാക്സിന്‍ കൂടി ഉപയോഗിക്കുന്നു. സുരക്ഷിതവും നിലവില്‍ കോവിഷീല്‍ഡെന്ന പേരില്‍ ഉപയോഗിക്കുന്ന ഓക്സ്ഫഡ്- ആസ്ട്രാസെനക്ക വാക്സിന് സമാനമാണെന്ന നിഗമനത്തിലാണ് റഷ്യ വികസിപ്പിച്ച സ്പുട്നിക് ഫൈവ് കൂടി കുത്തിവെക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

കോവിഡിനെതിരെ 92 ശതമാനം പ്രതിരോധം ഉറപ്പാക്കുന്നതാണ് സ്പുട്നിക് വാക്സിനെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ട്രയല്‍ഫലങ്ങള്‍ അവകാശപ്പെടുന്നു. ഇന്ത്യ ഇതിനകം 100 ദശലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. നേരത്തെ അംഗീകരിച്ച കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയാണ് നിലവില്‍ കുത്തിവെക്കുന്നത്.

ബ്രസീലിനെ പിറകിലാക്കി ഇന്ത്യ ആഗോളതലത്തില്‍ കോവിഡ് ബാധയില്‍ രണ്ടാം സ്ഥാനത്തെത്തിയ ദിവസമാണ് സ്പുട്നിക് ഫൈവ് വാക്സിനു കൂടി അംഗീകാരം നല്‍കിയിരിക്കുന്നത്.  
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതോടെ  ഇറക്കുമതി ചെയ്യുന്ന ആദ്യ കോവിഡ് വാക്സിനാണ് സ്പുട്നിക്. മറ്റു രണ്ട് വാക്സീനുകളും തദ്ദേശീയമായി നിർമിക്കുന്നവയാണ്.
സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ ട്രയൽ നടത്തിയ ഹൈദരാബാദ് കമ്പനിയായ ഡോ. റെഡ്ഡീസിനു തന്നെയാണ്  ഇറക്കുമതി കരാർ. 10 കോടി ഡോസ് വിതരണം ചെയ്യാൻ ഡോ. റെഡ്ഡീസും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി നേരത്തെ കരാറുണ്ട്.

ഇന്ത്യയിൽ 1500 പേരില്‍ രണ്ട് മൂന്ന് ഘട്ട ട്രയലുകൾ നടന്നെങ്കിലും അന്തിമ ഫലം പുറത്തുവന്നിട്ടില്ല.  ഇടക്കാല ട്രയൽ ഫലമാണ് വിദഗ്ധ സമിതി പരിഗണിച്ചത്.  കോവിഡ് ബാധിച്ച്  ഭേദമായവരെക്കാൾ ഒന്നര മടങ്ങ് പ്രതിരോധ ശേഷി സ്പുട്നിക് സ്വീകരിച്ചവർക്കുണ്ടെന്നാണു റഷ്യ അവകാശപ്പെടുന്നത്. എല്ലാ പ്രായക്കാരിലും ഒരുപോലെ ഫലപ്രദമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് അംഗീകാരം നൽകിയ രാജ്യം റഷ്യയാണ്. ട്രയല്‍ പൂർത്തിയാകാതെ സ്പുട്നിക് വാക്സിന് അംഗീകാരം നല്‍കിയെന്ന ആരോപണം ഉയർന്നിരുന്നുവെങ്കിലും പിന്നീടു ട്രയൽ ഫലം പ്രസിദ്ധീകരിച്ചതോടെ ലോകരാജ്യങ്ങൾ അംഗീകരിച്ചു. സ്പുട്നിക്കിന് ഇതിനകം 59 രാജ്യങ്ങൾ അനുമതി നൽകിയിട്ടുണ്ട്.

Latest News