മൂന്നാര്‍ സ്‌പെഷല്‍ റവന്യു ഓഫീസ് അജ്ഞാതര്‍ താഴിട്ടു പൂട്ടി

ഇടുക്കി- മൂന്നാര്‍ സ്‌പെഷല്‍ റവന്യു ഓഫീസ് അജ്ഞാതര്‍ താഴിട്ടുപൂട്ടി. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിനും അനധിക്യത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനും സ്ഥാപിച്ച കെട്ടിടമാണ് അവധി ദിവസത്തില്‍ അജ്ഞാതര്‍ താഴിട്ടുപൂട്ടിയത്. 2008ല്‍ വ്യാജപട്ടയങ്ങളുടെ മറവില്‍ സ്ഥാപിച്ച കെട്ടിടവും സമീപത്തെ അമ്പത് സെന്റ് ഭൂമിയും റവന്യു വകുപ്പ് ഏറ്റെടുത്തതാണ്. 2014 ല്‍ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ഭൂസംരക്ഷണ സേനയെ നിയോഗിച്ചതോടെ കെട്ടിടം സപെഷല്‍ ഓഫീസാക്കി പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നുമാസം മുമ്പ് ദേവികുളത്തെ സിവില്‍ സ്റ്റേഷനിലേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റിയെങ്കിലും ഫയലുകള്‍ പലതും കെട്ടിടത്തില്‍ തന്നയാണുള്ളത്. റവന്യു ഇന്‍സ്‌പെക്ടര്‍ കെട്ടിത്തില്‍തന്നെയാണ് താമസിക്കുന്നതും. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ഇദ്ദേഹം നാട്ടില്‍ പോയപ്പോഴാണ് കെട്ടിടം അജ്ഞാതര്‍ താഴിട്ടുപൂട്ടിയത്. തിങ്കളാഴ്ച രാവിലെ ഓഫീസ് തുറക്കുവാന്‍ എത്തിയ റവന്യു ഉദ്യോഗസ്ഥരാണ് പുതിയ താഴിട്ട് പൂട്ടിയത് കണ്ടത്. വിവരം ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പോലീസിന്റെ സഹായത്തോടെ പൂട്ട് തല്ലിപൊളിക്കുകയായിരുന്നു. ഓഫീസിന്റെ ബോര്‍ഡ് സമീപത്തെ പൊന്തക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയിലുമായിരുന്നു. ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നത് പരിശോധനക്കു ശേഷമെ വ്യക്തമാകു. സംഭവത്തില്‍ മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News