തിരുവനന്തപുരം- ബന്ധുനിയമന കേസില്‍ മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നല്‍കിയ പ്രഹരമേല്‍പിച്ച ആഘാതം തടുക്കാന്‍ മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജിയുടെ വീട്ടിലെ അരക്കോടി രൂപ ഇടതുമുന്നണിയേയും സി.പി.എമ്മിനേയും സഹായിക്കും.
ബന്ധുനിയമനക്കാര്യത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്ന് അസന്നിഗ്ധമായി കണ്ടെത്തിയ ലോകായുക്ത രൂക്ഷമായ വാക്കുകളിലാണ് വിധി എഴുതിയിരിക്കുന്നത്. വിശ്വാസ്യതയില്ലാത്ത മന്ത്രിയാണെന്ന് വരെ പറയുന്ന വിധിയില്‍ മന്ത്രിക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുമുണ്ട്. സി.പി.എം നേതാക്കള്‍ വിധിയെ ലഘൂകരിച്ച് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അതിന്റെ ഗൗരവം പാര്‍ട്ടിക്ക് നന്നായറിയാം.
മാത്രമല്ല, പാര്‍ട്ടി അംഗം പോലുമല്ലാത്ത ജലീലിനെ അനാവശ്യമായി സംരക്ഷിക്കുന്നു എന്ന പ്രതീതി പ്രമുഖ നേതാക്കള്‍ക്കിടയിലുണ്ട്. ജലീലിനെ അനുകൂലിച്ച് സംസാരിച്ച നിയമമന്ത്രി എ.കെ ബാലനെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി തിരുത്തിയത് ശ്രദ്ധേയമാണ്. ജലീലിനെച്ചൊല്ലി തന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതില്‍ മുഖ്യമന്ത്രി ഖിന്നനുമാണ്. ജലീലിനെ തള്ളാനും കൊള്ളാനും വയ്യാത്ത പരുവത്തിലാണ് പാര്‍ട്ടി.
ഈ സാഹചര്യത്തിലാണ് കെ.എം. ഷാജിയുടെ വീട്ടില്‍ ഇന്നലെ റെയ്ഡ് നടന്നത്. 50 ലക്ഷം രൂപ പിടിച്ചെടുക്കുക കൂടി ചെയ്തതോടെ സി.പി.എം കേന്ദ്രങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഷാജിയുടെ വീട്ടില്‍ പണമുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് സൂചന. ജലീല്‍ വിവാദം ഏതാനും ദിവസം മറച്ചുപിടിക്കുവാന്‍ ഷാജി വിവാദം പാര്‍ട്ടിയെ സഹായിക്കും.
നിരവധി പരാതികളുണ്ടായിട്ടും ഷാജിക്ക് സീറ്റ് നല്‍കിയ മുസ്‌ലിം ലീഗും ഇതോടെ പ്രതിരോധത്തിലായി. നിയമം നിയമത്തിന്റെ വഴിക്ക് എന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുമെങ്കിലും ഷാജി ഏല്‍പിച്ച ആഘാതം പാര്‍ട്ടിക്ക് നടുക്കമായി. സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിട്ടും ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.