മഹാരാഷ്ട്രയില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

മുംബൈ - രാജ്യത്ത് ഏറ്റവുമധികം കോവിഡ് വ്യാപിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താം ക്ലാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗായ്കവാദ് അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം കൃത്യമായ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

മുംബൈ, പൂനെ, നാഗ്്പൂര്‍ എന്നിവിടങ്ങളിലടക്കം നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികളേയും തീരുമാനം ബാധിക്കും. പരീക്ഷക്ക് ശേഷം കേരളത്തിലേക്ക് വരാന്‍ കാത്തിരുന്ന കുടുംബങ്ങള്‍ ഇതോടെ നിരാശയിലായി.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 63,294 കേസുകളാണ് മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. 349 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34,07,245 ആയി ഉയര്‍ന്നിരുന്നു. 57,987 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ധ ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ തുടങ്ങി വിവിധ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest News