കണ്ണൂർ- വീട്ടിൽനിന്നും പിടിച്ചെടുത്ത അരക്കോടി രൂപയുടെ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ അറസ്റ്റ് നടന്നേക്കുമെന്ന് സൂചന. പിടിച്ചെടുത്ത പണത്തിന് രേഖയുണ്ടെന്നും ഇത് ഹാജരാക്കുമെന്നുമാണ് ഷാജി വ്യക്തമാക്കിയത്. ബന്ധുവിന്റെ ഭൂമി കച്ചവടത്തിന് വേണ്ടി നൽകിയ തുകയാണ് എന്നാണ് ഷാജി പറയുന്നത്. തെരഞ്ഞെടുപ്പു ചെലവുകൾക്കായി സമാഹരിച്ച തുകയാണിതെന്നാണ് പറയുന്നത്. എന്നാൽ ഇതിന്റെ രേഖ ഹാജരാക്കാൻ പറ്റിയില്ലെങ്കിൽ ഷാജി കുടുങ്ങും. അതിനിടെ, പണത്തിന് പുറമെ ഒട്ടേറെ രേഖകളുടെ ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ സി.പി.എം പ്രവർത്തകൻ അഡ്വ. ഹരീഷ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ 2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഷാജി, കണക്കിൽ കാണിച്ചതിനെക്കാൾ 166 ശതമാനം സ്വത്ത് അധികം സമ്പാദിച്ചതായി വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കോടതി അനുവദിച്ചതിന് പിന്നാലെ കേസെടുക്കുകയും തിങ്കളാഴ്ച രാവിലെ മുതൽ ഷാജിയുടെ കണ്ണൂർ ചാലാട്ടെയും, കോഴിക്കോട്ടെയും വീടുകളിൽ ഒരേ സമയം വിജിലൻസ് റെയ്ഡ് ആരംഭിക്കുകയുമായിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് ചാലാട് മണലിലെ വീട്ടിൽ വിജിലൻസ് സംഘം റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് 12 മണിക്കൂറിലേറെ നീണ്ടു. ഇതിനിടയിലാണ് കണക്കിൽ പെടാത്ത 50 ലക്ഷം രൂപ പിടിച്ചെടുത്തത്. ഷാജിയും കുടുംബവും കോഴിക്കോടാണ് ഉള്ളത്.