Sorry, you need to enable JavaScript to visit this website.

വിവാദ പ്രസംഗങ്ങളുടെ പേരില്‍ മമതക്ക് പ്രചാരണ വിലക്ക്

കൊല്‍ക്കത്ത- തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. മുസ്‌ലിം വോട്ടുകളെക്കുറിച്ച പരാമര്‍ശത്തിലൂടെ ചട്ടലംഘനം നടത്തി, കേന്ദ്രസുരക്ഷാ സേനക്കെതിരേ കലാപം നടത്താന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ ചൊവ്വാഴ്ച രാത്രി എട്ടുവരെയാണ് വിലക്ക്. മാര്‍ച്ച് 28, ഏപ്രില്‍ ഏഴ് തീയതികളില്‍ നടത്തിയ പ്രസംഗങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ മമതക്ക് നോട്ടീസ് നല്‍കിയിരുന്നു.

'വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്താന്‍ ആരാണ് കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയത്. 2016ലും 2019ലും ഞാന്‍ ഇത് കണ്ടു. ആരുടെ നിര്‍ദേശ പ്രകാരമാണ് അവര്‍ ജനങ്ങളെ അടിക്കുന്നതെന്ന് എനിക്കറിയാം. കുടുംബത്തെ രക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ അമ്മയെയോ, സഹോദരിമാരേയോ അവര്‍ വടി ഉപയോഗിച്ച് അടിക്കുകയാണെങ്കില്‍ അവരെ തവിയോ തൂമ്പയോ കത്തിയോ ഉപയോഗിച്ച് ആക്രമിക്കണം. ഇത് സ്ത്രീകളുടെ അവകാശമാണ്. നിങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വോട്ടിംഗിന് പ്രവേശനം നിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ എല്ലാവരും പുറത്തുവന്ന് പ്രക്ഷോഭം നടത്തണം' എന്നായിരുന്നു മാര്‍ച്ചില്‍ നടത്തിയ പ്രസംഗത്തില്‍ മമത പരാമര്‍ശിച്ചത്.
ഏപ്രില്‍ മൂന്നിന് ഹൂഗ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന് താന്‍ തൊഴുകൈയോടെ അഭ്യര്‍ഥിക്കുന്നതായി മമത പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന് എത്ര നോട്ടീസുകള്‍ വേണമെങ്കിലും തനിക്ക് നല്‍കാം, പക്ഷേ തന്റെ മറുപടി ഒന്നു തന്നെയായിരിക്കുമെന്നാണ് ഇതിനോട് മമത പ്രതികരിച്ചത്. ഹിന്ദു-മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനെതിരായി താന്‍ എപ്പോഴും ശബ്ദമുയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതിനെതിരേ താന്‍ നിലകൊളളുമെന്നും അവര്‍ പറഞ്ഞു.

 

Latest News