കിഴക്കന്‍ ജൂറസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം  ഫലസ്തീനികളുടെ അവകാശം- സല്‍മാന്‍ രാജാവ്

ശൂറാ കൗണ്‍സിലില്‍ സല്‍മാന്‍ രാജാവ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നു.

റിയാദ്- കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശം അടക്കം നിയമാനുസൃതമായ മുഴുവന്‍ അവകാശങ്ങളും ഫലസ്തീനികള്‍ക്ക് വീണ്ടുകിട്ടണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. ഏഴാമത് ശൂറാ കൗണ്‍സിലിന്റെ രണ്ടാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. 


ഫലസ്തീന്‍ പ്രശ്‌നം അടക്കമുള്ള മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണണം. 
ജറൂസലവുമായി ബന്ധപ്പെട്ട അമേരിക്കന്‍ തീരുമാനത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. ജറൂലസമിന്റെ മേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശങ്ങള്‍ അന്താരാഷ്ട്ര തീരുമാനങ്ങള്‍ ഉറപ്പുനല്‍കുന്നതാണ്. ഇതിനെതിരാണ് അമേരിക്കന്‍ തീരുമാനം. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളും വിഭാഗീയ സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കുന്നതും മേഖലയെ അസ്ഥിരപ്പെടുത്തുന്നതും ചെറുക്കാന്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് സൗദി അറേബ്യ പ്രവര്‍ത്തിക്കും. 
പ്രാദേശിക, ആഗോള സംഘടനകളില്‍ സൗദി അറേബ്യക്ക് നിര്‍ണായക പങ്കുണ്ട്. പ്രാദേശിക, ആഗോള തലത്തില്‍ സൗദി അറേബ്യക്കുള്ള സ്വീകാര്യതയാണ് ചരിത്രപരമായ ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നതിന് രാജ്യത്തെ സഹായിച്ചത്. ഭീകര വിരുദ്ധ പോരാട്ട മേഖലയില്‍ മുന്‍നിര പങ്ക് വഹിക്കുന്നത് സൗദി അറേബ്യ തുടരും. സൗദി അറേബ്യ അടക്കം നിരവധി രാജ്യങ്ങള്‍ ഭീകരാക്രമണങ്ങള്‍ക്ക് വിധേയമായി. നിരവധി നിരപരാധികള്‍ക്ക് ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയും വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഭീകര വിരുദ്ധ പോരാട്ടത്തിന് ഇസ്‌ലാമിക സൈനിക സഖ്യം സ്ഥാപിക്കുന്നതിന് സൗദി അറേബ്യ മുന്‍കൈയെടുത്തു. തീവ്രവാദത്തെ ആശയ തലത്തില്‍ ചെറുക്കുന്നതിനും മിതവാദ, സഹിഷ്ണുത ആശയങ്ങള്‍ രൂഢമൂലമാക്കുന്നതിനും ആഗോള കേന്ദ്രം സ്ഥാപിച്ചു. ഭീകരതയെ പാടെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം. 
യെമനികളെ സഹായിക്കാനുള്ള ബാധ്യത നിറവേറ്റാനാണ് യെമനില്‍ സൈനിക നടപടി ആരംഭിച്ചത്. യെമനിലെ മുഴുവന്‍ പ്രദേശങ്ങളും നിയന്ത്രണത്തിലാക്കുന്നതു വരെ നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നല്‍കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. 
യു.എന്‍ രക്ഷാസമിതി 2216-ാം പ്രമേയത്തിനും ഗള്‍ഫ് സഹകരണ പദ്ധതിക്കും യെമന്‍ ദേശീയ സംവാദത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്കും അനുസൃതമായി യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. 
ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സൗദി അറേബ്യ ഇടപെടുകയും ദുരിതങ്ങളനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ രൂഢമൂലമാക്കുന്നതിനും ലോകത്തെ വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സൗദി അറേബ്യ പരിശ്രമിക്കും. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചതും പ്രശ്‌നം യു.എന്നിന്റെ മുന്നിലെത്തിച്ചതും സല്‍മാന്‍ രാജാവ് അനുസ്മരിച്ചു.

Latest News