അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടം തുടരും-സല്‍മാന്‍ രാജാവ്

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ ശൂറാ കൗണ്‍സിലില്‍ സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം ആലുശൈഖ് സ്വീകരിച്ചപ്പോള്‍.

തീവ്രവാദികള്‍ക്ക് സൗദിയില്‍ സ്ഥാനമില്ല 

റിയാദ് - മിതവാദത്തെ ജീര്‍ണതയും അധഃപതനവുമായി കാണുകയും തങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് മതത്തെ ദുരുപയോഗിക്കുകയും ചെയ്യുന്ന തീവ്രവാദികള്‍ക്ക് സൗദിയില്‍ സ്ഥാനമില്ലെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. 
തീവ്രവാദ വിരുദ്ധ പോരാട്ടത്തെ ജീര്‍ണതകള്‍ പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗവും അവസരവുമായി കാണുന്ന അധമന്മാര്‍ക്കും രാജ്യത്ത് സ്ഥാനമില്ലെന്ന് രാജാവ് പറഞ്ഞു. ഏഴാമത് ശൂറാ കൗണ്‍സിലിന്റെ രണ്ടാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. 
അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാകാതെ വികസനത്തിന്റെയും നവീകരണത്തിന്റെയും പാതയില്‍ മുന്നോട്ടുപോകാനാണ് രാജ്യം ശ്രമിക്കുന്നത്. 
പൗരന്മാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പാര്‍പ്പിട പദ്ധതി അടക്കം പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഏതാനും പദ്ധതികള്‍ വിപുലീകരിക്കുന്നതിനും മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
അഴിമതി സമൂഹത്തെ തകര്‍ക്കുകയും വികസനത്തിനും അഭിവൃദ്ധിക്കും വിലങ്ങുതടിയാവുകയും ചെയ്യും. നീതിപൂര്‍വമായും നിശ്ചയദാര്‍ഢ്യത്തോടെയും അഴിമതി വിരുദ്ധ പോരാട്ടം നടത്തും. അഴിമതി വിരുദ്ധ പോരാട്ടം പൗരന്മാര്‍ ആഗ്രഹിക്കുന്ന വികസനവും അഭിവൃദ്ധിയും സാധ്യമാക്കും. ഈ ലക്ഷ്യത്തോടെയാണ് കിരീടാവകാശിയുടെ അധ്യക്ഷതയില്‍ അഴിമതി വിരുദ്ധ കമ്മിറ്റി സ്ഥാപിച്ചത്. അഴിമതിക്കാര്‍ തുലോം കുറവാണ്. ഇവര്‍ നടത്തിയ അഴിമതി രാജകുമാരന്മാര്‍, മന്ത്രിമാര്‍, വ്യവസായികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദേശ തൊഴിലാളികള്‍, വിദേശ നിക്ഷേപകര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഒരുതരത്തിലുള്ള കളങ്കവും ചാര്‍ത്തില്ല. 
രാജ്യത്തിന്റെ പ്രശോഭിതമായ ഭാവി മുന്നില്‍ കണ്ടാണ് വിഷന്‍ 2030 പദ്ധതി അംഗീകരിച്ചത്. വിഷന്‍ പദ്ധതി ലക്ഷ്യങ്ങള്‍ നേടുന്നതിന് ചില സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിക്കുകയും പൊതുസമൂഹത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ചില സുപ്രധാന തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യരക്ഷ ശക്തിപ്പെടുത്തുകയും ഭീകര വിരുദ്ധ പോരാട്ടം ആരംഭിക്കുകയും ദേശീയ വളര്‍ച്ചയിലും പുരോഗതിയിലും പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്തു. സാമ്പത്തിക വികസനത്തില്‍ സുപ്രധാന പങ്കാളിയെന്നോണം സ്വകാര്യ മേഖല വഹിക്കുന്ന പങ്കിനെ പ്രശംസിക്കുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് സ്വകാര്യ മേഖല കരുത്തുപകരുകയും സൗദി യുവതീയുവാക്കള്‍ക്ക് കൂടുതലായി തൊഴില്‍ നല്‍കുകയും സാങ്കേതികവിദ്യകള്‍ സ്വദേശിവല്‍ക്കരിക്കുകയും ചെയ്യണം. കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിന് സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കുന്നത് സര്‍ക്കാര്‍ തുടരും. 
സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലൂടെയും വരുമാന സ്രോതസ്സുകളുടെ വിപുലീകരണത്തിലൂടെയും ലഭ്യമായ വിഭവങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിയും വികസിത രാജ്യങ്ങളുടെ നിരയിലേക്ക് സൗദി അറേബ്യയെ എത്തിക്കുന്നതിനും വികസനം ശക്തിപ്പെടുത്തുന്നതിനുമാണ് വിഷന്‍ 2030 പദ്ധതി ആസൂത്രണം ചെയ്തത്. പ്രാദേശിക, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരും. കൂടുതല്‍ മത്സര ശേഷിയുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദത്തിലെ ബജറ്റ് കമ്മി 40 ശതമാനം കുറഞ്ഞിട്ടുണ്ട്. വിദേശത്തു നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിന് സൈനിക, ഉപഭോക്തൃ വ്യവസായ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും സ്വകാര്യവല്‍ക്കരണം ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഈ നടപടികളിലൂടെ മികച്ചതും സുസ്ഥിരവുമായ വരുമാനം നേടുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-സല്‍മാന്‍ രാജാവ് പറഞ്ഞു.
 

Latest News