ന്യൂദല്‍ഹി/കൊച്ചി- കേരളത്തില്‍നിന്ന് ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടത്തും. ചൊവ്വാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മെയ് രണ്ടിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേരള ഹൈക്കോടതി ഇന്ന് രാവിലെ പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്ന് അടിയന്തരമായി കമ്മീഷന് തീയതി പ്രഖ്യാപിക്കുകയായിരുന്നു.
നിലവിലെ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനു മുമ്പുതന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് പി.വി. ആശ ഇടക്കാല ഉത്തരവ് നല്‍കുകയായിരുന്നു. നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എം.എല്‍.എയും സമര്‍പ്പിച്ച ഹരജികളിലാണ് ഉത്തരവ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്കി. ഏപ്രില്‍ 12 ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പാണ് കമ്മീഷന് വ്യക്തമായ കാരണമില്ലാതെ മാറ്റിയത്. വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ കാലാവധി അവസാനിച്ചതാണ് ഒഴിവു വരാന്‍ കാരണം.
കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കാതെയാണ് ഹൈക്കോടതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഏപ്രില്‍ 21 ന് മുമ്പ് വിജ്ഞാപനം ഉണ്ടാകുമെന്ന് അറിയിച്ച കമ്മീഷന് നിലവിലുള്ള നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമോ എന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ രണ്ട് സീറ്റിലേക്ക് ഇടതുപക്ഷത്തിനും ഒരു സീറ്റില്‍ യു.ഡി.എഫിനും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാം. വരാന്‍ പോകുന്ന നിയമസഭാംഗങ്ങളാണ് വോട്ട് ചെയ്യുന്നതെങ്കില്‍ ഇതില്‍ മാറ്റംവരാം. അതിനാലാണ് സി.പി.എം അടിയന്തരമായി ഹരജി നല്‍കിയത്.
ഏത് നിയമസഭയിലെ അംഗങ്ങള്‍ വോട്ട് ചെയ്യണം എന്നതല്ല പ്രധാന ഘടകമെന്നും അംഗങ്ങളുടെ ഒഴിവ് നികത്താത്തത് രാജ്യസഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നതിലാണ് കമ്മീഷന്റെ ശ്രദ്ധയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നതായി കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതിയ നിയമസഭക്കാണ് ഇപ്പോഴത്തെ ജനഹിതം പ്രതിഫലിപ്പിക്കാനാകുകയെന്ന് നിയമ മന്ത്രാലയം അറിയിച്ചതായും കമ്മീഷന് വ്യക്തമാക്കിയിരുന്നു.






