Sorry, you need to enable JavaScript to visit this website.

പടർന്നു പിടിക്കുന്ന പേടി


പോയ ഒരു പംക്തിയിൽ സോപ്പു സംസ്‌കാരത്തെപ്പറ്റി ഒഴുക്കൻ മട്ടിൽ പറയുകയുണ്ടായി. കുളം കുളിമുറിയിലേക്കു ചുരുങ്ങുകയും തേച്ചുകുളിക്കാൻ ഇഞ്ചക്കും താളിക്കും പകരം സോപ്പും ഷാമ്പുവും ചന്തയിൽ നിറയുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചു പോയെന്നേയുള്ളൂ. ഒന്നിനൊന്നു മെച്ചപ്പെട്ടതെന്നു സ്ഥാപിക്കാനോ ഗൃഹാതുരത്വത്തോടെ ഗുണദോഷ വിചാരം ചെയ്യാനോ ഉദ്ദേശിച്ചിരുന്നില്ല. ഗുണദോഷ ചിന്തയിലേക്കു കടക്കണ്ടേ എന്നു തോന്നിക്കുന്ന ചില ലേഖനങ്ങൾ പിന്നെ വായിക്കുകയുണ്ടായി. ഗാർഡിയൻ എന്ന ഇംഗ്ലീഷ് പത്രത്തിൽ കണ്ട ഒരു ലേഖനം സവിശേഷ ശ്രദ്ധ ആകർഷിച്ചു. 
സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ രാസഘടനയെപ്പറ്റി കാൽപനിക ഭംഗിയോടെ, ധർമരോഷം വമിച്ച്, സംസാരിച്ചുകൊണ്ടേ പോകാം. ഇഞ്ചയുടെയും താളിയുടെയും സംസ്‌കൃതി കൈമോശം വന്നിരിക്കുന്നു; സീതയുടെ മുടിയായി, വേലിപ്പടർപ്പായി വളരുന്ന ഉഴിഞ്ഞയുടെ പുരാവൃത്തം പറഞ്ഞിരിക്കാൻ മുത്തശ്ശിമാർക്ക് വയ്യാതായിരിക്കുന്നു. ലോഷന്റെയും വാസന സോപ്പിന്റെയും വരവോടെ സംഭവിച്ച സാംസ്‌കാരികാക്രമണം തടുക്കാൻ പറ്റാതായിരിക്കുന്നു. 

ഈ ഈണത്തിലുള്ള പരിദേവനമല്ല ഈ ആഴ്ചത്തെ പംക്തിയിലെ ഉള്ളടക്കം. എണ്ണമയം കഴുകിക്കളയുന്നതാണ് സോപ്പ്.  അഴുക്ക് കുതിർത്തിക്കളയുന്നതോടൊപ്പം മദം തൊടുക്കുന്ന മണവുമായാൽ ഹരമായി. മനുഷ്യ ഗന്ധത്തിനു പകരം വേറെ എന്തെല്ലാമോ മണക്കുന്ന വാസന സോപ്പിനെ വാഴ്ത്തുകയും വഴക്കിടുകയും ചെയ്യുന്നവരുടെ ശ്രദ്ധ പ്രശ്‌നത്തിന്റെ ഒരറ്റം വരെയേ എത്തുന്നുള്ളൂവെന്ന് ഇപ്പോൾ  മനസ്സിലാകുന്നു. തീർത്തും സാംസ്‌കാരികമല്ലാത്ത ഒരു വശം കൂടിയുണ്ട് സോപ്പിനെച്ചൊല്ലിയുള്ള കലഹത്തിന് എന്ന് ഉപക്രമമായി പറഞ്ഞുവെക്കട്ടെ.

എണ്ണമയം മാറ്റാൻ വ്യാവസായികമായി ഉപയോഗിക്കുന്ന സാധനങ്ങളിൽ കലർന്നിരിക്കുന്ന ഒരു രാസപദാർഥമാണ് ടി സി ഇ  എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രൈക്ലോറോ എത്തിലിൻ. പല പേരുകളിൽ, പല പകിട്ടോടെ നമ്മുടെ മെയ്യിൽ നൃത്തമാടുകയും വസ്ത്രങ്ങളിൽ സുഗന്ധം പകരുകയും ചെയ്യുന്ന സോപ്പിലും സോപ്പിൻ പൊടിയിലും അതു കലർന്നിരിക്കാം. എണ്ണമയം അകറ്റാനും അഴുക്ക് മാറ്റാനും ഉപകരിക്കുന്ന ആ പദാർഥം സോപ്പിലെന്നല്ല ഷൂ പോളിഷ് തുടങ്ങിയ എത്രയോ വീട്ടുസാധനങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് രാസ വിദഗ്ധർ പറയുന്നു. 

കൃത്രിമമായുണ്ടാക്കുന്ന ഏതു രാസപദാർഥത്തിനും എന്തെങ്കിലുമൊക്കെ പാർശ്വഫലം കാണുമെന്നത് പൊതുവായ വീട്ടുവർത്തമാനം.  അതുകൊണ്ടാകും,  പ്രകൃതിയുടെ വരദാനം അനുഭവിച്ചു മാത്രം  ജീവിക്കാൻ പരിസരവാദികളിലെ തീവ്രവിഭാഗം  ആവശ്യപ്പെടുന്നു.  പക്ഷേ ടി സി ഇ എന്ന രാസപദാർഥം കലർന്ന സാധനങ്ങൾ ചൊറിയും ചിരങ്ങും പൊള്ളലും അംഗഭംഗവും ഏൽപിച്ചുകൊണ്ട് നിർത്തുന്നില്ല. പാർക്കിൻസൺ വേർതിരിച്ചെടുത്തതായി ആധുനിക ചികിത്സയിൽ പറയുന്നതും കമ്പവാതം എന്ന് ആയുർവേദം തിരിച്ചറിയുന്നതുമായ രോഗത്തിന്റെ മുഖ്യമാരണമത്രേ ട്രൈക്ലോറോ എത്തിലിൻ. എങ്ങനെയൊക്കെ എവിടെയൊക്കെ ആ രാസപദാർഥം പതിയിരിക്കുന്നു, അല്ലെങ്കിൽ നമ്മൾ അവനെ പാത്തുവെച്ചിരിക്കുന്നു എന്ന് പഠിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. നേരം നഷ്ടപ്പെടാതിരിക്കാൻ ചിലർ ടി സി ഇയുടെ വ്യാപനം നിയന്ത്രിക്കാൻ നടപടികൾ തകൃതിയായി തുടങ്ങിയിരിക്കുന്നു.

സോപ്പുപൊടി വഴിയോ ഷൂ പോളിഷ് വഴിയോ എങ്ങനെയെങ്കിലുമാകട്ടെ, ടി സി ഇ വരുത്തിവെക്കുന്ന പാർക്കിൻസൺ രോഗം മനുഷ്യനു മല്ലിടേണ്ടി വരുന്ന വേറെ ഏതു രോഗത്തോളവും രൗദ്രമാകുന്നു. ലോകഗണിതം എടുത്താൽ, സിരാരോഗങ്ങളിൽ ഏറ്റവും വേഗത്തിൽ പടരുന്നത് കമ്പവാതം തന്നെ. റോച്ചസ്റ്റർ ചികിത്സാ കേന്ദ്രത്തിലെ ഒരു സിരാചികിൽസകന്റെ കണക്കനുസരിച്ച്, കഴിഞ്ഞ പത്തുകൊല്ലത്തിനകം ഈ രോഗം 35 ശതമാനം കൂടിയിട്ടുണ്ട്. വരുന്ന ഇരുപത്തഞ്ചു കൊല്ലത്തിനുള്ളിൽ അത് ഇരട്ടിയാകും. ആ ഡോക്ടറുടെ വക്കുകളിൽ പേടി പടരുന്നതു കാണാം. 'നമ്മൾ ഇരിക്കുന്നത് വളരെ വലിയ ഒരു മഞ്ഞുമലയുടെ അറ്റത്താണ്.'   

മഞ്ഞുമലയോ സോപ്പിലും പോളിഷിലും എണ്ണമയം കഴുകിക്കളയുന്ന എന്തിലും ഒളിഞ്ഞിരിക്കുന്ന ടി സി ഇയെപ്പറ്റി കേൾക്കാതിരുന്ന കുട്ടിക്കാലം അനുഗൃഹീതമായിരുന്നു.  കേന്ദ്ര സിരാവ്യൂഹത്തെ കടന്നാക്രമിക്കുന്ന ഈ രാസവസ്തു അന്ന് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല, രോഗവുമായി നേരിട്ട് ചെപ്പും പന്തും കളിച്ചിരുന്നില്ല. ചാറിനിൽക്കുന്ന മഴയിൽ വിറയാർന്ന കൈകളിൽ ഇല്ലം നിറക്ക് കതിർക്കുലയുമായി രാവിലെത്തന്നെ കൂനിക്കൂനി എത്തുന്ന നീലിയുടെ അവസ്ഥ അതു തന്നെയായിരുന്നു, തിരിച്ചറിയുകയോ ചികിത്സിക്കുകയോ ചെയ്യാത്ത  പാർക്കിൻസൺ രോഗം. മുറ്റമടിക്കുമ്പോൾ കൂന് തൊണ്ണൂറു ഡിഗ്രി വരെയെത്തിയിരുന്ന അവസ്ഥയും ചികിത്സിക്കുന്നതിനെപ്പറ്റി ആരും ആലോചിച്ചിരുന്നില്ല. ചായ നിറച്ച ഗ്ലാസ് തുളുമ്പാതെ എടുക്കുമ്പോഴും മൂക്കിൽ വലിക്കുന്ന ഗ്രാമണി പൊടി ചൂണ്ടുവിരലിനും തള്ളവിരലിനുമിടയിൽ ഒതുക്കി നിർത്തുമ്പോഴും കൈ വിറച്ചിരുന്ന അച്ഛനെ ഓർത്തു. ഓർമ വെച്ച കാലം മുതലേയുള്ള ആ വിറയുമായി അദ്ദേഹം പൊരുത്തപ്പെട്ടു കഴിഞ്ഞു. 

എല്ലാ മാംസപേശികളെയും ആ രോഗം ഏറ്റക്കുറച്ചിലോടെ ബാധിക്കാം. നേരമുള്ളപ്പോൾ ഡോക്ടർ കെ.  രാജശേഖരൻ നായരെപ്പോലുള്ളവർ പേശികളിലെ ബാധ അംഗചലനം കൊണ്ട് കാണിച്ചു തരും. തുടക്കം മലബന്ധത്തോടെയാകാം. സ്ഥിരമായി മരുന്നു കഴിക്കുകയും വ്യായാമം ചെയ്യുകയും വഴി കമ്പവാതം ഒട്ടൊക്കെ നിയന്ത്രിച്ചു നിർത്താം. അത്ര മാത്രം. പൂർവസ്ഥിതിയിലെത്തുന്നതായി ഒന്നുമില്ല. പുഴയെപ്പറ്റി പറയാറില്ലേ? ഓരോ നിമിഷവും അത് പുതുതാകുന്നു. നവം നവത്വത്തെപ്പറ്റിയുള്ള ആ സങ്കൽപം അതേപടി ആവില്ല രോഗബാധക്കിടയിൽ അനുഭവപ്പെടുക എന്നു മാത്രം. 

തലച്ചോറിൽ താനേ ഉണ്ടാകുന്ന ഡോപ്പാമിൻ എന്ന രസം അൽപരസമാകുമ്പോൾ സംഭവിക്കുന്നതാണ് പാർക്കിൻസൺ രോഗം. കുറഞ്ഞുപോകുന്ന ഡോപ്പാമിൻ വേണ്ട അളവിൽ എത്തിക്കാനുള്ള ശ്രമമാണ് ചികിത്സ. രോഗത്തെപ്പറ്റി പറയുന്നിടത്തൊക്കെ ഒരു മുന്നറിയിപ്പും കാണാം: നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം മാറുമെന്ന് കരുതണ്ട. പക്ഷേ ഇത് മരണ കാരണവുമാകുന്നില്ല. പത്തിരുപതു കൊല്ലം  എടുക്കുമത്രേ ഈ രോഗം മൂപ്പെത്താൻ. അപ്പോഴേക്കും ശരീരത്തിന്റെ ശേഷി തീർത്തും കുറക്കുന്ന മറ്റു പല അവസ്ഥകളും ഉരുത്തിരിഞ്ഞു വരുന്നുണ്ടാവും. 

സൃഷ്ടിയിൽ കാണുന്ന വൈവിധ്യമെല്ലാം നിർമാർജനത്തിലും കാണാം. ഒരു പക്ഷേ നാശത്തിന്റെ വഴിയും വ്യാപ്തിയും കൂടുതൽ അത്ഭുതപ്പെടുത്തുന്നതാകാം. ശരീരത്തെയും മനസ്സിനെയും കീഴ്‌പ്പെടുത്താനും വികലമാക്കാനും പുതിയ കഴിവുകളുമായി കടന്നു വരുന്ന രോഗബീജങ്ങളെ നോക്കൂ. ഏറ്റവുമൊടുവിൽ നമ്മെ പിടി കൂടിയിരിക്കുന്നതാണ് കോവിഡ്. തോറ്റിട്ടും തോൽക്കാതെയാണ് അതിന്റെ നിൽപ്. ഇതുപോലൊരു രോഗം വേറൊന്നുണ്ടായിട്ടില്ല. 

എന്നാൽ രൗദ്രത കണക്കാക്കിയാൽ പാർക്കിൻസനോളം വരില്ല അതൊന്നും എന്നു തോന്നുന്നു. മറ്റു മഹാമാരികളെയൊക്കെ നമ്മൾ തടഞ്ഞുനിർത്തി. കമ്പവാതം ആകട്ടെ മാറുന്നതല്ല.  തന്നെയുമല്ല, എളുപ്പം പടരുന്നതാണ് അതെന്ന് ഗവേഷകർ പറയുന്നു. പാർക്കിൻസൺസ് പാൻഡെമിക് എന്ന് അൽപം പ്രാസഭംഗിയോടെ അതിനു പേരിട്ടിരിക്കുന്നു. ആ സാംക്രമികത്വം അതിനു വന്നുകൂടാൻ കാരണമായത് ഉത്ഭവത്തിലെയും വാളർച്ചയിലെയും സവിശേഷതകൾ തന്നെ. പാർക്കിൻസൺ രോഗത്തിന് നേരത്തേ നിഷ്‌കൃഷ്ടമായി ഒരു കാരണം പറഞ്ഞിരുന്നില്ല. ഇപ്പോൾ അതുണ്ടായിരിക്കുന്നു. ട്രൈക്ലോറോ എത്തിലിൻ. ഡ്രൈ ക്ലീൻ ചെയ്യാനും ഷൂ പോളിഷ് ചെയ്യാനും കയറ്റുപായ കഴുകാനും ഉപയോഗിക്കുന്ന ലായനികളിൽ അടങ്ങിയിരിക്കുന്ന ടി സി ഇയെപ്പറ്റിയാണ് ഇനി അന്വേഷണവും ഗവേഷണവും.  

കോവിഡ് നിയന്ത്രിക്കുമ്പോൾ നമ്മൾ ഫലപ്രദമായി ജപിച്ചുവന്ന മന്ത്രമാണ് 'സാമൂഹ്യമായ അകലം പാലിക്കുക.' പാർക്കിൻസൺ തുടങ്ങിയ രോഗങ്ങളെ നേരിടുമ്പോൾ മന്ത്രം വ്യത്യസ്തമാകും: സാമൂഹ്യമായ അടുപ്പം പാലിക്കുക. 

Latest News