Sorry, you need to enable JavaScript to visit this website.

വില്‍പ്പന നിയന്ത്രിച്ച കോവിഡ് മരുന്ന് റെംഡിസിവിര്‍ ഗുജറാത്തില്‍ ബിജെപി ഓഫീസില്‍ വിതരണം

ഗാന്ധിനഗര്‍- കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വിപണിയില്‍ ദൗര്‍ലഭ്യത നേരിടുകയും ഇന്ത്യ കയറ്റുമതി നിരോധിക്കുകയും വിതരണം കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്ത ആന്റിവൈറല്‍ മരുന്ന് റെംഡിസിവിര്‍ ഗുജറാത്തില്‍ ബിജെപി ഓഫീസ് വഴി യഥേഷ്ടം വിതരണം ചെയ്തു. അടിയന്തിര ഉപയോഗത്തിന് ഡോക്ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം നല്‍കുന്ന മരുന്ന് നവസാരിയിലെ ബിജെപി ഓഫീസില്‍ വിതരണം ചെയ്തത് വിവാദമായിരിക്കുകയാണ്. രോഗികള്‍ ബിജെപി ഓഫീസിനു മുമ്പില്‍ വരി നിന്നാണ് മരുന്ന് വാങ്ങിയത്. ഗുജറാത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ സൈഡസ് ഹോസ്പിറ്റല്‍സിലും റെംഡിസിവിര്‍ വിതരണം നടന്നു. 

മരുന്ന് സ്റ്റോക്ക് ചെയ്യാനും വിതരണം ചെയ്യാനുമുള്ള ലൈസന്‍സ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കുമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഫാര്‍മസികള്‍ക്ക് ഇവ സ്റ്റോക് ചെയ്യാം, എന്നാല്‍ വിതരണം കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമെ നടത്താവൂ. സംഭവം വിവാദമായതോടെ പ്രതിരോധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തുവന്നു. സൂറത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് റെംഡിസിവിര്‍ കുത്തിവെയ്പ്പ് മരുന്ന് രോഗികള്‍ക്ക് വിതരണം ചെയ്തതെന്ന് ബിജെപി വക്താവ് യഗ്നേഷ് ദെവെ പറഞ്ഞു. സൂറത്തിലെ മരുന്ന കച്ചവടക്കാരുമായി സഹകരിച്ചാണ് ഇതു നടത്തിയത്. അവര്‍ ലഭ്യമായ ഇടത്തു നിന്നെല്ലാം വാങ്ങിയാണ് വിതരണത്തിനെത്തിച്ചതെന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 

വ്യക്തികള്‍ക്ക് ഈ മരുന്ന് വിതരണത്തിന് അനുമതിയില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടം. കോവിഡ് ചികിത്സയില്‍ അടിയന്തിര ഘട്ടത്തില്‍ മാത്രം ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് നല്‍കേണ്ട മരുന്നാണിതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

വൈറല്‍ രോഗങ്ങള്‍ക്കുപയോഗിക്കുന്ന ജെനറിക് മരുന്നാണ് റെംഡിസിവിര്‍. പല കമ്പനികളും ഇത് പല ബ്രാന്‍ഡ് നാമങ്ങളില്‍ വിപണിയിലിറക്കുന്നുണ്ട്. കോവിഡ് ചികിത്സയില്‍ ഇതുപയോഗിക്കാന്‍ 2020 ജൂണ്‍ ഒന്നിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.
 

Latest News