നിരാശ പ്രകടിപ്പിച്ച് മഅ്ദനി; പ്രാര്‍ഥിക്കാനായി അപേക്ഷ

ന്യൂദല്‍ഹി- ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജന്മനാടായ കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുമതി ആവശ്യപ്പെട്ട് മഅ്‌നി സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നു.
പുതിയ ഹരജിയില്‍ നോട്ടീസ് ലഭിക്കുന്നതിനുമുമ്പ് തന്നെ കര്‍ണാടക പ്രോസിക്യൂഷന്‍ പച്ചക്കള്ളങ്ങള്‍ നിറഞ്ഞ സത്യവാങ്മൂലം നല്‍കിക്കഴിഞ്ഞുവെന്നും നീതി ലഭിക്കാവുന്ന സാഹചര്യമില്ലെന്നും മഅ് ദനി ഫേസ് ബുക്കില്‍ കുറിച്ചു. നാഥന്റെ ഭാഗത്തുനിന്നുള്ള നന്മക്കായി പ്രാര്‍ഥിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
കഴിഞ്ഞയാഴ്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മഅ്ദനി അപകടകാരിയാണെന്ന് വിശേഷിപ്പിച്ചിരുന്നു.  ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടു തുടങ്ങിയിരുന്നത്.
ഇതിനിടയില്‍ മഅ്ദനിക്കുവേണ്ടി അഭിഭാഷകനായി താന്‍ ഹാജരായിട്ടുണ്ടാകുമെന്നും  ഈ സാഹചര്യത്തില്‍ ഹരജിയില്‍ വാദം കേള്‍ക്കാനാവില്ലെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
നിങ്ങള്‍ ഒരു അപകടകാരിയാണ്. ഞാന്‍ അംഗമായിരുന്ന ഒരു ബെഞ്ചാണ് ജാമ്യം അനുവദിച്ചത്  ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞത്.
ജസ്റ്റിസ് ചേലമേശ്വര്‍ ഉള്‍പ്പെടുന്ന മറ്റൊരു ബെഞ്ചാണ് ജാമ്യം അനുവദിച്ചതെന്നും ജസ്റ്റിസ് ബോബ്‌ഡെ ഹ്രസ്വകാലത്തേക്ക് കേരളത്തിലേക്ക് പോകാനാണ് അനുവദിച്ചതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് ഭൂഷണ്‍ തിരുത്തിയിരുന്നു.
ആറു വര്‍ഷത്തിലധികമായിട്ടും വിചാരണ പൂര്‍ത്തിയാക്കുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്.
ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് 2014 ജൂലൈയില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതുകാരണം മഅ്ദനി ബെംഗളൂരുവില്‍ തന്നെ താമസിക്കാന്‍ നിര്‍ബന്ധിതനാണ്.
 ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യണമെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅ്ദനിയുടെ പുതിയ ഹരജി.  നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് പ്രതികള്‍ 2014 നവംബര്‍ 14 ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതിനുശേഷം ആറുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അഭിഭാഷകന്‍ ആര്‍എസ് ജെന മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടക മനഃപൂര്‍വം വിചാരണ നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ആരോപണം.

 

Latest News