Sorry, you need to enable JavaScript to visit this website.
Friday , May   07, 2021
Friday , May   07, 2021

സുലൈഖാന്‍റെ അമ്മോശന്‍; ഇമ്പിച്ചി ബാവയെ ഓർമിച്ച് റിയാദില്‍നിന്ന് മരുമകള്‍

മലബാറിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഇ. കെ. ഇമ്പിച്ചിബാവയുടെ ഓർമദിനത്തിൽ റിയാദിലുള്ള മരുമകൾ സുലൈഖാ സലാം അദ്ദേഹത്തെ സ്മരിക്കുന്നു 

 ബാപ്പയെ ഓർക്കുമ്പോൾ            

 സഖാവ് ഇമ്പിച്ചിബാവയുടെ മകൻ റസൂൽ സലാമുമായുള്ള വിവാഹശേഷം റസൂൽ സലാം ഗൾഫിലായതു കൊണ്ട് പലപ്പോഴും ബാപ്പ സഖാവ് ഇമ്പിച്ചിബാവയാണ് എന്നെ തിരൂർ പൂഴിക്കുന്നിലുള്ള എൻ്റെ വീട്ടിൽ കൊണ്ട് പോയി വിട്ടിരുന്നതും തിരിച്ച് കൊണ്ടു വന്നിരുന്നതും.

കോളേജിൽ പോയിരുന്നതു കാരണം ശനി, ഞായർ ദിവസങ്ങളിൽ പോയാൽ അന്നു തന്നെ പാർട്ടി പരിപാടികളോ യോഗങ്ങളൊ കഴിഞ്ഞ് ബാപ്പ തിരിച്ചു വരുമ്പോൾ പൊന്നാനിയിൽ തിരിച്ചെത്തിക്കും . മോനുണ്ടായ ശേഷം ബാപ്പാക്ക് ഒട്ടും അവനെ പിരിയുന്നത് ഇഷ്ടമായിരുന്നില്ല. പലപ്പോഴും മലപ്പുറം, കോഴിക്കോട്  ഒക്കെ പോയി രാത്രി പന്ത്രണ്ട് മണിയൊക്കെയാകും കൂടെ കൂട്ടാൻ വരാൻ. അസമയത്ത് ഞങ്ങളുടെ റോഡിൽ ഒരു വണ്ടി വന്നാൽ ആദ്യമൊക്കെ അത് ഗൾഫുകാരോ അല്ലങ്കിൽ ആശുപത്രി കേസുകളോ ആയിരുന്നു. പിന്നീട് അയൽക്കാർ പറയും അത് സുലൈഖാൻ്റെ അമ്മോശൻ സഖാവ് വിളിക്കാൻ വന്നതായിരിക്കും എന്ന്.

https://www.malayalamnewsdaily.com/sites/default/files/2021/04/11/imbichibava4.jpeg

റസൂൽ സലാം, സുലൈഖ സലാം, മകൾ ആയിഷ

ഉമ്മയുണ്ടാക്കുന്ന പച്ചകുരുമുളക് ചേർത്ത നാടൻ കോഴിക്കറിയും പത്തിരിയും അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു.             ഞങ്ങളുടെ വീട്ടിനടുത്ത് ഒരു വീട് അപ്പുറം ഒരു അമ്പലവും കുളപ്പാളക്കുുളം എന്ന് ഞങ്ങൾ വിളിച്ചിരുന്ന വിശാലമായ കുളവും അത് കഴിഞ്ഞാൽ കണ്ണെത്താത്ത അത്രയും പുഞ്ചപ്പാടവുമാണ്. ആ പാടത്തിന് നടുവിൽ ഞങ്ങളുടെ ബാപ്പയുടെ ആത്മ സുഹുത്തും പാർട്ടി പിളർന്നപ്പോൾ സി. പി. ഐയിൽ ആയിരുന്നതിനാൽ അകൽച്ചയുണ്ടായതുമായ കുഞ്ഞാവാക്കാൻ്റെ വീടാണ്. അത് ഒരു ഒറ്റപ്പെട്ട .വലിയ വീടായിരുന്നു.  അദ്ദേഹത്തിൻ്റെ പിതാവ് അരീസാക്കാൻ്റെ വീട് എന്നാണ് ഞങ്ങൾ പറയുക. ആ പാടമൊക്കെ അവരുടെ അധീനതയിലായിരുന്നു. അരീസാക്കാൻ്റെ ഭാര്യ "ഉമ്മുട്ടീന്ത " അവരുടെ അനിയത്തി "ചെറിയമ്മുട്ടിന്ത "യും ഉമ്മാൻ്റെ കൂട്ടുകാരികളായിരുന്നു. പക്ഷെ അവർ ഞങ്ങളുടെ വീട് സന്ദർശിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

എൻ്റെ വിവാഹശേഷം ഉമ്മുട്ടിന്ത ഉമ്മയുടെ അടുത്തുവന്നു. സഖാവ് ഇനി വരുമ്പോൾ എന്നെ വിളിക്കണേ എന്ന് ആവശ്യപ്പെട്ടു. അപ്പോൾ ഉമ്മ പറഞ്ഞു " മൂപ്പര് പറയാതെയാണ് ഇവളെ കൊണ്ട് വീടാറ്. തിരിച്ചുവിളിക്കാൻ വരുന്നത് നട്ടപ്പാ തിരക്കാണ്. എത്ര പാതിരയായാലും വേണ്ടില ആരെയെങ്കിലും വീട്ടാൽ ഞാൻ വരാം എന്ന് പറഞ്ഞു. ഉമ്മ പറഞ്ഞ പോലെ ബാപ്പ എത്തിയപ്പോൾ അറിയിച്ചു. ഉടനെ അവർ വന്നു. വന്നപാടെ അവർ തിരിച്ചറിഞ്ഞു. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് സഖാവ് എത്രയോ ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞത് അവരുടെ വീട്ടിലായിരുന്നു എന്ന്. അന്ന് അപ്പോൾ അവർ ഒരുമിച്ച് ഓർത്തെടുത്ത ഒരു കഥയുണ്ട്.

ഞങ്ങളുടെ നാട്ടിലെ പ്രമുഖ സഖാവായിരുന്നു കുഞ്ഞാലിക്ക. ഞങ്ങളുടെ അകന്ന ബന്ധുകൂടിയായിരുന്നു സഖാവ്. അദ്ദേഹവും ഭാര്യയും പെണ്ണുകാണൽ മുതൽ കല്യാണം വരെ ഞങ്ങളോടൊപ്പമുണ്ടായിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു  ബാപ്പയെ അരീസാക്കയുടെ വീട്ടിൽ ഒളിവിൽ താമസിപ്പിച്ചത് സഖാവ് കുഞ്ഞാലിക്കയായിരുന്നു. വീട്ടിലുള്ള പലർക്കും അറിയില്ലായിരുന്നു ഒളിവിലുള്ള അതിഥിയെ പറ്റി. ബാപ്പയുടെ മീൻ പ്രിയമായിരിക്കണം കുഞ്ഞാലിക്ക എന്നും ഒരു കോമ്പ മത്സ്യം വാങ്ങി ഒരു പയ്യൻ്റെ അടുത്ത് ഇവരുടെ വീട്ടിൽ എത്തിക്കാൻ തുടങ്ങി. ഇതിൽ സംശയം തോന്നിയ ആരോ വീട്ടിലേക്കല്ലാതെ ഒരു കൂട്ടം മത്സ്യം ആർക്കോ വാങ്ങുന്നത് കുഞ്ഞാലിക്കയുടെ ഭാര്യയെ അറിയിച്ചു. അവർക്ക് സംശയമായി ഒരു ദിവസം അവർ തന്നെ ഇത് കണ്ടു പിടിക്കാൻ ആരും അറിയാതെ മത്സ്യവുമായി പോകുന്നയാളെ പിൻതുടർന്നു, മത്സ്യവുമായി പോയ പയ്യൻ അരിസാക്കയുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നത് കണ്ണാലെ കണ്ടപ്പോൾ ആളുകൾ പറയുമ്പോലെ കുഞ്ഞാലിക്ക രണ്ടാം കെട്ട് കെട്ടിയോ എന്ന് അവർക്കും സംശയമായി.

അന്ന് രാത്രി കുഞ്ഞാലിക്കയ്ക്ക് ഭാര്യയോട് സത്യം തുറന്ന് പറയേണ്ടി വന്നു. ബാപ്പയ്ക്ക് അവിടുത്തെ ഒളിവ് ജീവിതം അവസാനിപ്പിക്കേണ്ടിയും വന്നു. അതിനിടയിൽ ഉമ്മുട്ടിന്ത ഓർത്തു പറഞ്ഞു: "എs പഹയാ ജ്ജ് ൻ്റെ ചോന്ന കോയീൻ്റെ എത്ര മുട്ടകൾ ഞങ്ങൾ കാണാതെ എടുത്ത് കുടിച്ചിട്ടുണ്ട്? അതല്ലെ എനിക്ക് എന്തും നേരിടാൻ ചങ്കൂറ്റം തന്നത് എന്ന് ബാപ്പയും.                      "അനക്ക് എടുക്കാൻ വേണ്ടിയല്ലെ ഞാൻ കോഴിനെ വിടണ് സമയം മാറ്റിയത് " എന്ന് അവരും       ഈ പാർട്ടിയെ ഇത്രത്തോളം എത്തിക്കുവാൻ നല്ല നാളെ സ്വപ്നം കണ്ട  ആരാരും അറിയാത്ത എത്ര വീട്ടുകാർ, എത്ര സഖാക്കൻമാർ ഇതുപോലെ സധൈര്യം  ത്യാഗവും സഹനവും അഭിമാനവുമായി ജീവിച്ചു മരിച്ചു കാണും?

ഓർമ്മകൾ നിറയെ സഖാവ് ഇമ്പിച്ചിബാവ പകർന്നു തന്ന സ്നേഹവാത്സല്യമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ മരുമകൾ ആയി കടന്നു ചെല്ലാൻ കഴിഞ്ഞതിൽ എനിക്കെന്നും അഭിമാനമാണ്.

Latest News