Sorry, you need to enable JavaScript to visit this website.

പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട നേതാവിന്റെ ഭാര്യയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി; വിവാദമായതോടെ മാറ്റി

ലഖ്‌നൗ- ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തര്‍ പ്രദേശിലെ ഉന്നാവ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഭാര്യ സംഗീത സെന്‍ഗാറിനെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇത് വിവാദമായതോടെ സംഗീതയെ പാര്‍ട്ടി ഇടപെട്ട് മാറ്റുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. നാലു ഘട്ടങ്ങളിലായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഏപ്രില്‍ 15നാണ് ആരംഭിക്കുന്നത്. ഉന്നാവില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. സംഗീത സെന്‍ഗാര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്നു.

17കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കുടുംബത്തെ അക്രമിക്കുകയും ചെയ്ത കേസില്‍ 2019 ഡിസംബര്‍ 20നാണ് ദല്‍ഹി കോടതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചപ്പോള്‍ മാത്രമാണ് സെന്‍ഗാറിനെ എംഎല്‍എ പദവിയില്‍ നിന്ന് നീക്കിയത്.
 

Latest News