നൃത്തം ചെയ്യുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 13 കാരിക്ക് ദാരുണാന്ത്യം

ഉള്ളാള്‍- നൃത്തം ചെയ്യുന്നതിനിടെ കഴുത്തിൽ ഷാൾ കുടുങ്ങിയതിനെ തുടർന്ന് 13 വയസുകാരി ശ്വാസംമുട്ടി മരിച്ചു. കാസർകോട് എടനീർ സ്വദേശി കൃഷ്ണ നായിക്കിന്റെ മകള്‍ മേഘശ്രീയാണ് മരിച്ചത്. ഉള്ളാള്‍  പോലീസ് സ്റ്റേഷൻ പരിധിയില്‍ ഉള്‍പ്പെടുന്ന കൊട്ടേക്കറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ചെർക്കള എടനീർ മഠത്തിലെ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മേഘശ്രീ കഴിഞ്ഞ ഒരു മാസമായി അമ്മാവന്റെ വീട്ടിലായിരുന്നു താമസം.  മരണകാരണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതിനെ തുടർന്ന്  മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഉള്ളാള്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.  മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും വാതിൽ തകർന്ന് പ്രവേശിച്ചപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്.

നൃത്തം ഹോബിയാക്കിയിരുന്ന പെണ്‍കുട്ടി ഡാന്‍സ് ചെയ്യുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങിയെന്നാണ് കരുതുന്നത്. അതേസമയം, ഇരുണ്ട നിറമായതില്‍ മേഘശ്രീക്ക് വിഷമമുണ്ടായിരുന്നുവെന്നും നിരാശ കാരണം  ആത്മഹത്യ ചെയ്തതാകാമെന്നും സംശയമുണ്ട്. ഉള്ളാള്‍ പോലീസ്  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Latest News