ആലപ്പുഴ- തെരഞ്ഞെടുപ്പിന് ശേഷം ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മന്ത്രി ജി. സുധാകരൻ. രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് വാർത്ത വരുന്നത്. ചില ആളുകൾ പെയ്ഡ് റിപ്പോർട്ടുമാരെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഒരു പ്രശ്‌നവുമില്ല. തെരഞ്ഞെടുപ്പു കാലത്ത് താൻ വിശ്രമിച്ചിട്ടില്ല. 65 യോഗങ്ങളിൽ പ്രസംഗിച്ചു. ആലപ്പുഴ ജില്ലയിൽ 17 യോഗത്തിലും അമ്പലപ്പുഴയിൽ 17 യോഗത്തിലും പ്രസംഗിച്ചുവെന്നും സുധാകരൻ പറഞ്ഞു.
എല്ലാവർക്കും ചെട്ടേണ്ട ചെണ്ടയല്ല ഞാൻ. 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രികളിൽ പരസ്പരം ബന്ധപ്പെടുന്ന രാഷ്ട്രീയ ക്രിമിനലുകളുണ്ട്. അതൊന്നും ഞങ്ങളുടെ പാർട്ടിയിൽ നടക്കില്ലെന്നും അത്തരം ആളുകളുടെ പേര് പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.






