Sorry, you need to enable JavaScript to visit this website.

മാതാപിതാക്കള്‍ വിവാഹിതരല്ലെങ്കിലും കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കരുത്-ഹൈക്കോടതി

കൊച്ചി- വിവാഹം ചെയ്യാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയേയും പുരുഷനേയും വിവാഹിതരെപ്പോലെ കണക്കാക്കണമെന്നും ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവർക്കുണ്ടായ കുഞ്ഞിനെ മാതാവ് ശിശുക്ഷേമ സമിതിയെ ഏൽപിക്കുകയും ദത്തു നല്‍കുകയും ചെയ്തിരുന്നു. ഈ കുഞ്ഞിനെ തിരികെക്കിട്ടണമെന്ന്  ആവശ്യപ്പെട്ട്  മാതാപിതാക്കൾ നൽകിയ ഹരജിയില്‍ കുഞ്ഞിനെ തിരികെനൽകാൻ കോടതി ഉത്തരവിട്ടു. 

ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളിൽ അവിവാഹിത ദമ്പതിമാർക്ക് പൂർണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ വിധി.

 ജന്മം നൽകിയ മാതാപിതാക്കൾക്ക് കുഞ്ഞിനുമേൽ സ്വാഭാവികമായ അവകാശമുണ്ട്. നിയമപരമായ വിവാഹം നിർബന്ധമല്ല.

2018-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനിടെ പരിചയപ്പെട്ടവരാണ് വീട്ടുകാർകൂടി സമ്മതിച്ചശേഷം വിവാഹം ചെയ്യാമെന്ന തീരുമാനത്തിൽ ഒരുമിച്ചു താമസിച്ചത്.  2020 ഫെബ്രുവരി പെൺകുഞ്ഞിനു ജനിച്ചു. ഇതിനുശേഷൺ ജോലിയാവശ്യത്തിനായി കേരളത്തിനു പുറത്തുപോയ പുരുഷന്‍ സ്ത്രീയുമായി അകന്നു.

തുടർന്നാണ് കുഞ്ഞിനെ  ശിശുക്ഷേമ സമിതിയെ ഏല്‍പിച്ചത്. അവിവാഹിത അമ്മ’യായി കണക്കാക്കി സമിതി കുഞ്ഞിനെ ദത്തു നല്‍കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് മാതാപിതാക്കള്‍  കുഞ്ഞിനെ തിരികെ നൽകണമെന്ന ഹരജിയുമായി കോടതിയെ സമീപിച്ചത്.

കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ മാതാപിതാക്കളായി ഇരുവരുടെയും പേരുണ്ടെന്നും ദത്ത് നൽകുന്നതിനുള്ള രേഖ തയാറാക്കുമ്പോള്‍ സമിതി ഇരുവരുടെയും സമ്മതം തേടേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അമ്മ മാത്രമായി കുഞ്ഞിനെ വളർത്തുമ്പോൾ പിന്തുണയ്ക്കാൻ സർക്കാർ സംവിധാനമുണ്ടാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Latest News