Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

ആരാധനകളുടെ അർഥം പ്രസരിപ്പിക്കുന്ന റമദാൻ

റമദാൻ സമാഗതമാവുകയാണ്. ഓരോ വർഷവും ഒരതിഥിയെ പോലെ നമ്മിലേക്ക് വന്നെത്തി ഒരു മാസം കൂടെ കഴിഞ്ഞു പിരിഞ്ഞുപോവുന്ന റമദാൻ മനുഷ്യരെ യഥാർത്ഥ സംസ്‌കാരത്തിലേക്കും ദൈവ സാമീപ്യത്തിലേക്കും നയിക്കുന്നതിനു വേണ്ടിയാണ് കടന്നുവരുന്നത്. ഒരു വർഷത്തിനിടയിൽ മനുഷ്യരുടെ വിശ്വാസങ്ങളിലും കർമങ്ങളിലും സ്വഭാവങ്ങളിലും സംസ്‌കാരങ്ങളിലും സംഭവിച്ചിട്ടുള്ള വ്യതിയാനങ്ങളെ ശരിയാക്കി യഥാർത്ഥ മനുഷ്യനാക്കി മാറ്റുന്നതിനും ദൈവ സ്‌നേഹവും സമസൃഷ്ടി സ്‌നേഹവും ഒരുപോലെ മനുഷ്യനിൽ അങ്കുരിപ്പിക്കുകയും ചെയ്യുക എന്ന ദിവ്യ ദൗത്യമാണ് റമദാൻ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ മനുഷ്യന്റെ മനസ്സുകളിലും വിവിധ അവയവങ്ങളിലും സംഭവിച്ചുപോയിട്ടുള്ള പാപക്കറകളെ ഉരച്ചുകളയുക എന്ന ദൗത്യവും റമദാൻ നിർവഹിച്ചുകൊണ്ടിരിക്കുന്നു. 
പാപം ചെയ്യാൻ  പ്രേരിതമാവുന്ന പ്രകൃതമാണ് മനുഷ്യ മനസ്സിനുള്ളത്.   മനുഷ്യൻ എത്ര തന്നെ ശരിയായ ദിശയിൽ സഞ്ചരിക്കാൻ ശ്രമിച്ചാലും തിന്മകളിലേക്ക് ചായാൻ  മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കും.    തിന്മകളോടുള്ള ഈ ആഭിമുഖ്യം സ്വയം നിയന്ത്രിക്കാൻ സാധിക്കാത്ത മനുഷ്യനെ ഏറ്റവും നികൃഷ്ടമായ സ്വഭാവത്തിന്റെ ഉടമയാക്കുന്നു.  നിവർന്നു നിൽക്കാനുള്ള നട്ടെല്ലും കാര്യങ്ങൾ മനനം ചെയ്‌തെടുക്കാനുള്ള വിശേഷ ബുദ്ധിയുമെല്ലാം സ്വായത്തമാക്കിയ മനുഷ്യനു ഏറ്റവും നല്ല രൂപമാണ് നൽകിയതെന്ന് സ്രഷ്ടാവായ അല്ലാഹു പറയുന്നു.  എന്നാൽ ഏറ്റവും സുന്ദരമായ രൂപവും ആകൃതിയും ആകാരവും നൽകപ്പെട്ടെങ്കിലും മനുഷ്യനോളം അധമനായി മറ്റാരുമില്ലെന്നും അവൻ പറയുന്നു. 'തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.  പിന്നീട് അവനെ നാം അധമരിൽ അധമനാക്കിത്തീർത്തു.' (ഖുർആൻ 95: 45).
പാപങ്ങളിൽ നിന്നും സുരക്ഷിതനല്ലാത്ത മനുഷ്യന് തന്റെ പാപങ്ങളെ കഴുകിക്കളയാൻ ഒട്ടേറെ മാർഗങ്ങളെ അല്ലാഹു ഒരുക്കിയിട്ടുണ്ട്. പാപമോചനത്തിനായി പശ്ചാത്താപത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിട്ടുകൊണ്ട് ആഗതമാകുന്ന റമദാന്റെ വിശുദ്ധ ദിനങ്ങളിൽ ഏറ്റവും കൂടുതൽ ചിന്തനീയമായ കാര്യമാണിത്.  ഒരിക്കൽ പ്രവാചകൻ അനുചരന്മാരോട് ചോദിച്ചു: 'നിങ്ങളുടെ വീടിന്റെ മുന്നിലൂടെ ഒരു പുഴ ഒഴുകുകയും അതിൽ നിന്നും ഒരാൾ അഞ്ചു നേരം കുളിക്കുകയും ചെയ്താൽ അയാളുടെ ശരീരത്തിൽ അഴുക്ക് ശേഷിക്കുമോ?'  അവർ പറഞ്ഞു: ' ഇല്ല പ്രവാചകരെ'.  അദ്ദേഹം പറഞ്ഞു:  'അപ്രകാരമാണ് അഞ്ചു നേരത്തെ നമസ്‌കാരം. അതുമൂലം അല്ലാഹു പാപങ്ങളെ മായ്ച്ചു കളയുന്നു.' (ബുഖാരി, മുസ്്‌ലിം).
ഇസ്‌ലാമിലെ അതിപ്രധാനമായ ഒരാരാധനയെ കുറിച്ചാണ് മുഹമ്മദ് നബി (സ) അനുചരന്മാർക്ക് വിശദീകരിച്ചു കൊടുത്തത്.  ആരാധനകളെ കേവലം ചടങ്ങുകൾ മാത്രമായി കാണുകയും അതിന്റെ എണ്ണവണ്ണങ്ങളെ കുറിച്ചു മാത്രം ചർച്ച ചെയ്യുകയും ചെയ്യുന്ന ആധുനിക മുസ്‌ലിം സമൂഹം ആരാധനയുടെ യഥാർത്ഥ പൊരുൾ എന്തെന്ന് മനസ്സിലാക്കാൻ പലപ്പോഴും ശ്രമിക്കാറില്ല.  ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളായി അറിയപ്പെടുന്ന ആരാധനകൾ ഓരോന്നിനും കൃത്യമായ ലക്ഷ്യമുണ്ടെന്നു ഖുർആൻ പറയുന്നു.  നമസ്‌കാരത്തെ കുറിച്ചു പ്രതിപാദിച്ചപ്പോൾ ഖുർആൻ പറഞ്ഞു:  'തീർച്ചയായും നമസ്‌കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധ കർമത്തിൽ നിന്നും തടയുന്നു. അല്ലാഹുവെ ഓർമിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു.'  (ഖുർആൻ 29:45). 
ഭൗതിക സുഖങ്ങളെ വെടിഞ്ഞുകൊണ്ട് നിർവഹിക്കപ്പെടുന്ന വ്രതാനുഷ്ഠാനത്തിന്റെ സന്ദേശവും പാപമോചനത്തിന്റെയും ദൈവ സ്മരണയുടേതുമാണ്.  കളവും അനുബന്ധ പ്രവർത്തനങ്ങളും ഉപേക്ഷിക്കാതെ അന്നപാനീയങ്ങൾ മാത്രം ഉപേക്ഷിക്കുന്ന വ്രതത്തിന് അല്ലാഹുവിങ്കൽ പ്രതിഫലമില്ല എന്ന പ്രവാചക വചനം ആരാധനകൾ കേവല ചടങ്ങുകളല്ല എന്ന യാഥാർത്ഥ്യം വ്യക്തമാക്കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം  വ്രതം തിന്മകളെ ചെറുക്കാനുള്ള  പരിചയായിരിക്കണമെന്നും പ്രവാചകൻ പഠിപ്പിച്ചു.
ദാനധർമങ്ങളും ഇപ്രകാരം തന്നെ.  'സക്കാത്ത്' എന്ന പദത്തിന്റെ ഒരർത്ഥം തന്നെ ശുദ്ധീകരണം എന്നാണ്.  ഹജ് കർമം നിർവഹിച്ച ഒരാളെ കുറിച്ച്  ജനിച്ച ദിവസത്തെ പരിശുദ്ധമായ പ്രകൃതിയിലേക്ക് മടങ്ങുമെന്ന് പ്രവാചകൻ പറഞ്ഞതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.  
 ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഇസ്‌ലാമിലെ ഏതൊരു ആരാധനയ്ക്കും മനുഷ്യനെ ആത്മീയമായും ശാരീരികമായും വിമലീകരിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്ന കാര്യമാണ്.   നമസ്‌കാരവും നോമ്പും സക്കാത്തും ഹജും മറ്റു കർമങ്ങളും അതിന്റെ അന്തസ്സത്തയും അതിന്റെ ലക്ഷ്യവും ഉൾക്കൊള്ളാതെ നിർവഹിക്കുന്നതുകൊണ്ട് ഇഹത്തിലോ പരത്തിലോ ഒരു നേട്ടവും ലഭിക്കുകയില്ല. സദ്പ്രവർത്തനങ്ങൾ ധാരാളമായി വർധിപ്പിക്കുന്നതിലൂടെ പാപക്കറകളെ മായ്ച്ചു കളയാൻ സാധിക്കുമെന്നു ഖുർആൻ പറയുന്നു:  'തീർച്ചയായും സദ്കർമങ്ങൾ ദുഷ്‌കർമങ്ങളെ നീക്കികളയുന്നതാണ്.' (ഖുർആൻ 11:114).  എന്നാൽ സദ്പ്രവർത്തനങ്ങൾ കൃത്യമായ ഉദ്ദേശ്യത്തോടെയും ആത്മാർത്ഥതയോടെയും ആയിരിക്കണം.  നിയ്യത്ത് അഥവാ ഉദ്ദേശ്യം അതിപ്രധാനമാണ്. 'പ്രവർത്തനങ്ങൾക്ക് പ്രതിഫലം നിശ്ചയിക്കപ്പെടുന്നത് ഉദ്ദേശ്യാനുസൃതമാണ്' എന്ന പ്രവാചക സന്ദേശം ഉൾക്കൊള്ളേണ്ടതുണ്ട്.
ഈമാനും ഇഹ്തിസാബും പ്രവർത്തനങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതിനുള്ള നിദാനങ്ങളായി പ്രവാചകൻ പഠിപ്പിച്ചു. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിനാണ് ഈമാൻ എന്ന് പറയുന്നത്.  വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തനത്തിന് പ്രതിഫലം ലഭിക്കണമെന്ന അദമ്യമായ ആഗ്രഹത്തിനാണ് ഇഹ്തിസാബ് എന്ന് പറയുന്നത്.   റമദാനിൽ ആരെങ്കിലും ഈമാനോടെയും (വിശ്വാസത്തോടെയും) ഇഹ്ത്തിസാബോടെയും (പ്രതിഫലേഛയോടെയും) നോമ്പെടുത്താൽ മുൻകഴിഞ്ഞ പാപങ്ങൾ അല്ലാഹു അയാൾക്ക് പൊറുത്തുകൊടുക്കുമെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചു.  
ഈമാൻ ഉണ്ടാവുന്നതോടൊപ്പം തന്നെ ഉണ്ടാവേണ്ട അതിപ്രധാനമായ രണ്ടു മറ്റു ഗുണങ്ങളാണ് ഇഖ്‌ലാസും ഇസ്തിഖാമാത്തും.  ചെയ്യുന്ന നല്ല കാര്യങ്ങളിൽ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കുകയും ലോകമാന്യതയോ മറ്റു ഭൗതിക നേട്ടങ്ങളോ ആഗ്രഹിക്കാതിരിക്കുകയും ചെയ്യലാണ് ഇഖ്‌ലാസ്.  വിശ്വാസത്തിൽ നിന്നും തെറ്റിപ്പോവാതെ പാപങ്ങളിലേക്ക് വഴുതിപ്പോവാതെ മനസ്സിനെ അല്ലാഹുവുമായി ബന്ധിപ്പിക്കലാണ് ഇസ്തിഖാമാത്ത്.  സുഫ്‌യാനുബ്‌നു അബ്ദുല്ല (റ) വിനോട് പ്രവാചകൻ (സ) പറഞ്ഞത് ഇപ്രകാരമാണ്.  'അല്ലാഹുവിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക.'  (മുസ്‌ലിം).
'അല്ലാഹുവേ, ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനെ, എന്റെ ഹൃദയത്തെ നിന്റെ മതത്തിൽ ശക്തമായി ബന്ധിപ്പിക്കേണമേ' എന്ന് അല്ലാഹുവിന്റെ തിരുദൂതർ സദാ പ്രാർത്ഥിക്കാറുണ്ടായിരുന്നു.  കഴിഞ്ഞ കാലങ്ങളിലെ പാപക്കറകൾ മായ്ച്ചു കളയാനും പാപമുക്തമായ ജീവിതം നയിക്കാനും ഈമാനും ഇഹ്തിസാബും ഇഖ്‌ലാസും ഇസ്തിഖാമാത്തും നില നിർത്തി കൂടുതൽ സദ്പ്രവർത്തനങ്ങൾ ചെയ്യാനും വരാനിരിക്കുന്ന റമദാന്റെ പുണ്യദിന രാത്രങ്ങൾ നമുക്ക് പ്രചോദനമാവട്ടെ. സമാഗതമായിക്കൊണ്ടിരിക്കുന്ന റമദാന്റെ ഏറ്റവും നല്ല സന്ദേശം ഉൾക്കൊള്ളാനും അതുവഴി ഏറ്റവും നല്ല മനുഷ്യനായിത്തീരാനും സാധിക്കുന്നതിനു അല്ലാഹുവിലേക്ക് കാര്യങ്ങൾ ഉയരേണ്ട സന്ദർഭമാണ് ഈ ദിനങ്ങൾ. വരാനിരിക്കുന്ന റമദാൻ ലോകത്തെ മുഴുവൻ മനുഷ്യർക്കും അനുഗ്രഹപൂർണമാവട്ടെ എന്ന പ്രാർത്ഥന വിശ്വാസികളുടെ മനസ്സുകളിൽ നിന്നും ഉയരേണ്ട ദിനങ്ങൾ കൂടിയാണ് ഈ ദിനങ്ങൾ.

അല്ലാഹുമ്മ ബല്ലിഗ് നാ റമദാൻ!
 

Latest News