കണ്ണൂർ- തപാൽ വോട്ടിലും ഇരട്ട വോട്ടുകളുണ്ടെന്ന വ്യാപകമായ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധന ആരംഭിച്ചു. കമ്മീഷന്റെ നിർദേശ പ്രകാരം ജില്ലാ വരണാധികാരിയായ കലക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. തപാൽ വോട്ടു ചെയ്തവർക്ക് വ്യാപകമായി രണ്ടാമതും ബാലറ്റ് ലഭിച്ചതിനെത്തുടർന്നാണ് കൃത്രിമം നടന്നുവെന്ന സംശയം ഉയർന്നത്. സംസ്ഥാനത്ത് മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കാണ് തപാൽ വോട്ട് അനുവദിച്ചത്. ഇതിൽ ഇരട്ടിപ്പ് വന്നാൽ അത് തെരഞ്ഞെടുപ്പു ഫലത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഗൗരവത്തിലെടുത്താണ് കമ്മീഷന്റെ നടപടി. മൊത്തം തപാൽ വോട്ടുകളുടെ കണക്കു ശേഖരിക്കാനാണ് കമ്മീഷൻ, ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രിന്റു ചെയ്തതും, വിതരണം ചെയ്തതും, പോൾ ചെയ്തതുമായ ബാലറ്റുകളുടെ എണ്ണം പ്രത്യേകം ശേഖരിക്കാനാണ് നിർദ്ദേശം. പോൾ ചെയ്ത വോട്ടുകളുടെ കൗണ്ടർ ഫോയിലുകൾ അടക്കം പരിശോധിച്ച് വിശദാംശങ്ങൾ നൽകാനും നിർദ്ദേശമുണ്ട്.
രണ്ടാമതും ബാലറ്റു ലഭിച്ച വോട്ടർമാരിൽ ചിലർ നേരത്തെ വോട്ടു ചെയ്ത വിവരം ചൂണ്ടിക്കാട്ടി ബാലറ്റുകൾ തിരിച്ചയച്ചിട്ടുണ്ട്. എന്നാൽ പലരും ഇത് കൈയിൽ സൂക്ഷിക്കുകയാണ്. ഈ ബാലറ്റുകൾ ഉപയോഗിച്ച് വീണ്ടും വോട്ടു ചെയ്താൽ കണ്ടെത്താനാവില്ല. വോട്ടെണ്ണൽ ദിനമായ മെയ് 2ന് രാവിലെ 8 മണി വരെ ലഭിക്കുന്ന ബാലറ്റുകൾ വരണാധികാരി സ്വീകരിക്കും.
അതേസമയം, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റിൽ ഇരട്ടിപ്പ് വന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അധികൃതർക്ക് പരാതി നൽകി. തപാൽ വോട്ട് ചെയ്തവർക്ക് വീടിന്റെയും ഓഫീസിന്റെയും വിലാസങ്ങളിൽ വീണ്ടും ബാലറ്റ് എത്തിത്തുടങ്ങിയത് എങ്ങനെയാണെന്നതിൽ ദുരൂഹത ഉണ്ട്. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ഉദ്യോഗസ്ഥർ വീണ്ടും വോട്ട് ചെയ്താൽ ഇരട്ടിപ്പ് തിരിച്ചറിയാൻ പോലും കഴിയില്ല എന്നുള്ളത് ഉന്നത തലത്തിൽ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്.
കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം തന്നെ പല ഉദ്യോഗസ്ഥർക്കും രണ്ടാമത്തെ ബാലറ്റ് ലഭിച്ചിട്ടുണ്ട്. കലക്ടറേറ്റിൽ സജ്ജീകരിച്ച പ്രത്യേക വോട്ടിംഗ് കേന്ദ്രത്തിൽ വോട്ട് ചെയ്തവരുടെ ലിസ്റ്റ് ലഭ്യമാണെന്നിരിക്കെ വീണ്ടും ഇതേ ഉദ്യോഗസ്ഥർക്ക് തന്നെ ബാലറ്റ് ലഭിക്കാനിടയായ സാഹചര്യം ബോധപൂർവം സൃഷ്ടിക്കപ്പെട്ടതാണോ എന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്.
ഭൂരിഭാഗം ഉദ്യോഗസ്ഥരും ജോലി ചെയ്യുന്ന സ്ഥലവും വോട്ടർ പട്ടികയിൽ പേരുള്ള സ്ഥലവും വ്യത്യസ്തമായതിനാൽ പിഴവ് സംഭവിക്കാതിരിക്കാൻ ഇത്തരം കാര്യങ്ങൾ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. പ്രത്യേക കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ട് അതാത് വരണാധികാരികൾ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ വീണ്ടും അയച്ച ഓരോ ബാലറ്റും പരിശോധിച്ച് ഇരട്ടിപ്പ് കണ്ടെത്തുക ശ്രമകരമായതിനാൽ ജില്ലയിലെ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്തവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട് സംഭവിച്ച പാകപ്പിഴകൾ സങ്കീർണമാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.