Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

യാഥാർഥ്യം തിരിച്ചറിയാത്തവർ

അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഒരു ഭരണകൂടത്തെ നേരിടാനാകുക ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ്. ആ ദിശയിലേക്ക് തങ്ങളുടെ രാഷ്ട്രീയത്തേയും സംഘടനയേയും മാറ്റിയെടുക്കാനാണ് ഈയവസരത്തിൽ മാവോയിസ്റ്റുകൾ ശ്രമിക്കേണ്ടത്. സായുധമായി നേടുന്ന അധികാരം നിലനിർത്താനും ആയുധം കൊണ്ടേ കഴിയൂ എന്നും അതിനേയും തകർക്കുന്ന ശക്തിയാണ് ജനശക്തിയെന്നുമുള്ള ചരിത്ര പാഠമാണ് ഈയവസരത്തിൽ പ്രസക്തം.  

ഛത്തീസ്ഗഢിൽ 22 ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു മാവോയിസ്റ്റുകളോട് തിരിച്ചടിക്ക് തയാറാകുകയാണ് സി.ആർ.പി.എഫ് എന്നു തന്നെ കരുതാം. തടവിലാക്കിയ ഒരു ജവാനെ മോചിപ്പിച്ച് മാവോയിസ്റ്റുകൾ അന്തരീക്ഷം തണുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തിരിച്ചടി ഒഴിവാക്കാനാകുമെന്ന് കരുതാനാകില്ല. ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനം പതിറ്റാണ്ടുകളായി തുടരുമ്പോൾ ഏറ്റവും ദുരിതങ്ങൾ നേരിടുന്നത് ആ മേഖലയിലെ ആദിവാസികളാണെന്നതാണ് യാഥാർത്ഥ്യം.  കൊല്ലപ്പെട്ടവരും ഗുരുതരമായി പരിക്കേൽക്കപ്പെട്ടവരും ആയ സൈനികരിൽ വലിയൊരു ഭാഗം 'ബസ്തരിയ ബറ്റാലിയൻ' എന്ന പേരിൽ ആദിവാസികളിൽ നിന്ന് തന്നെ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ജവാന്മാർക്കും മാവോയിസ്റ്റുകൾക്കുമിടയിൽ മരണക്കളിയാണ് ഇന്ന് ആദിവാസി ജീവിതം എന്നതാണ് യാഥാർത്ഥ്യം.
ഒരു കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ദണ്ഡകാരണ്യം എന്നറിയപ്പെടുന്ന ഈ വിശാല ഭൂമിയിൽ ആദിവാസികളടക്കമുള്ള തദ്ദേശീയരുടെ ജീവിതം ദുരിതമയമാണ്. ഖനി മാഫിയക്കും കോർപറേറ്റുകൾക്കുമായി സ്വന്തം മണ്ണിൽ നിന്ന് നിരന്തരമായി അവർ അടിച്ചോടിക്കപ്പെടുന്നു. അതിനെതിരായി അവരുടെ പോരാട്ടം കാലത്തിന്റെ അനിവാര്യതയാണ്. അതാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് മാവോയിസ്റ്റുകൾ അവകാശപ്പെടുന്നത്. മാവോയിസ്റ്റുകൾ ഉന്നയിക്കുന്ന മിക്ക ആവശ്യങ്ങളും ശരിയാണുതാനും. എന്നാൽ അതിനായി അവർ തെരഞ്ഞെടുത്തിരിക്കുന്ന മാർഗം ആധുനിക കാലത്തിനോ ജനാധിപത്യ സംവിധാനത്തിനോ അനുഗുണമല്ല എന്നതാണ് പ്രശ്‌നം. അനുഗുണമല്ല എന്നു മാത്രമല്ല, അത് പ്രായോഗികമല്ലതാനും. വൻതോതിലുള്ള ആയുധ ശേഖരണം നടത്തിയിട്ടുള്ള അവർ ഒരു വലിയ ഭാഗത്ത് സമാന്തര ഭരണകൂടം സ്ഥാപിച്ചിട്ടുണ്ട് എന്നതു ശരി തന്നെ. എന്നാൽ ആ മേഖലയിൽ നടക്കുന്നത് ജനാധിപത്യ രീതിയിലുള്ള ഒരു ഭരണക്രമമാണോ എന്നു ചോദിച്ചാൽ അല്ല എന്നു തന്നെ പറയേണ്ടിവരും. തോക്കിൻമുനയിൽ തന്നെയാണ് മാവോയിസ്റ്റുകളുടെ ഭരണം. ഭരണകൂടത്തിന്റെ അക്രമത്തെ പലപ്പോഴും നേരിടുന്നതാകട്ടെ തദ്ദേശീയരെ കവചമാക്കിയും. അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിലുമിടയിലാണ് തദ്ദേശീയരുടെ ജീവിതം. ഇരുകൂട്ടരും ചാരന്മാരെന്നാരോപിച്ച് പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. നൂറു കണക്കിനു ആദിവാസികളെ സാക്ഷി നിർത്തി പിടികൂടിയ ജവാനെ പട്ടാളത്തിനു വിട്ടുകൊടുത്ത ദൃശ്യം തന്നെ നമുക്ക് പലതും പറഞ്ഞു തരുന്നുണ്ട്. അതേസമയം കോർപ്പറേറ്റുകൾക്ക് യാതൊരു പ്രതിബന്ധവും സൃഷ്ടിക്കാൻ മാവോയിസ്റ്റുകൾക്ക് കഴിഞ്ഞിട്ടില്ല എന്നും ചൂണ്ടികാട്ടപ്പെടുന്നു. അതിനവർ ശ്രമിക്കുന്നുണ്ടോ എന്നതും സംശയകരമാണ്. അവരുടെ കൈവശമുള്ള ആയുധങ്ങളുടെ സാമ്പത്തിക സോഴ്‌സ് തന്നെ കോർപ്പറേറ്റുകളാണെന്ന ആരോപണവുമുണ്ട്. 
ബസ്തർ മേഖലയിൽ സി. ആർ.പി.എഫ് അഞ്ച് ബറ്റാലിയനുകളെക്കൂടി നിയോഗിക്കുകയും വിദൂര മേഖലകളിൽ ഉൾപ്പെടെ സൈനിക താവളങ്ങൾ തുറക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഇപ്പോഴത്തെ കൂട്ടക്കൊല നടന്നത്. മാവോയിസ്റ്റുകൾ തന്ത്രപരമായി ജവാൻമാരെ തങ്ങളുടെ ഒളിയിടത്തിലെത്തിച്ച് കെണിയിൽ പെടുത്തുകയായിരുന്നുവത്രേ. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിൽ പതിനഞ്ചോളം മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. തീർച്ചയായും ഇത്തരം ചതിയിലൂടെ പട്ടാളം ഉന്നത മാവോയിസ്റ്റ് നേതാക്കളെ പോലും കൊന്നുകളഞ്ഞിട്ടുണ്ട്. പക്ഷേ ഇനിയും ഈ പാതയാണോ പിന്തുരേണ്ടത് എന്ന ചോദ്യത്തെയാണ് മാവോയിസ്റ്റുകൾ അഭിമുഖീകരിക്കേണ്ടത്. ചരിത്രം രചിക്കുന്നത് ആയുധമേന്തിയ വീരന്മാരോ ജനങ്ങളോ? പാവപ്പെട്ട ആദിവാസികളെ മറയാക്കി ഒളിയുദ്ധത്തിലൂടെയാണോ  വിപ്ലവം നടത്തേണ്ടത്? മാവോയിസ്റ്റുകളിലെ ഭീകരനെന്നു വിളിപ്പേരുള്ള മദ്വി ഹിദ്മയുടെ തലയ്ക്കു 40 ലക്ഷം രൂപയാണ് സർക്കാർ വിലയിട്ടിരിക്കുന്നത്. മദ്‌വി ഹിദ്മമാരല്ല, ജനങ്ങളാണ് ചരിത്ര സ്രഷ്ടാക്കൾ. മാസങ്ങളായി ദൽഹിയിൽ തുടരുന്ന കർഷക സമരം തന്നെ അതു വിളിച്ചു പറയുന്നുണ്ട്. എന്നാൽ ആ സന്ദേശം കാണാനുള്ള രാഷ്ട്രീയ വിവേകം മാവോയിസ്റ്റുകൾക്കില്ല എന്നതാണ് ദുഃഖകരം. 
ഇതിനർത്ഥം ബസ്തർ മേഖലയിൽ നടക്കുന്ന ഭരണകൂട ഭീകരതക്കു നേരെ കണ്ണടക്കണമെന്നല്ല.  വികസനത്തിന്റെ പേരിലുള്ള  ബുൾഡോസറുകൾ കടന്നുപോകുന്നത് ഇന്ത്യയിലെ ഗോത്ര ജനതയുടെ ആവാസ വ്യവസ്ഥകൾക്ക് മുകളിലൂടെയാണ്. ടാറ്റയ്ക്കും അംബാനിക്കും അദാനിമാർക്കുമായി  ധാതുനിക്ഷേപങ്ങൾ വീതംവെച്ചു കൊടുത്തപ്പോൾ  മിനറൽ കോറിഡോർ എന്നു കൂടി അറിയപ്പെടുന്ന ആദിവാസി മേഖലകൾ അസ്വസ്ഥതകളുടെ വിളനിലങ്ങളായി മാറുകയായിരുന്നു. വികസനത്തിന്റെ പേരിൽ ഇന്നോളം കുടിയൊഴിഞ്ഞുപോകേണ്ടി വന്നവരിൽ 45 ശതമാനവും ആദിവാസി വിഭാഗങ്ങൾ തന്നെയാണ്.  പ്രകൃതി വിഭവങ്ങളാൽ സമ്പന്നരായിരുന്ന ഒരു ജനത, ഇന്ന് നിത്യവൃത്തിക്കായി, സർക്കാർ സൗജന്യങ്ങൾക്കായി കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണ്. അതിനെതിരായ ചലനങ്ങളെയെല്ലാം തടയാൻ ലോകത്തൊരിടത്തും കാണാത്ത രീതിയിലുള്ള സൈനിക-പോലീസ് സാന്നിധ്യമാണ് ദണ്ഡകാരണ്യ മേഖലയിലുള്ളത്. ഈ സാഹചര്യത്തിലാണ് അവിടെ മാവോയിസ്റ്റുകൾ പിടിമുറുക്കിയത്. പക്ഷേ ഓരോ അക്രമം കഴിയുമ്പോഴും ആദിവാസികളും സ്ത്രീകളും കഠിനമായി ആക്രമിക്കപ്പെടുമെന്നതാണ് യാഥാർത്ഥ്യം. ഛത്തീസ്ഢിൽ ഇപ്പോൾ തന്നെ ആയിരക്കണക്കിന് ആദിവാസികൾ ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ പോലീസ് ഭീകരത വർധിക്കുമെന്നുറപ്പ്. കൂടുതൽ പേർ ജയിലിൽ അടക്കപ്പെടും. കൂടുതൽ സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടും. 
കുറെ കാലം ഇത്തരത്തിൽ പിടിച്ചുനിൽക്കാൻ മാവോയിസ്റ്റുകൾക്ക് കഴിയുമായിരിക്കും. എന്നാൽ ലോകത്തെ തന്നെ വലിയൊരു സൈനിക ശക്തിയായ ഇന്ത്യൻ പട്ടാളത്തിനു മുന്നിൽ ഏതു നിമിഷവും തുടച്ചുമാറ്റപ്പെടാവുന്ന ശക്തി മാത്രമാണവർ. ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ നിലനിൽക്കേണ്ടത് ഒരു പരിധിവരെ ഭരണകൂടത്തിനും ആവശ്യമായതുകൊണ്ടാണ് ഒരു വൻ അക്രമണം നടക്കാത്തത്. മോഡി ഭരണത്തിൽ ഒരുപക്ഷേ അതും സംഭവിക്കാം. അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഒരു ഭരണകൂടത്തെ നേരിടാനാകുക ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ്. ആ ദിശയിലേക്ക് തങ്ങളുടെ രാഷ്ട്രീയത്തേയും സംഘടനയേയും മാറ്റിയെടുക്കാനാണ് ഈയവസരത്തിൽ മാവോയിസ്റ്റുകൾ ശ്രമിക്കേണ്ടത്. സായുധമായി നേടുന്ന അധികാരം നിലനിർത്താനും ആയുധം കൊണ്ടേ കഴിയൂ എന്നും അതിനേയും തകർക്കുന്ന ശക്തിയാണ് ജനശക്തിയെന്നുമുള്ള ചരിത്ര പാഠമാണ് ഈയവസരത്തിൽ പ്രസക്തം.
 

Latest News