Sorry, you need to enable JavaScript to visit this website.

ത്രിപുര ട്രൈബല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യത്തിനും കനത്ത തോല്‍വി

അഗര്‍ത്തല- ത്രിപുരയില്‍ നടന്ന ട്രൈബല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കും സഖ്യത്തിനും കനത്ത പരാജയം. പുതുതായി രൂപീകരിച്ച ഇന്‍ഡിജനസ് പ്രോഗ്രസീവ് റീജനല്‍ അലയന്‍സ് (ടി.ഐ.പി.ആര്‍.എ) ആണ് വിജയിച്ച് വന്‍ മുന്നേറ്റം നടത്തിയത്. ത്രിപുര ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആകെ 28 സീറ്റില്‍ 18ഉം ഈ പാര്‍ട്ടി നേടി. ബിജെപിക്കും സഖ്യത്തിനും ആകെ ലഭിച്ചത് ഒമ്പത് സീറ്റ് മാത്രം. ഒരു സീറ്റില്‍ സ്വതന്ത്രനും ജയിച്ചു. ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. 

മുന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ഇടതു പക്ഷത്തിനും കോണ്‍ഗ്രസിനും ഒരു സീറ്റു പോലും നേടാനായില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് സെപ്തംബറില്‍ രാജിവച്ച ത്രിപുര രാജകുടുംബാംഗം കൂടിയായ പ്രദ്യോത് മാണിക്യ ദേബ് ബര്‍മനാണ് ഇന്‍ഡിജനസ് പ്രോഗ്രസീവ് റീജനല്‍ അലയന്‍സ് എന്ന പുതിയ കക്ഷിക്ക് രൂപം നല്‍കിയത്.

ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലില്‍ 30 സീറ്റുകളാണ് ഉള്ളത്. ഇവയില്‍ 28 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. രണ്ട് സീറ്റിലേക്ക് അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യും. സംസ്ഥാനത്തെ 20 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ത്രിപുര ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നത്. അവസാന തെരഞ്ഞെടുപ്പു നടന്ന 2015 മേയില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം 25 സീറ്റും നേടി തൂത്തുവാരിയിരുന്നു. 

2018ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ 20 നിയോജക മണ്ഡലങ്ങളിലും ജയിച്ചത് ബിജെപി-ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര സഖ്യമായിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴേക്കും ഈ സഖ്യത്തിന് ഈ മണ്ഡലങ്ങളില്‍ ഇപ്പോള്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 

സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉള്‍പ്പെടുന്ന മേഖലയാണ് ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ അധികാര പരിധി. ഗോത്ര വിഭാഗങ്ങള്‍ക്ക് സ്വയംഭരണാവകാശമുള്ള പ്രത്യേക മേഖലയാണിത്. ഗോത്ര സംസ്‌കാരവും ആചാരങ്ങളും സ്വത്വവും സംരക്ഷിക്കുന്നതിന് പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക നിയമപ്രകാരം രൂപീകരിച്ചതാണിത്. ഈ മേഖലയിലെ ഗോത്ര വര്‍ഗ വോട്ടര്‍മാരാണ് ത്രിപുരയിലെ പ്രബല രാഷ്ട്രീയ ശക്തി. ഇവരാണ് രാഷ്ട്രീയ കക്ഷികളുടെ ഭാവി തീരുമാനിക്കുന്നത്. സംസ്ഥാനത്തെ 40 ലക്ഷം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്നും ഗോത്രവിഭാഗക്കാരാണ്.
 

Latest News