Sorry, you need to enable JavaScript to visit this website.

ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി തെലങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

ഹൈദരാബാദ്- ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും, ആന്ധ്രാ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവുമായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള റെഡ്ഡി തെലങ്കാനയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. പിതാവിന്റെ ജന്മദിനമായ ജൂലൈ എട്ടിന് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അമ്മ വൈ.എസ് വിജയലക്ഷ്മിയുടെ ആശീര്‍വാദത്തോടെയാണ് ശര്‍മിളയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍. അതേസമയം സഹോദരനായ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ അയല്‍ സംസ്ഥാനത്തെ ശര്‍മിളയുടെ നീക്കങ്ങളോട് അകലം പാലിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഇതുവരെ ജഗന്‍ പ്രതികരിച്ചിട്ടില്ല. ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാന രൂപീകരിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജഗന്റെ പാര്‍ട്ടി മികച്ച പ്രകടനം നടത്തിയ ഖമ്മം ജില്ലയിലേക്ക് ഹൈദരാബാദില്‍ നിന്ന് വന്‍ കാര്‍ റാലിയായി എത്തി വെള്ളിയാഴ്ച ശര്‍മിള സങ്കല്‍പ സഭ എന്ന പേരില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു.

പാര്‍ട്ടിയുടെ പേര്, ചിഹ്നം, പതാക തുടങ്ങി എല്ലാം ജൂലൈ എട്ടിനു പ്രഖ്യാപിക്കും. 2023ല്‍ തെലങ്കാനയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് ലക്ഷ്യം. സിംഹം എപ്പോഴും ഒറ്റയ്ക്കാണ് വരുന്നതെന്ന രജനികാന്ത് ഡയലോഗുമായാണ് ശര്‍മിള തന്റെ രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചത്. താന്‍ ടിആര്‍എസിനോ ബിജെപിക്കോ കോണ്‍ഗ്രസിനോ വേണ്ടിയല്ല രംഗത്തെത്തിയിരിക്കുന്നതെന്നും ഈ മൂന്ന് പാര്‍ട്ടികളേയും ലക്ഷ്യം അമ്പായിരിക്കും തന്റെ പാര്‍ട്ടിയെന്നും ശര്‍മി വ്യക്തമാക്കി. തൊഴിലില്ലാത്ത യുവാക്കള്‍ക്കു വേണ്ടി ഏപ്രില്‍ 15ന് ശര്‍മിള മൂന്നു ദിവസം നിരാഹാര സമരം നടത്താനിരിക്കുകയാണ്. 1.91 ലക്ഷം ഒഴിവുകള്‍ നികത്തി ടിആര്‍എസ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കണമെന്നാണ് ആവശ്യം. 

ആന്ധ്രാ വിഭജനത്തോടെ പൊളിഞ്ഞു പാളീസായ കോണ്‍ഗ്രസിന്റെ പ്രബല വോട്ട് ബാങ്കായിരുന്ന റെഡ്ഡി വിഭാഗത്തിന്റെ പിന്തുണ ശര്‍മിളയ്ക്കും അവരുടെ പാര്‍ട്ടിക്കും ലഭിച്ചേക്കുമെന്നാണ് നിരീക്ഷണം. പിതാവ് രാജശേഖര റെഡ്ഡിയെ പിന്തുണച്ചിരുന്ന എസ് സി, എസ് ടി വിഭാഗവും ശര്‍മിളയെ പിന്തുണച്ചേക്കാം. 

കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അധികാരത്തില്‍ തുടരുന്ന ടിആര്‍എസിനെ വെല്ലാം കരുത്തുറ്റ പ്രതിപക്ഷം പോലും തെലങ്കാനയില്‍ ഇല്ല. ഈ രാഷ്ട്രീയ വിടവ് നികത്താന്‍ ബിജെപി നീക്കങ്ങള്‍ നടത്തി വരുന്നതിനിടെയാണ് പുതിയൊരു രാഷ്ട്രീയ ശക്തിയായി ശര്‍മിളയുടെ രംഗപ്രവേശം.
 

Latest News